
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ മോഹന്‍ലാല്‍ ചിത്രം തുടരും ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. തിയറ്റര്‍ റിലീസിന്‍റെ 36-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. ഏപ്രില്‍ 25 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.
വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തിയ ചിത്രമായിരുന്നു ഇത്. അങ്ങനെ പറയുമ്പോഴും റിലീസിന് മുന്‍പ് നല്‍കിയ അപൂര്‍വ്വം അഭിമുഖങ്ങളില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും എന്തൊക്കെ പ്രതീക്ഷിക്കരുതെന്നും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി കൃത്യമായി പറഞ്ഞിരുന്നു. ഫീല്‍ ഗുഡ് അല്ലാത്ത ഒരു ഫാമിലി ഡ്രാമ എന്ന് ചുരുങ്ങിയ വാക്കുകളിലാണ് ചിത്രത്തിന്‍റെ ജോണറിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത്. ഇത്ര കുറവ് ഇന്‍ഫര്‍മേഷന്‍ മാത്രമേ റിലീസിന് മുന്‍പ് കാണികള്‍ക്ക് ലഭിച്ചിരുന്നുള്ളൂ എന്നതിനാല്‍ ചിത്രത്തിന്‍റെ ആദ്യ കാണികള്‍ക്ക് ലഭിച്ചത് വന്‍ സര്‍പ്രൈസ് ആണ്. ആദ്യ ഷോകള്‍ക്കിപ്പുറം മസ്റ്റ് വാച്ച് എന്ന് ചിത്രത്തെക്കുറിച്ച് ഒരേ സ്വരത്തില്‍ കാണികള്‍ പറഞ്ഞു. സമീപകാലത്ത് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച അഭിപ്രായമാണ് തുടരുമിന് ലഭിച്ചത്. തിയറ്ററുകളില്‍ പിന്നീട് നടന്നത് ചരിത്രം.
എമ്പുരാന് തൊട്ടുപിന്നാലെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മോഹന്‍ലാല്‍ ചിത്രമായി തുടരും മാറി. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ഗ്രോസും 50 കോടിയിലേറെ ഷെയറും നേടിയ ചിത്രവും ഇത് തന്നെയാണ്. ഒടിടി റിലീസിന് തൊട്ടുമുന്‍പുള്ള ഞായറാഴ്ചയും ചിത്രം കേരളത്തില്‍ നിന്ന് ഒരു കോടിയിലേറെ കളക്ഷന്‍ നേടിയിരുന്നു. ഒരുപക്ഷേ പുലിമുരുകന് ശേഷം ആബാലവൃദ്ധം ജനങ്ങളും തിയറ്ററുകളിലേക്ക് എത്തുന്ന കാഴ്ച കാട്ടിത്തന്നത് ഈ ചിത്രമാണ്. ഒടിടി റിലീസ് കുറച്ചുകൂടി നീട്ടിവച്ചിരുന്നെങ്കില്‍ എന്ന അഭിപ്രായം ഇപ്പോഴും തിയറ്ററുകാര്‍ക്ക് ഉണ്ട്.
ക്രിയേറ്റീവ് ആയ പ്രൊഡ്യൂസര്‍ മികച്ച സിനിമകള്‍ക്ക് എത്രത്തോളം അത്യന്താപേക്ഷികമാണ് എന്നതിന്‍റെ തെളിവ് കൂടിയാണ് തുടരും. കെ ആര്‍ സുനില്‍ 12 വര്‍ഷം മുന്‍പ് പറഞ്ഞ കഥ ഇത്ര കാലം ഹോള്‍ഡ് ചെയ്ത് താന്‍ ഉദ്ദേശിച്ച രീതിയില്‍ത്തന്നെ സിനിമയായി ഇറക്കിയത് നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്തിന്‍റെകൂടി വിജയമാണ്.