കമൽഹാസന് ഈഗോ, ജനങ്ങളുടെ വികാരം വ്രണപ്പെടുത്തരുതെന്ന് ഹൈക്കോടതി; തഗ് ലൈഫ് ജൂൺ 5ന് കർണാടകയിൽ റിലീസ് ചെയ്യില്ല

Published : Jun 03, 2025, 03:26 PM ISTUpdated : Jun 03, 2025, 03:38 PM IST
കമൽഹാസന് ഈഗോ, ജനങ്ങളുടെ വികാരം വ്രണപ്പെടുത്തരുതെന്ന് ഹൈക്കോടതി; തഗ് ലൈഫ് ജൂൺ 5ന് കർണാടകയിൽ റിലീസ് ചെയ്യില്ല

Synopsis

മാപ്പ് എഴുതി നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സിനിമ മറ്റന്നാള്‍ കര്‍ണാടകയിൽ റിലീസ് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് കമൽഹാസൻ കോടതിയെ അറിയിക്കുകയായിരുന്നു

ബെംഗളൂരു: മണിരത്നം സംവിധാനം ചെയ്യുന്ന കമൽഹാസൻ നായകനായ തമിഴ് ഭാഷാ ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രം 'തഗ് ലൈഫ്' മറ്റന്നാള്‍ റിലീസ് ചെയ്യില്ല. തഗ് ലൈഫ് കര്‍ണാടകയിൽ നിരോധിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വാദത്തിനിടെ കമൽഹാസൻ മാപ്പ് എഴുതി നൽകണമെന്ന് കര്‍ണാടക ഹൈക്കോടതി ആവര്‍ത്തിച്ചു. മാപ്പ് എഴുതി നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സിനിമ മറ്റന്നാള്‍ കര്‍ണാടകയിൽ റിലീസ് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് കമൽഹാസൻ കോടതിയെ അറിയിച്ചു.

ഇതോടെ കേസ് ഇനി ജൂൺ 10ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ഹര്‍ജിയിൽ സംസ്ഥാന സർക്കാരിനും ഫിലിം ചേംബറിനും കോടതി നോട്ടീസ് അയച്ചു. ചില സമയത്ത് ധൈര്യം കാണിക്കുന്നതിനേക്കാൾ ബുദ്ധിപരമായ നീക്കം അപകടമൊഴിവാക്കലാണെന്ന് കര്‍ണാടക ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. ജൂണ്‍ അഞ്ചിനാണ് കമൽഹാസന്‍റെ ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കേസിൽ തീരുമാനമാകാത്തതിനാൽ കര്‍ണാടകയിൽ മാത്രം ഈ ദിവസം റിലീസുണ്ടാകില്ല.

ഉച്ചയ്ക്കുശേഷം കേസിൽ വാദം തുടര്‍ന്നപ്പോഴും മാപ്പപേക്ഷയ്ക്കായി നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്ന് കമൽഹാസന്‍റെ അഭിഭാഷകൻ വാദിച്ചു. തുടര്‍ന്ന് വിഷയത്തിൽ കമൽ ഹാസൻ ഫിലം ചേംബറുമായി ചര്‍ച്ച നടത്തട്ടെയെന്നും കേസിൽ അതിനുശേഷം വിധി പറയാമെന്നും കോടതി വ്യക്തമാക്കി.ഹര്‍ജി പരിഗണിച്ചപ്പോള്‍ കർണാടക ഫിലിം ചേംബറിന് നൽകിയ കത്ത് കമൽഹാസൻ കോടതിയിൽ സമർപ്പിച്ചു. കത്തിലെ വാചകങ്ങൾ പരിശോധിക്കണമെന്ന് കോടതിയോട് അഭിഭാഷകൻ അഭ്യർത്ഥിച്ചു. തുടര്‍ന്ന് ഇതിലൊരു വാചകമേ ചേർക്കണ്ടതുള്ളുവെന്ന് എന്ന് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.

കമൽഹാസന്‍റെ മാപ്പപേക്ഷ ഉദ്ദേശിച്ചായിരുന്നു കോടതി പരാമര്‍ശം. വളഞ്ഞ് മൂക്ക് പിടിക്കണ്ടെന്നും ഒരു കാര്യം പല തരത്തിൽ പറയാമെന്നും മാപ്പിന് ഒറ്റ വാക്കേ വേണ്ടുവെന്നും കോടതി വ്യക്തമാക്കി. കമൽഹാസൻ മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നമാണെന്ന രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പറഞ്ഞ കാര്യം കോടതി ആവര്‍ത്തിച്ചു. കന്നഡ ഭാഷയോടും കർണാടകക്കാരോടും സ്നേഹം മാത്രമേയുള്ളൂവെന്നാണ് കമൽ കത്തിലെഴുതിയെന്ന് അഭിഭാഷകൻ വാദിച്ചു.

എന്നാൽ, കമൽ ഹാസന് ഈഗോ ആണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഫിലിം ചേംബറിന് കമൽഹാസന് നൽകിയ മറുപടിക്കത്തിൽ മാപ്പ് എന്ന വാക്ക് കാണാനില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിങ്ങൾ കമൽഹാസനോ മറ്റാരോ ആകട്ടെയെന്നും ജനങ്ങളുടെ വികാരം വ്രണപ്പെടുത്തരുതെന്നും കോടതി മറുപടി നൽകി. കന്നഡയോട് സ്നേഹമുണ്ടെങ്കിൽ മാപ്പെന്ന ഒറ്റ വാക്കിൽ എല്ലാം അവസാനിപ്പിച്ചാലെന്താണെന്നും കോടതി ചോദിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്