'ബറോസ് നല്ലൊരു സിനിമയാകും എന്നതിന് യാതൊരു സംശയവും ഇല്ല': ടി കെ രാജീവ് കുമാർ

By Web TeamFirst Published Nov 10, 2022, 6:06 PM IST
Highlights

അഭ്യാസം തികഞ്ഞൊരു സംവിധായകൻ തന്നെയാണ് മോഹൻലാൽ എന്നും നല്ലൊരു സിനിമയായിരിക്കും ബറോസ് എന്നതിന് തനിക്ക് യാതൊരു സംശയവും ഇല്ലെന്നും ടി കെ രാജീവ് കുമാർ പറഞ്ഞു.

ലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ബറോസിനെ കുറിച്ച് സംവിധായകൻ ടി കെ രാജീവ് കുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

അഭ്യാസം തികഞ്ഞൊരു സംവിധായകൻ തന്നെയാണ് മോഹൻലാൽ എന്നും നല്ലൊരു സിനിമയായിരിക്കും ബറോസ് എന്നതിന് തനിക്ക് യാതൊരു സംശയവും ഇല്ലെന്നും ടി കെ രാജീവ് കുമാർ പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

"ലാൽ സാറിന്റെ ഇത്രയും നാളത്തെ എക്സ്പീരിയൻസ്. സിനിമയുടെ ഒരുകാലം തൊട്ടുള്ള എല്ലാ വളർച്ചയിലൂടെയും കടന്നുവന്ന, പല ടെക്നീഷ്യൻമ്മാരുടെയും സംവിധായകരുടെയും കൂടെ വർക്ക് ചെയ്തൊരാൾ എന്ന നിലയ്ക്ക് പുള്ളി അഭ്യാസം തികഞ്ഞൊരു സംവിധായകൻ തന്നെയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ബറോസ് എന്നതാണ് നമുക്കുള്ള കൗതുകം. അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു ആദ്യ സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വളരെ മനോഹരമായാണ് അദ്ദേഹം സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്. നല്ലൊരു സിനിമയായിരിക്കും ബറോസ് എന്നതിന് എനിക്ക് യാതൊരു സംശയവും ഇല്ല", എന്ന് ടി കെ രാജീവ് കുമാർ പറഞ്ഞത്.  

അതേസമയം, അവതാര്‍ 2നൊപ്പം ബറോസ് ട്രെയിലർ അവതരിപ്പിക്കാനുള്ള സാധ്യതയെ കുറിച്ച് മോഹൻലാൽ അടുത്തിടെ പറഞ്ഞിരുന്നു. ബറോസിന്‍റെ ഷൂട്ടിംഗും എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്പെഷല്‍ എഫക്റ്റ്സ് ചെയ്യാനുണ്ട്. ഒരു തായ്ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ്. അവതാര്‍ 2 നൊപ്പം ബറോസിന്‍റെ ട്രെയ്‍ലര്‍ കാണിക്കാന്‍ സാധിക്കട്ടെ. ഇന്ത്യന്‍ ഭാഷകളിലെല്ലാം ചിത്രം എത്തുമെന്നുമാണ് മോഹൻലാൽ പറഞ്ഞത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. 

ബറോസ് പോലൊരു സിനിമ ഇന്ത്യയിൽ ആദ്യമായിരിക്കുമെന്നാണ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. പ്രേക്ഷകർ എങ്ങനെ സിനിമയെ കാണുന്നു എന്നത് വളരെ ചലഞ്ചിങ്ങാണ്. നല്ലൊരു സിനിമയാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. 

'അത് അപക്വമായ തീരുമാനമായി പോയി': 'കാന്താര'യിലെ ബോഡി ഷെയ്മിങ്ങിനെ കുറിച്ച് മഞ്ജു പത്രോസ്

click me!