
മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രം എന്ന പേരില്‍ 'മിന്നല്‍ മുരളി' (Minnal Murali) പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ടൊവിനോ തോമസ് നായക കഥാപാത്രമായിഎത്തിയപ്പോള്‍ പ്രതിനായകനായത് ഗുരു സോമസുന്ദരമാണ്. ഇരുവരുടെയും പ്രകടനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപോഴിതാ ഗുരു സോമസുന്ദരത്തിനൊപ്പം (Guru Somasundaram) അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ടൊവിനൊ തോമസ്.
പ്രമോഷണല്‍ മെറ്റീരിയലുകളിലൊന്നും 'മിന്നല്‍ മുരളിയുടേതായി' ഗുരു സോമസുന്ദരത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നില്ല. മിന്നലേറ്റ് അമാനുഷികനായിട്ടുള്ള ഒരു കഥാപാത്രമാകുന്നുണ്ടെങ്കിലും പ്രതിനായക വശത്താണ് ഗുരു സോമസുന്ദരത്തിന്റെ 'ഷിബു'. 'ജെയ്‍സണ്‍' എന്ന കഥാപാത്രത്തെ ആദ്യമേ സൂപ്പര്‍ഹീറോ ആയി അവതരിപ്പിച്ചെങ്കിലും 'ഷിബു'വിനെ സസ്‍പെൻസായി മാറ്റിവയ്‍ക്കുകയായിരുന്നു. ചില കാരണങ്ങള്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാൻ എനിക്ക് കാത്തിരിക്കേണ്ടി വന്നുവെന്നാണ് ടൊവിനൊ തോമസും പറയുന്നത്. ഒരുപാട് കാര്യങ്ങള്‍ ജീവിതത്തെയും സിനിമയെ കുറിച്ചും മറ്റുള്ളവയെ കുറിച്ചുമൊക്കെ സംസാരിക്കുന്ന സ്വീറ്റായ ഒരാളെ ഇവിടെ കണ്ടുമുട്ടി. 'ജയ്‍സണും' 'ഷിബു'വും ആയി അഭിനയിക്കാൻ ഞങ്ങള്‍ തമ്മിലൊരു ബന്ധവും കെമിസ്‍ട്രിയും അത്യാവശ്യമായിരുന്നു. അദ്ദേഹവുമായുള്ള എന്റെ ബന്ധം എന്നത് മിന്നല്‍ മുരളിയില്‍ നിന്ന് ലഭിച്ച വലിയ കാര്യമാണ്. ഞാൻ ഒരു വഴികാട്ടി എന്ന നിലയില്‍ കാണുന്ന ഒരു സുഹൃത്തിനെയും ലഭിച്ചതിലെ സന്തോഷം വാക്കുകള്‍ക്കതീതമാണ്. സര്‍, ചരിത്രം സൃഷ്‍ടിക്കാൻ ഞങ്ങളോടൊപ്പം കൈകോർത്തതിന് നന്ദി. ഒരുപാട് ആശംസകള്‍ എന്നുമാണ് ടൊവിനൊ തോമസ് എഴുതിയിരിക്കുന്നത്.
ഇന്ന് തമിഴകത്ത് ശ്രദ്ധേയനായ അഭിനേതാക്കളില്‍ ഒരാളാണ് ഗുരു സോമസുന്ദരം. നാടക നടനായി കലാരംഗത്ത് തുടക്കമിട്ട ഗുരു സോമസുന്ദരം 'ആരണ്യ കാണ്ഡ'ത്തിലൂടെ 2011ലാണ് വെള്ളിത്തിരയിലെത്തുന്നത്. 'പാണ്ഡ്യ നാട്' എന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരത്തിന്റെ അഭിനയം പ്രശംസ പിടിച്ചുപറ്റി. 'ജോക്കര്‍' എന്ന തമിഴ് ചിത്രത്തിലും ഗുരു സോമസുന്ദരത്തിന്റെ പ്രകടനം പ്രശംസ നേടി. 'കോഹിനൂര്‍' എന്ന മലയാള ചിത്രത്തിലും ഗുരു സോമസുന്ദരം അഭിനയിച്ചിട്ടുണ്ട്.
'മിന്നല്‍ മുരളി' എന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ബേസില്‍ ജോസഫാണ്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ. സുഷിൻ ശ്യാം ചിത്രത്തിലെ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ടൊവിനൊ തോമസ് നായകനായ ചിത്രത്തിനായി മനു മഞ്‍ജിത്താണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ