
ഒട്ടനവധി കടമ്പകൾ കടന്നതിന് ശേഷമാണ് ഒരു സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ഒരുകൂട്ടം ആളുകളുടെ കഠിന പ്രയത്നത്തിന് ഒടുവിൽ ആ ചിത്രം റിലീസ് ചെയ്യുമ്പോൾ അണിയറ പ്രവർത്തകർക്ക് ലഭിക്കുന്നൊരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത്തരമൊരു സന്തോഷത്തിലാണ് ഏഴ് നവാഗതർ. ഇവർ അണിയിച്ചൊരുക്കിയ
ട്രാവൽ ഡ്രാമ ചിത്രം 'ഫാർ' മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ് ഇപ്പോൾ. ഈ അവസരത്തിൽ കാണികൾക്കായി പുത്തൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ഏഴംഗ സംഘം.
ഫാറിലെ പ്രധാന കഥാപാത്രം ഒരു അംബാസിഡർ കാർ ആണ്. ഈ വാഹനം ഇപ്പോൾ കൊച്ചി ഷേണായ് തിയറ്ററിലാണ് ഉള്ളത്. കാറിന് മുന്നിൽ നിന്നും ഫോട്ടോ എടുത്ത് @farmovieofficial എന്ന പേജിൽ #FAR എന്ന ടാഗോടെ പോസ്റ്റ് ചെയ്യാം. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ഗോകർണത്തേക്ക് ഒരു സൗജന്യ യാത്ര ലഭിക്കും. നിലവിൽ കോൺണ്ടസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് രചയിതാവും സംവിധായകനുമായ പ്രവീൺ പീറ്റർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
2019ൽ ആരംഭിച്ച സിനിമയാണ് ഫാർ. ഏഴ് പേർ മാത്രമാണ് അണിയറ പ്രവർത്തകർ. രണ്ട് ഉറ്റ സുഹൃത്തുക്കൾ ഒരു അംബാസിഡർ കാറിൽ ഗോകർണത്തേക്ക് റോഡ് യാത്ര നടത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് നിഗൂഢതകളും സൗഹൃദവും പ്രണയവും പറയുന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഇരുപത് ലക്ഷത്തിന് അകത്താണ് സിനിമയുടെ മുടക്ക് മുതലെന്നും പ്രവീൺ പറയുന്നു.
"2019 അവസാനമാണ് ഞങ്ങൾ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് കൊവിഡ് വരികയും ലോക്ഡൗൺ ആവുകയും ചെയ്തപ്പോൾ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമായി. ഇതിനിടയിൽ പ്രൈവറ്റ് ആയിട്ട് കുറച്ച് സ്ക്രീനിങ്ങുകൾ നടത്തിയിരുന്നു. നല്ല പ്രതികരണം ലഭിച്ചതോടെ റിലീസിന് വേണ്ടി ഞങ്ങൾ ട്രെ ചെയ്യുകയും 2022ൽ സോണി മ്യൂസിക് ചെറിയ മലയാള സിനിമകളുടെ റൈറ്റ്സ് എടുക്കുന്നെന്ന് അറിയുകയും ചെയ്തു. അങ്ങനെ നമ്മുടെ സിനിമയുടെ റൈറ്റ്സ് എടുത്തു. ഒടുവിൽ അനുരാഗ് കശ്യപ് വഴി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുകയും ചെയ്യുക ആയിരുന്നു. ശേഷമാണ് ഓൾ കേരള റിലീസിന് പിവിആർ അനുവാദം തരുന്നത്. ഡിസംബർ 15ന് റിലീസ് ചെയ്ത ചിത്രം മെയിൻ റിലീസുകൾ വന്നപ്പോൾ പിൻവലിക്കേണ്ടി വന്നു. ശേഷമിപ്പോൾ വീണ്ടും റി-റിലീസ് ചെയ്യുകയാണ് ചെയ്തത്", എന്ന് രചയിതാവ് പ്രവീൺ പറയുന്നു.
'വിധി ഏട്ടനെ കൊണ്ടുപോയി'; സുധി അവസാനം ധരിച്ച വസ്ത്രങ്ങളും ബാഗും നിധി പോലെ സുക്ഷിച്ച് രേണു
മറിയം വന്നു വിളക്കൂതി, 2018 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഐറീന മിഹാൽകോവിച്ചാണ് ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാൾ. പ്രവീൺ പീറ്റർ, അഭിനവ് മണികണ്ഠൻ, നിള ചെവിരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജോസഫ് ജെയിംസ് (എഡിറ്റിംഗ്), അജീഷ് ആന്റോ (സംഗീത സംവിധാനം), ഫാസ് അലി (ഛായാഗ്രഹണം), ഉണ്ണി വർഗീസ്, അമൃത സുരേശൻ (കലാ സംവിധാനം, പ്രൊഡക്ഷൻ ഡിസൈൻ), ജിതിൻ ജോസഫ്, എൽദോസ് ഐസക് (ശബ്ദ സംയോജനം) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..