'കൂലി'യില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് ആമിര്‍ പറഞ്ഞോ? ഔദ്യോ​ഗിക പ്രതികരണവുമായി ടീം

Published : Sep 14, 2025, 11:30 AM IST
Truth Behind The Viral Claim of Aamir Khan Regretting His Cameo in Coolie

Synopsis

രജനികാന്തിനോടും ലോകേഷിനോടും കൂലി ടീമിനോടുമുള്ള ആമിറിന്‍റെ ആദരവ് വ്യക്തമാക്കി ഒപ്പമുള്ളവര്‍ 

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ബി​ഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ മറുഭാഷകളില്‍ നിന്നുള്ള പ്രധാന അഭിനേതാക്കളെ ഉള്‍ക്കൊള്ളിക്കുന്നത് ഇന്ന് പതിവാണ്. അതത് ഭാഷകളിലെ പ്രേക്ഷകരെയും ആകര്‍ഷിക്കാം എന്നതാണ് ഇതിലെ പ്ലസ്. രജനികാന്തിന്‍റെ ജയിലര്‍ ഇതിന് ഏറ്റവും മികച്ച ഉദാഹരണമായിരുന്നു. ചിത്രത്തില്‍ അതിഥിവേഷങ്ങളിലെത്തിയ മോഹന്‍ലാലിനും ശിവരാജ് കുമാറിനുമൊക്കെ തിയറ്ററുകളില്‍ വലിയ കൈയടി ലഭിച്ചിരുന്നു. എന്നാല്‍ രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രം കൂലിയിലും ഇത്തരത്തിലുള്ള കാസ്റ്റിം​ഗ് ഉണ്ടായിരുന്നുവെങ്കിലും അതിന് മികച്ച പ്രതികരണം ലഭിച്ചില്ലെന്ന് മാത്രമല്ല അവയില്‍ ചിലത് ട്രോള്‍ പോലും ആയി. ആമിര്‍ ഖാന്‍റെ അതിഥിവേഷമായിരുന്നു അതില്‍ പ്രധാനം. കൂലിയിലെ അതിഥിവേഷം തന്‍റെ ഭാ​ഗത്തുനിന്ന് സംഭവിച്ച പിഴവാണെന്ന് ആമിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഒരേപോലെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതില്‍ വ്യക്തത വരുത്തി രം​ഗത്തെത്തിയിരിക്കുകയാണ് ആമിര്‍ ഖാന്‍റെ ടീം.

രജനികാന്തിന് വേണ്ടിയാണ് കൂലിയിലെ അതിഥിവേഷം താന്‍ സ്വീകരിച്ചതെന്നും എന്നാല്‍ ചിത്രം കണ്ടപ്പോള്‍ തന്‍റെ കഥാപാത്രത്തിന് പ്രത്യേകിച്ച് ഉദ്ദേശമൊന്നും ഉള്ളതായി തോന്നിയില്ലെന്നും ആമിര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രസ്തുത അഭിമുഖത്തിന്‍റേതെന്ന മട്ടില്‍ ഒരു പത്ര കട്ടിം​ഗും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഫൈനല്‍ പ്രോഡക്റ്റ് എന്താവുമെന്ന് എനിക്ക് അറിയുമായിരുന്നില്ല. പ്രേക്ഷകര്‍ എന്തുകൊണ്ടാണ് നിരാശരായതെന്ന് എനിക്ക് ഇപ്പോള്‍ മനസിലാവുന്നു. അതൊരു വലിയ പിഴവായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ഭാവിയില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും, എന്നായിരുന്നു അഭിമുഖം എന്ന പേരില്‍ പ്രചരിച്ച പത്ര കട്ടിം​ഗില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ ഇത് വ്യാജമാണെന്നാണ് കണ്ടെത്തല്‍. പ്രചരണത്തില്‍ വിശദീകരണവുമായി ആമിര്‍ ഖാന്‍റെ ടീമും രം​ഗത്തെത്തിയിട്ടുണ്ട്. ആമിര്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ ടീം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു- ആമിര്‍ ഖാന്‍ അത്തരത്തില്‍ ഒരു അഭിമുഖം നല്‍കിയിട്ടില്ല, കൂലി സിനിമയെക്കുറിച്ച് മോശമായി പറഞ്ഞിട്ടുമില്ല. രജനികാന്തിനോടും ലോകേഷിനോടും കൂലി ടീമിനോടും ഏറെ ബഹുമാനമാണ് അദ്ദേഹത്തിന്. ബോക്സ് ഓഫീസില്‍ 500 കോടിയിലേറെ നേടിയ ചിത്രവുമാണ് അത് എന്നതില്‍ നിന്നും കാര്യങ്ങള്‍ മനസിലാക്കാനാവും, ആമിര്‍ ഖാന്‍റെ ടീം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ആമിര്‍ ഖാന്‍ ലോകേഷിനൊപ്പം ചെയ്യാനിരുന്ന സൂപ്പര്‍ഹീറോ ചിത്രം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കൂലിക്ക് ലഭിച്ച മോശം പ്രതികരണമാണ് ഇതിന് കാരണമെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ചിത്രം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ അതല്ല കാരണം. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം സൂപ്പര്‍ഹീറോ ചിത്രം ഉപേക്ഷിക്കാന്‍ കാരണം ലോകേഷിന്‍റെ വര്‍ക്കിംഗ് ശൈലിയോട് ആമിറിനുള്ള അഭിപ്രായവ്യത്യാസമാണ്. മുന്‍കൂട്ടി പൂര്‍ത്തിയാക്കിയ തിരക്കഥ ചിത്രീകരണത്തിന് മുന്‍പേ ആമിറിന് നിര്‍ബന്ധമാണ്. എന്നാല്‍ ലോകേഷിന്‍റേത് മറ്റൊരു രീതിയാണ്. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് കൈയില്‍ വച്ച് ചിത്രീകരണം ആരംഭിക്കുകയും ഷൂട്ടിംഗ് മുന്നേറുന്നതിനനുസരിച്ച് എഴുത്തും പൂര്‍ത്തിയാക്കുകയാണ് ലോകേഷിന്‍റെ രീതി. ഇന്ത്യന്‍ സിനിമയെത്തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ആശയമാണ് ലോകേഷിന്‍റെ കൈയില്‍ ഉള്ളതെന്നും എന്നാല്‍ തിരക്കഥാ രചനയ്ക്കായി അദ്ദേഹം തന്‍റെ സമയം പൂര്‍ണ്ണമായും കൊടുക്കണമെന്നുമാണ് ആമിറിന്‍റെ നിലപാട്. എന്നാല്‍ സെറ്റിലെ ഇംപ്രൊവൈസേഷനാണ് ലോകേഷിന്‍റെ ഊന്നല്‍. ക്രിയേറ്റീവ് ആയ ഈ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് തല്‍ക്കാലം ഈ പ്രോജക്റ്റ് മാറ്റിവെക്കാമെന്നാണ് ഇരുവരുടെയും നിലപാടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ