Asianet News MalayalamAsianet News Malayalam

'അത് അപക്വമായ തീരുമാനമായി പോയി': 'കാന്താര'യിലെ ബോഡി ഷെയ്മിങ്ങിനെ കുറിച്ച് മഞ്ജു പത്രോസ്

രണ്ട് ദിവസം മുമ്പാണ് കാന്താര കണ്ടതെന്നും ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളിൽ തങ്ങിനിൽക്കുന്നുവെന്നും മഞ്ജു പത്രോസ് കുറിക്കുന്നു.

actress Manju Pathrose talk about kantara movie body shaming scene
Author
First Published Nov 10, 2022, 5:05 PM IST

മീപകാലത്ത് തെന്നിന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകനായി എത്തിയത്. കന്നഡയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന്‍റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്. ഭാ​ഷാഭേദമെന്യേ നിരവധി പേരാണ് കാന്താരയെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ നടി മഞ്ജു പത്രോസ് ചിത്രത്തെ കുറിച്ച് പങ്കുവച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്. 

രണ്ട് ദിവസം മുമ്പാണ് കാന്താര കണ്ടതെന്നും ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളിൽ തങ്ങിനിൽക്കുന്നുവെന്നും മഞ്ജു പത്രോസ് കുറിക്കുന്നു. സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ നടി, വിഷമം തോന്നിയ ഒരു രംഗത്തെക്കുറിച്ചും കുറിക്കുന്നു. ചിത്രത്തിലെ ഒരു കഥാപാത്രം ബോഡിഷെയ്മിങ്ങിന് വിധേയമാകുന്നുണ്ടെന്നാണ് മഞ്ജു ചൂണ്ടി കാണിക്കുന്നത്. ഇത്ര മനോഹരമായ ചിത്രത്തിൽ ഇങ്ങനെയൊരു സീൻ ഉൾപ്പെടുത്തിയത് വളരെ അപക്വമായ തീരുമാനമായി പോയെന്നും മഞ്ജു കുറിക്കുന്നു.

മഞ്ജു പത്രോസിന്റെ വാക്കുകൾ ഇങ്ങനെ

കാന്താര.. രണ്ടു ദിവസം മുൻപ് പോയി ഞാനും എൻ്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു.. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളിൽ തങ്ങിനിൽക്കുന്നു... ഒരു drama thriller..Rishab Shetty "ശിവ"ആയി ആടി തിമിർത്തിരിക്കുന്നു.. അദ്ദേഹം തന്നെയാണ് അതിൻറെ കഥ തിരക്കഥ സംവിധാനം എന്നുകൂടി കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി.. ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂർ ശിവയായി വന്ന Rishab കോരിത്തരിപ്പ് ഉണ്ടാക്കി. ശ്വാസം അടക്കിപ്പിടിച്ച് കാണികൾ അത് കണ്ടു തീർക്കും.. തീർച്ച... സിനിമയുടെ എല്ലാ വശങ്ങളും കഥ തിരക്കഥ സംവിധാനം സിനിമാട്ടോഗ്രാഫി കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ എല്ലാം എല്ലാം എടുത്തു പറയാതെ വയ്യ...ഇത്രയും മനോഹരമായ ഒരു സിനിമയിൽ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി.. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്.. പക്ഷേ എഴുതാതെ വയ്യ.. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു.. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിൻറെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു.. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിൻറെ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്.. അദ്ദേഹത്തിൻറെ മുഖത്ത് അപ്പോൾ അല്പം ഈർഷ്യ പടരുന്നു.. എന്നിട്ട് അദ്ദേഹത്തിൻറെ ഭാര്യയെ നോക്കുന്നു.. അവർ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്കളങ്കമായിചിരിച്ചു കാണിക്കുന്നു ... അവരുടെ അല്പം ഉന്തിയ പല്ലുകൾ സിനിമയിൽ അവിടെ കെട്ടിയിരിക്കുന്ന പോത്തിൻ്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു.,. ഇത് കണ്ടതും കാണികൾ തീയറ്ററിൽ പൊട്ടിച്ചിരിക്കുന്നു... എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കൺവേ ചെയ്യുന്നത്... ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്... അത് അപക്വമായ ഒരു തീരുമാനമായി പോയി... ഇത്രയും മനോഹരമായ ഒരു സിനിമയിൽ അതൊരു ചെറിയ ഭാഗമല്ലേ അതിത്രമാത്രം പറയാനുണ്ടോ എന്ന് നിങ്ങളിൽ പലരും ചോദിക്കും... ശരിയാണ്...അതൊരു ചെറിയ ഭാഗമാണ് പക്ഷേ അതൊരു ചെറിയ സംഗതിയല്ല... ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അത് കണ്ട് ചിരിച്ചവരും മനസ്സിലാക്കണം ശരീരം ഒരു തമാശയല്ല അത് ഒരു വ്യക്തിയുടെ സ്വന്തമാണ് അതിൽ നോക്കി ചിരിക്കാൻ അതിനെ കളിയാക്കാൻനമുക്ക് ആർക്കും അവകാശമില്ല.. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താൻ നമുക്ക് ആർക്കും അവകാശമില്ല സുഹൃത്തുക്കളെ...

ബോളിവുഡിനെ വീണ്ടും ഞെട്ടിച്ച് തെന്നിന്ത്യ; ബോക്സ് ഓഫീസിൽ 100 കോടി ലക്ഷ്യവുമായി 'കാന്താര'

Follow Us:
Download App:
  • android
  • ios