
മമ്മൂട്ടിയുടെ അവസാന റിലീസ് കാതല്‍ ഒടിടിയില്‍ എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ഉള്ളടക്കവും അഭിനേതാക്കളുടെ പ്രകടനവും കൊണ്ട് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ ചിത്രം ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട് തന്‍റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് അനൂപ് മേനോന്‍. മമ്മൂട്ടി ഉണ്ടായതിനാല്‍ സംഭവിച്ച ചിത്രമാണിതെന്ന് പറയുന്നു അനൂപ് മേനോന്‍.
കാതലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും അനൂപ് മേനോന്‍
കാതല്‍ കണ്ടു. തെലുങ്കില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള കാമ്പില്ലാത്ത മസാലപ്പടങ്ങളുടെ മുന്നില്‍ മലയാള സിനിമ വിധേയത്വം കാട്ടുന്ന കാലത്ത് കഴിവുറ്റ തന്‍റെ എഴുത്തുകാരായ ആദര്‍ശിനും പോള്‍സണുമൊപ്പം ജിയോ ബേബി എത്തിയിരിക്കുകയാണ്. കെ ജി ജോര്‍ജും പത്മരാജനും ലോഹിതദാസും ഭരതനും എംടിയുമൊക്കെ മലയാള സിനിമയ്ക്ക് മുന്‍പ് നല്‍കിയതുപോലെയുള്ള പ്രകൃതവും സൗന്ദര്യവും തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് അവര്‍. ലോകത്തിന് മുന്നില്‍ നമ്മളെ നമ്മളാക്കിയത് അത്തരം സിനിമകളാണ്. തികച്ചും വേറിട്ടുനില്‍ക്കുന്ന മലയാളത്തിന്‍റേതായ ചിത്രങ്ങള്‍. കാതലില്‍ എളുപ്പം പാളിപ്പോകാവുന്ന ഒരു വിഷയത്തെ എത്ര സമര്‍ഥമായാണ് ഇവര്‍ മൂവരും കൈകാര്യം ചെയ്തിരിക്കുന്നത്, വൈവിധ്യമുള്ള ഒരു ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. മാത്യുവിന്‍റെയും ഓമനയുടെയും സ്നേഹം ശരീരത്തിന് അപ്പുറത്ത് നില്‍ക്കുന്ന ഒന്നാണ്. ഓമന പോയതിനുശേഷം അനാഥമായ അടുക്കളയിലേക്ക് നോക്കിനില്‍ക്കുന്ന മാത്യുവിന്‍റെ ഒരു ട്രാക്ക് ഷോട്ട് ഉണ്ട് കാതലില്‍. നീറ്റലും വേദനയുമുണ്ടാക്കും അത്. നിങ്ങളുടെകൂടി സ്നേഹത്തിനുവേണ്ടിയാണ് താന്‍ പൊരുതുന്നതെന്ന ഓമനയുടെ ആ ഒറ്റ വാചകം നിങ്ങളെ സ്പര്‍ശിക്കും. തടസങ്ങളില്ലാതെയുള്ള ഒഴുക്കാണ് ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും. ആ കവലയില്‍ വച്ച് മഴയത്ത് മാത്യുവും തങ്കനും പരസ്പരം കൈമാറുന്ന നോട്ടം നമ്മുടെ സിനിമയിലെ എക്കാലത്തെയും കാവ്യാത്മക നിമിഷങ്ങളില്‍ ഒന്നായിരിക്കും. ഇനി മമ്മൂക്കയോട്, ഒരേ ആര്‍ജ്ജവത്തോടെ എല്ലാത്തരം സിനിമയെയും സമീപിക്കുന്ന ഒരേയൊരു നടനെന്ന് കാലം നിങ്ങളെ ഓര്‍ത്തുവെക്കും. സ്വന്തം താരമൂല്യം നിങ്ങള്‍ നല്‍കിയിരുന്നില്ലെങ്കില്‍ ഇത്ര വലിയൊരു പ്രേക്ഷകവൃന്ദത്തിലേക്ക് ജിയോയ്ക്ക് എത്താനാവുമായിരുന്നില്ല. ഒരുപക്ഷേ അദ്ദേഹത്തിന് ഈ ചിത്രം തന്നെ സാധ്യമാവുമായിരുന്നില്ല. ആ മഹാമനസ്കതയ്ക്ക് ഒരു സിനിമാപ്രേമിയുടെ നന്ദി.
ALSO READ : കളക്ഷന്‍ 750 കോടിയിലും നില്‍ക്കില്ല! ആറാമതൊരു ഭാഷയിലും 'സലാര്‍' എത്തുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ