'വേഗം വാ, തുടങ്ങാറായി'; 'ചിത്രം' ദൂരദര്‍ശനില്‍ വന്നപ്പോള്‍ ട്യൂഷന്‍ ക്ലാസില്‍ വിളിച്ചു പറഞ്ഞ അച്ഛന്‍

Published : Sep 25, 2025, 07:55 PM IST
to mohanlal letter to the complete actor by Anand Patel

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വായനക്കാര്‍ മോഹൻലാല്‍ അനുഭവങ്ങള്‍ പങ്കുവയ്‍ക്കുന്നു 

മലയാളത്തിന്‍റെ മോഹന്‍ലാല്‍, എന്ന് ഒരു സിനിമയുടെ ടൈറ്റിലില്‍ ആദ്യമായി ഉപയോഗിച്ചത് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മോഹന്‍ലാലിനൊപ്പം ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തില്‍. തലമുറകളുടെ ഇഷ്ടം തന്നിലേക്ക് ഒഴുകുന്നത് കാണാന്‍ മോഹന്‍ലാലിനോളം ഭാഗ്യമുണ്ടായ അധികം നടന്മാര്‍ ഉണ്ടായി. അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്നത് തങ്ങളുടെ അങ്ങേയറ്റം വ്യക്തിപരമായ അനുഭവങ്ങളുടെ ഒരു പൂക്കൂട പോലെയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പുരസ്കാരമായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന്‍റെ നിറവില്‍ നില്‍ക്കുന്ന തങ്ങളുടെ പ്രിയ താരത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വായനക്കാര്‍ എഴുതുകയാണ്. അച്ഛനില്‍ നിന്ന് തനിക്ക് പകര്‍ന്നുകിട്ടിയ മോഹന്‍ലാല്‍ പ്രിയത്തെക്കുറിച്ച് എഴുതുകയാണ് ആനന്ദ് പട്ടേല്‍.

ആനന്ദ് പട്ടേല്‍ എഴുതുന്നു

എന്നാണ് മോഹൻലാൽ ഇഷ്ടം മനസ്സിൽ കയറിക്കൂടിയത് എന്നോർമയില്ല. ഉണ്ണികളേ ഒരു കഥ പറയാം ആകാം ആദ്യം തിയറ്ററില്‍ കണ്ട മോഹൻലാൽ ചിത്രം. ആര്യനും നാടുവഴികളും കിരീടവും വന്ദനവും എല്ലാം വന്ന 1989 ആണ് മോഹൻലാലിനെ മനസ്സിൽ കുടിയിരുത്തിയത്. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ അതിഥി വേഷത്തിൽ മോഹൻലാൽ ഉണ്ടെന്ന വാർത്ത ഒരു ഒൻപത് വയസ്സുകാരനെ ആവേശം കൊള്ളിക്കണമെങ്കിൽ അതിനും ഒരുവർഷം മുൻപ് മാത്രം സിനിമ കണ്ടു തുടങ്ങിയ ആ കുട്ടിയിൽ അയാൾ അത്രത്തോളം സ്വാധീനം ചെലുത്തി കാണണം. പക്ഷെ ആ ഇഷ്ടത്തിന്റെ വേരുകൾ തീർച്ചയായും അച്ഛനിൽ നിന്നായിരുന്നു. മോഹൻലാലിനെക്കാൾ മുകളിൽ അച്ഛൻ സിനിമയിൽ ആരാധിച്ചിരുന്നത് പ്രേം നസീറിനെ മാത്രം ആയിരിക്കാം. പ്രേം നസിർ മലയാള സിനിമയിൽ തുടങ്ങിവച്ച ജനപ്രിയ സിനിമകളുടെ റിഫൈന്‍ഡ് ആയ അപ്ഗ്രേഡഡ് വേർഷൻ മോഹൻലാലിലൂടെ കണ്ട ഇഷ്ടത്തിൽ ഉണ്ടായ സ്വഭാവികമായ പരിണാമം ആകാം. എന്തായാലും മോഹൻലാലിനെ അച്ഛന് ഒരുപാടിഷ്ടം ആയിരുന്നു. അച്ഛന്റെ ഇഷ്ടം എന്റെയും ഇഷ്ടമായി.

സിനിമകൾ കാണുംതോറും ആ ഇഷ്ടം വളർന്നു. അച്ഛനോടും അമ്മയോടും അനിയത്തിയോടും ഒരുമിച്ചായിരുന്നു ആ സമയത്തെ സിനിമാ കാഴ്ചകൾ എല്ലാം. ആദ്യം ഒരു തവണ ഒറ്റയ്ക്ക് സിനിമ കണ്ട് ഇഷ്ടപ്പെടുന്ന സിനിമകൾ വീണ്ടും ഞങ്ങളെ കൂട്ടി പോയി കാണുമായിരുന്നു അച്ഛന്‍. ചിത്രം സിനിമ ദൂരദർശനിൽ വന്നപ്പോൾ ട്യൂഷൻ ക്ലാസ്സിൽ വിളിച്ചു പറഞ്ഞു എന്നെ നേരത്തെ വിടാൻ ഉള്ള അനുവാദം നൽകിയ അച്ഛൻ. ഞാൻ വരുന്നതും കാത്ത് വീടിനു മുന്നിൽ നിന്നത്. “വേഗം വാ തുടങ്ങാറായി‘ , അച്ഛൻ എന്നിലേക്ക് സിനിമാ സ്നേഹവും മോഹൻലാൽ സ്നേഹവും അറിയാതെ പകർന്നു തന്ന നിമിഷങ്ങൾ. ഏറ്റവും ആവേശം കൊള്ളിച്ച എന്റർടെയ്നറായ മോഹൻലാലിനും അപ്പുറം ഇന്ത്യൻ സിനിമയെ തന്നെ വിസ്മയിപ്പിച്ച ആ അഭിനയ മികവിനെ കണ്ട് അത്ഭുതപ്പെട്ടു തുടങ്ങുന്നത് ഭരതം, കമലദളം ഒക്കെ മുതൽ ആകാം. ആവേശകഴ്ചകൾക്കുമപ്പുറം അയാളിലെ പ്രകടന പരകായ പ്രവേശം കണ്ട് അന്തംവിട്ടത് ഇരുവർ കണ്ടാണ്.

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച പെർഫോമൻസുകളുടെ മുന്നിൽ തന്നെ കാണും ഇരുവരിലെ ആനന്ദൻ. മെത്തേഡ് ആക്ടിംഗിന്‍റെയും നാച്ചുറൽ ആക്ടിംഗിന്‍റെയും അത്ഭുതകരമായ ബ്ലെൻഡിംഗ് ഇതുപോലെ ഉണ്ടായ അധികം പ്രകടനങ്ങൾ കാണില്ല. അവിടം മുതൽ മോഹൻലാലിലെ അഭിനേതാവ് നടത്തുന്ന/ നടത്തിയിരുന്ന സൂക്ഷ്മമായ അഭിനയ രീതികളും അയാളിലെ എന്‍റര്‍ടെയ്നറിനോളം തന്നെ കൗതുകത്തോടെ കണ്ടു തുടങ്ങി.

മോഹൻലാൽ മുഖചിത്രമായ സിനിമാ മാസികകൾ അച്ഛന്‍ വാങ്ങി വരുമായിരുന്നു. പരീക്ഷ സമയങ്ങളിൽ അത് മറ്റെവിടെയെങ്കിലും മാറ്റി വച്ചു പിന്നീട് മാത്രമേ തരുമായിരുന്നുള്ളൂ. പിന്നീട് മുതിർന്നപ്പോൾ, എനിക്ക് ജോലി ഒക്കെ ആയപ്പോൾ രണ്ടു പേരും പരസ്പരം ഫോൺ ചെയ്ത് ചോദിക്കും, മാഗസിൻ വാങ്ങുന്നുണ്ടോ എന്ന്. മോഹൻലാൽ സിനിമകൾ മോശമായി എന്ന ന്യൂസ്‌ കേട്ട് അത് അച്ഛനോട് പറഞ്ഞാൽ ദേഷ്യപ്പെടുമായിരുന്നു. എന്നാൽ നീ വരണ്ട, ഞാൻ ഒറ്റയ്ക്ക് പോയി കണ്ടോളാം എന്നാകും എന്നോട് പറയുക. അത്രത്തോളം ആയിരുന്നു അച്ഛന്റെ മോഹൻലാൽ ഇഷ്ടം. രസതന്ത്രം ആണ് അച്ഛനോട് ഒരുമിച്ച് കണ്ട അവസാന മോഹൻലാൽ ഫിലിം. ആദ്യം അച്ഛൻ കണ്ടിട്ട് പിന്നീട് ഞങ്ങൾ ഒരുമിച്ച് പോയി വീണ്ടും കാണുകയായിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോൾ അച്ഛൻ ഞങ്ങളെ വിട്ടു പോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത, അമ്പരന്ന് പോയ വിടവാങ്ങൽ.

കീർത്തിചക്രയുടെ അപ്രതീക്ഷിത വിജയത്തിന്റെ വാർത്തകൾ കാണ്ടപ്പോള്‍ ആദ്യം ഓർത്തത് അച്ഛനെയാണ്. അച്ഛൻ എത്രത്തോളം സന്തോഷിച്ചേനെ എന്ന്. ജോലി കഴിഞ്ഞു വരുന്ന വൈകുന്നേരങ്ങളിൽ അച്ഛന്റെ അസ്ഥിത്തറയില്‍ പ്രാർത്ഥിക്കുമ്പോൾ ആ വിശേഷവും പറയും. മോഹൻലാൽ മുഖചിത്രങ്ങൾ ഉള്ള മാസികകൾ വാങ്ങുവാൻ ഞാൻ ഒറ്റയ്ക്കായി. വാങ്ങുന്നുണ്ടോ എന്ന് വിളിച്ചു ചോദിക്കാൻ ഫോണിന്റെ മറുവശത്ത് അച്ഛൻ ഇല്ലല്ലോ. എങ്കിലും വാങ്ങി വരുന്ന മാഗസിൻസ് അച്ഛന്റെ അസ്ഥി തറയിൽ കുറച്ചുനേരം വച്ചിരുന്ന ശേഷം മാത്രമേ ഞാൻ എടുക്കുമായിരുന്നുള്ളൂ. അച്ഛൻ വായിച്ചിട്ടുണ്ടാകാം... ഇന്നും തുടരുന്ന ആ മോഹൻലാൽ ഇഷ്ടം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നത് ആ ഇഷ്ടത്തിന്റെ ഓർമകളോട് ചേർന്ന് അച്ഛനും ഉള്ളത് കൊണ്ടാണ്. ഇന്ത്യൻ സിനിമയുടെ ഏറ്റവും ഉന്നത ബഹുമതി നേടിയ ലാലേട്ടന് അഭിനന്ദനങ്ങൾ. ഏറ്റവും അര്‍ഹതയുള്ള ഒരാളിലേക്കാണ് അത് എത്തിയിരിക്കുന്നത്. എക്കാലത്തെയും മികച്ച, മലയാളത്തിന്റെ മോഹൻലാൽ. അച്ഛൻ കാണുന്നുണ്ടാവാം, സന്തോഷിക്കുന്നുണ്ടാവാം, അച്ഛന്റെ പ്രിയപ്പെട്ട മോഹൻലാൽ ഭാരതത്തിന്റെ പരോമോന്നത സിനിമാ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുന്നത് കണ്ട്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും