
മൂന്ന് സിനിമകള്‍ കൊണ്ട് തന്‍റേതായ ഒരു ശൈലി അടയാളപ്പെടുത്തിയ സംവിധായകനാണ് രോഹിത്ത് വി എസ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത്ത് സംവിധാനം ചെയ്‍ത 'കള' ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്. ടൊവീനോ തോമസ് ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാമ്പ്രദായികമായ കഥപറച്ചിലില്‍ നിന്ന് വേറിട്ട ആഖ്യാനം സ്വീകരിച്ചിരിക്കുന്ന ചിത്രം കണ്ടിട്ട് ഇതില്‍ കഥയെവിടെ എന്ന് ചോദിക്കുന്ന ചില പ്രേക്ഷകര്‍ ഉണ്ടായിരിക്കാമെന്ന് ടൊവീനോ പറയുന്നു. അതേസമയം ചിത്രത്തിലൂടെ തങ്ങള്‍ ഉദ്ദേശിച്ചത് അതുപോലെ മനസിലാക്കി ആസ്വദിക്കുന്നവരാണ് പ്രേക്ഷകരില്‍ ഭൂരിപക്ഷമെന്നും ടൊവീനോ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ലൈവ് ഇന്‍ററാക്ഷനിലാണ് ടൊവീനോ 'കള'യെക്കുറിച്ച് സംസാരിച്ചത്.
"ഈ സിനിമ ഞങ്ങള്‍ക്ക് മനസിലായില്ലെന്ന് വളരെ സത്യസന്ധമായി പറഞ്ഞ ചിലരുണ്ട്. അത് അവരുടെ തെറ്റല്ല. ഞങ്ങളുടെ തെറ്റ് ആയിരിക്കാം. എല്ലാവര്‍ക്കും മനസിലാവുന്ന സിനിമകളുമായിട്ട് ഞങ്ങള്‍ വീണ്ടും വരുന്നതായിരിക്കും. പക്ഷേ ഏറ്റവും സന്തോഷം തോന്നിയത് ഒരു വലിയ ഭൂരിപക്ഷത്തിന് സിനിമ മനസിലാവുകയും സിനിമയില്‍ സൂക്ഷ്‍മമായി ഞങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുള്ള കുറേ കാര്യങ്ങള്‍ കണ്ടെത്തി പറയുന്നു എന്നുമാണ്. അത് ഞങ്ങളെ സംബന്ദിച്ചിടത്തോളം വലിയ സന്തോഷമാണ്. അത് വലിയ നേട്ടമായിത്തന്നെ കരുതുന്നു. മൂര്‍ ആണ് ചിത്രത്തില്‍ നായകവേഷം അവതരിപ്പിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ റിലീസിന് മുന്‍പ് സസ്‍പെന്‍സ് ആക്കി വച്ചിരിക്കുകയായിരുന്നു", ടൊവീനോ പറയുന്നു.
"ഈ സിനിമയുടെ കഥ വളരെ ചെറുതായിട്ട് തോന്നിയിട്ടുള്ളവരുണ്ടാവും. അത് ശരിയുമാണ്. പക്ഷേ ആ കഥയുടെ ബാക്കിയായി ഒരു ദിവസത്തെ ഒരു സംഭവമാണ് സിനിമയില്‍ നമ്മള്‍ കാണിച്ചിരിക്കുന്നത്. ഒരു തിയറ്റര്‍ അനുഭവം എന്ന നിലയിലാണ് ഈ സിനിമയെ നമ്മള്‍ കണ്ടിട്ടുള്ളത്. കഥയാണ് ഒരു സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനകാര്യമെന്ന് ഞാന്‍ കരുതുന്നില്ല. കഥ പ്രധാനമാണ്, അതോടൊപ്പം ആ കഥ ആളുകളിലേക്ക് പറഞ്ഞുവെക്കുന്ന ആശയവും പ്രധാനമാണ്. ഇതൊരു ഇടിപ്പടം മാത്രമല്ല. ഇടിപ്പടത്തിനപ്പുറം ഈ സിനിമയില്‍ കുറേ കാര്യങ്ങള്‍ ഉണ്ട്. ആ വിഷയങ്ങള്‍ പ്രേക്ഷകരില്‍ പലരും സംസാരിക്കുന്നത് കാണുന്നതിലാണ് ഞങ്ങളുടെ സന്തോഷം. ആദ്യ ദിവസം വിളിച്ചിട്ട് എന്താടോ ഇത് ഫുള്‍ ഇടിയാണല്ലോ, കഥയൊന്നുമില്ലല്ലോ എന്ന് പറഞ്ഞവര്‍ രണ്ട് ദിവസം കഴിഞ്ഞ് വിളിച്ചിട്ട് അത് തിരുത്തി പറഞ്ഞിട്ടുണ്ട്", ടൊവീനോ വ്യക്തമാക്കുന്നു.
'കള'യുടെ ആശയലോകം ഒട്ടും മനസിലാവാത്തവര്‍ക്ക് ഒരു പുസ്‍തകവും നിര്‍ദേശിക്കുന്നു ടൊവീനോ. "കളയുടെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഞാന്‍ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്, എന്‍റെ ചിന്താഗതിയെത്തന്നെ മാറ്റിമറിച്ച ഒരു പുസ്‍തകമുണ്ട്, ആ പുസ്‍തകം ഒന്നു വായിക്കണം എന്ന്. 84 പേജേ ഉള്ളൂ ആ പുസ്‍തകം. ജയമോഹന്‍ സാറിന്‍റെ നൂറ് സിംഹാസനങ്ങള്‍ എന്ന പുസ്‍തകമാണ് അത്. ഇനിയിപ്പൊ ഈ സിനിമ കണ്ടിട്ട് ഞങ്ങള്‍ പറഞ്ഞുവെക്കുന്ന ആശയം ഒട്ടും മനസിലാവാത്ത ആളുകള്‍ ഉണ്ടെങ്കില്‍ ആ പുസ്‍തകം ഒന്ന് വായിച്ചുനോക്കൂ. ചിലപ്പൊ കുറച്ചുകൂടി ഈ സിനിമ ആസ്വദിക്കാന്‍ പറ്റുമായിരിക്കും. ഈ സിനിമ ഇഷ്ടപ്പെടാത്തവരോടോ മനസിലാവാത്തവരോടോ നമുക്ക് യാതൊരു പരാതിയോ പരിഭവമോ ഇല്ല. ചിലപ്പോള്‍ നിങ്ങളായിരിക്കും ശരി, ഞങ്ങള്‍ ശരിയായിരിക്കണമെന്നില്ല", ടൊവീനോ പറഞ്ഞവസാനിപ്പിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ