
തുറമുഖം സിനിമ പല തവണ റിലീസ് നീട്ടിവെക്കാന്‍ കാരണം നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ടിന്‍റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചകളാണെന്ന് നായക കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളി തുറന്ന് പറഞ്ഞിരുന്നു. മുന്‍പ് പലകുറി ട്രെയ്‍ലര്‍ പുറത്തിറക്കുകയും റിലീസ് തീയതി പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തപ്പോള്‍ ചിത്രം ഉടന്‍ വരില്ലെന്ന് നിര്‍മ്മാതാവിന് അറിയാമായിരുന്നുവെന്നും നിവിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ തുറമുഖവുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പറയുകയാണ് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട്.
തുറമുഖം നിര്‍മ്മാതാവ് പറയുന്നു
തുറമുഖം സിനിമ നിങ്ങൾക്കറിയാവുന്നതുപോലെ ഇന്ന് നിങ്ങൾക്ക് മുൻപിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്.
എല്ലാവരും തീയറ്ററിൽ തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു. രാജീവേട്ടൻ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് തുറമുഖം എന്നാണ് എന്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസങ്ങളുടെയും ഒറ്റപെടലിന്റെയും വേദന അങ്ങേയറ്റം ഞാൻ കഴിഞ്ഞ നാലു വർഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. പല പ്രാവശ്യം സിനിമ റിലീസിന് തയ്യാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതിൽ സ്ഥാപിത താല്പര്യക്കാരായ ചിലർ ഉണ്ടായിരുന്നു എന്നും അവർ അതിന് അപ്പോഴെല്ലാം ബോധപൂർവ്വം തടസ്സം നിന്നു എന്ന് തന്നെ പറയേണ്ടിവരും. ഞാൻ ആർജ്ജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോൾ ആരുടെയും പേരെടുത്ത് പറയുന്നില്ല.
ഓരോ ഘട്ടത്തിലും ട്രൈലറിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെയും താഴെ തനിക്കു സിനിമ നിർമ്മിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കിൽ ഈ പണി നിർത്തി പോടാ എന്ന് പല തരം ഭാഷകളിൽ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ. എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേൽക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസ്സിൽ കിടന്നുറങ്ങാൻ ഇടമില്ലാത്ത കാലത്തു സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാൻ പോലും പൈസയില്ലാതെ പഴയൊരു സ്‌പ്ലെണ്ടർ ബൈക്കുമായി സിനിമയുടെ എക്സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയിൽ ഞാൻ പരമാവധി ആളുകളെ സഹായിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികൾ മാത്രം കിട്ടിയിട്ടുമുണ്ട്. തുറമുഖം പോലൊരു സിനിമ ചെയ്യാൻ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോൾ പലർക്കും കൊടുക്കാനുള്ള പൈസ കൊടുക്കാൻ ആവാത്ത സാഹചര്യത്തിൽ ചില ചെറിയ കള്ളങ്ങൾ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കൽ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്.
വേദനയുടെ വല്ലാത്ത തീച്ചൂളയിൽ നിന്ന് കാലും കൈയ്യും വെന്തുരുകുമ്പോഴും, മനസ്സ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേർത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത് പറയുന്നില്ല. അവരോട് നന്ദി പറയാൻ ഭാഷകളില്ല, അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും. സിനിമയിൽ തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ.
തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി
സുകുമാർ തെക്കേപ്പാട്ട്
ALSO READ : ബോക്സ് ഓഫീസില്‍ ഫുള്‍ സ്റ്റോപ്പ് ഇല്ലാതെ 'രോമാഞ്ചം'; ഒരു മാസം കൊണ്ട് നേടിയത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ