
കല്യാണി പ്രിയദർശൻ നായികയായി എത്തി മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'ലോക ചാപ്റ്റർ 1: ചന്ദ്ര'. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ 260 കോടിക്ക് മുകളിലാണ് കളക്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന തോന്നൽ തനിക്കുണ്ടായി എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കല്യാണി പ്രിയദർശൻ.
"ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്ന് ഞാനാലോചിച്ചു . കാരണം ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയം അച്ഛന്‍ എനിക്കൊരു ഉപദേശം തന്നു. 'ചിത്രം' സിനിമ 365 ദിവസം തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നപ്പോള്‍ താന്‍ വിചാരിച്ചു എല്ലാം നേടിയെന്ന്. എന്നാല്‍ അതിന് ശേഷം കിലുക്കം റിലീസ് ചെയ്തു. ഇതാണ് ഏറ്റവും വലിയ വിജയമെന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം’ എന്നാണ് അച്ഛന്‍ പറഞ്ഞത്. അച്ഛന്റെ വാക്കുകള്‍ എനിക്കേറെ പ്രചോദനമായി." ലോക സക്സസ് ഇവന്റിനിടെയായിരുന്നു കല്യാണിയുടെ പ്രതികരണം.
അതേസമയം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ലോക പ്രദർശനം തുടരുകയാണ്. ഇന്ത്യൻ സിനിമയിലെ ഒരു ഫീമെയിൽ സെൻട്രിക് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് കൂടിയാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതിയോടെ എത്തിയ ലോക കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രത്തിൽ നസ്ലെനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. സാൻഡി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കൂടാതെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ തുടങ്ങിയവരും കാമിയോ റോളിൽ ചിത്രത്തിലെത്തുന്നു. ചിത്രത്തിൻറെ അടുത്ത ഭാഗം ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ചാത്തന്മാരുടെ കഥയാണ് പറയുന്നത്. ലോക ആദ്യ ഭാഗം അവസാനിക്കുന്നത് ചാത്തന്റെ ഇൻട്രോയോട് കൂടിയാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ