'അജഗജാന്തര'ത്തിന്‍റെ 50 ദിനങ്ങള്‍; നന്ദി അറിയിച്ച് ടിനു പാപ്പച്ചന്‍

Published : Feb 03, 2022, 10:15 PM IST
'അജഗജാന്തര'ത്തിന്‍റെ 50 ദിനങ്ങള്‍; നന്ദി അറിയിച്ച് ടിനു പാപ്പച്ചന്‍

Synopsis

ക്രിസ്‍മസ് റിലീസ് ആയി ഡിസംബര്‍ 23നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ തിയറ്ററുകള്‍ തുറന്നപ്പോള്‍ പ്രേക്ഷകരെ അവിടേയ്ക്ക് തിരികെയെത്തിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്‍ത അജഗജാന്തരം (Ajagajantharam). ആന്‍റണി വര്‍ഗീസ് നായകനായ ചിത്രം തിയറ്ററുകളില്‍ തന്നെ കാണേണ്ട ഒരു ഓഡിയോ വിഷ്വല്‍ അനുഭവം എന്ന നിലയ്ക്കാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഒരു ഉത്സവപ്പറമ്പില്‍ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങളും സംഘട്ടന രംഗങ്ങളുമൊക്കെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രം 50-ാം ദിനത്തിലേക്ക് അടുക്കുമ്പോള്‍ വിജയത്തിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ടിനു പാപ്പച്ചന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ടിനുവിന്‍റെ കുറിപ്പ്.

ടിനു പാപ്പച്ചന്‍ പറയുന്നു

പ്രിയപ്പെട്ടവരെ, അജഗജാന്തരം എന്ന എന്‍റെ സിനിമ വൻ വിജയമാക്കിയ എല്ലാവർക്കും ഒരായിരം നന്ദി. വളരെയധികം പ്രതിസന്ധികൾ തരണം ചെയ്താണ് ഈ സിനിമ തിയറ്ററിൽ എത്തിച്ചത്. തിയറ്ററുകളിൽ ഈ സിനിമയ്ക്ക് നിങ്ങൾ നൽകിയ ആഘോഷപൂർവ്വമായ വരവേൽപ്പ് എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. കഴിഞ്ഞ രണ്ടു വർഷത്തെ യാത്രയിൽ ഞാൻ നേരിടേണ്ടിവന്ന എല്ലാ ബുദ്ധിമുട്ടുകളും സന്തോഷം ആയി മാറിയത് ഈ സിനിമ പ്രേക്ഷകർ ഹൃദയപൂർവം  സ്വീകരിച്ചപ്പോഴാണ്. മൾട്ടിപ്ലെക്‌സ്‌  തിയറ്ററുകൾക്കു പുറമെ അജഗജാന്തരം ഇപ്പോഴും കുറച്ചധികം സിംഗിൾ സ്‌ക്രീനുകളിലും പ്രദർശനം തുടരുന്നു എന്നത് വല്ലാത്ത സന്തോഷം തരുന്ന അനുഭവമാണ്. ഞാനിപ്പോഴും എന്‍റെ പ്രേക്ഷകരുടെ ഹൃദയത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന വിശ്വാസം, ഈ വിജയം എന്നെ വീണ്ടും ബോധ്യപ്പെടുത്തുന്നു. അത് തന്നെയാണ് ഇനിയും മുമ്പോട്ടു പോകുവാനുള്ള എന്‍റെ പ്രചോദനം. ഈ യാത്രയ്ക്കിടയിൽ എന്‍റെയൊപ്പം ചേർന്നുനിന്ന എന്‍റെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, അഭിനേതാക്കൾ, എന്‍റെ ഗുരുനാഥൻ, അതോടൊപ്പം മറക്കാനാവാത്ത രണ്ടു പേരുകൾ- ഇമ്മാനുവേൽ ജോസഫ്, അജിത്തേട്ടൻ- എല്ലാവരോടും എന്‍റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി. എല്ലാവരോടും മനസ്സ് നിറയെ ഒരുപാട് സ്നേഹം.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ