'വൈറസ് ഒരു സിനിമാ വിപ്ലവം, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാം'; ടൊവീനോ പറയുന്നു

By Web TeamFirst Published Jun 6, 2019, 5:22 PM IST
Highlights

"വൈറസ് എന്ന സിനിമ നിപയെക്കുറിച്ചുള്ള ഡോക്യുമെന്ററിയോ ഡോക്യു ഫിക്ഷനോ ഒന്നുമല്ല, യഥാര്‍ഥ സംഭവത്തില്‍ നിന്ന് സിനിമാറ്റിക് ആയ മാറ്റങ്ങള്‍ ഉണ്ടാവും. പക്ഷേ നിപ്പയുടെ സമയത്ത് നമ്മള്‍ നേരിട്ട, കടന്നുപോയ അവസ്ഥ എന്താണെന്ന് ഈ സിനിമയില്‍ കാണാന്‍ പറ്റും."

കേരളത്തിന്റെ നിപ അതിജീവനം പ്രമേയമാക്കുന്ന 'വൈറസ്' മലയാളസിനിമയിലെ വിപ്ലവമെന്ന് ടൊവീനോ തോമസ്. ഇത്രയും താരങ്ങളെ വച്ച് ഒരു സിനിമ എന്നത് ആദ്യം കേട്ടപ്പോള്‍ സാധ്യമാണോ എന്ന് സംശയം തോന്നിയെന്നും പക്ഷേ അത് സംഭവിച്ചുവെന്നും ടൊവീനോ. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവീനോയുടെ പ്രതികരണം. അതേ സമയം 'വൈറസ്' നാളെ തീയേറ്ററുകളിലെത്തും.

'വൈറസ് എന്ന സിനിമ നിപയെക്കുറിച്ചുള്ള ഡോക്യുമെന്ററിയോ ഡോക്യു ഫിക്ഷനോ ഒന്നുമല്ല, യഥാര്‍ഥ സംഭവത്തില്‍ നിന്ന് സിനിമാറ്റിക് ആയ മാറ്റങ്ങള്‍ ഉണ്ടാവും. പക്ഷേ നിപ്പയുടെ സമയത്ത് നമ്മള്‍ നേരിട്ട, കടന്നുപോയ അവസ്ഥ എന്താണെന്ന് ഈ സിനിമയില്‍ കാണാന്‍ പറ്റും. നിപ അതിജീവനം ഒരു ചെറിയ കാര്യമേ ആയിരുന്നില്ല. സര്‍ക്കാര്‍ അതിനെ കൈകാര്യം ചെയ്ത രീതിയും കോഴിക്കോട്ടെ ജനങ്ങളുടെ ഒത്തൊരുമയുമൊക്കെ അതിന് അനുകൂലമായ ഘടകങ്ങള്‍ ആയിരുന്നു. അത്തരത്തില്‍ പല ഘടകങ്ങള്‍ ഉണ്ടായിരുന്നു. അതൊന്നുമില്ലെങ്കില്‍ വലിയ രീതിയില്‍ വ്യാപിക്കാമായിരുന്ന രോഗമായിരുന്നു അത്', ടൊവീനോ പറയുന്നു.

ചിത്രത്തിലെ എല്ലാ താരങ്ങളും ഒരുമിച്ചുണ്ടായിരുന്നത് ഒരു ചിത്രീകരണദിനത്തില്‍ മാത്രമായിരുന്നെന്നും ടൊവീനോ. 'ഇത്രയും അഭിനേതാക്കളെ ഒരുമിച്ച് കൊണ്ടുവന്ന് ഒരു സിനിമ പ്രാക്ടിക്കല്‍ ആണോ എന്ന് ആദ്യം കേട്ടപ്പോള്‍ എനിക്ക് സംശയം തോന്നി. കാരണം ഇത്രയും പേരുടെ ഡേറ്റ് ഒരുമിച്ച് കൊണ്ടുവരിക എളുപ്പമായിരുന്നില്ല. പക്ഷേ അത് സംഭവിച്ചു. അന്താരാഷ്ട്ര തലത്തിലൊക്കെ, ഇതൊരു മലയാളസിനിമയാണ് എന്ന് പറഞ്ഞ് മുന്നില്‍ വച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു സിനിമയായിരിക്കും വൈറസ്', ടൊവീനോ പറഞ്ഞവസാനിപ്പിക്കുന്നു.

"

click me!