
സന്താനം നായകനായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന തമിഴ് ചിത്രമാണ് ഡെവിള്‍സ് ഡബിള്‍ നെക്സ്റ്റ് ലെവല്‍ (ഡിഡി നെക്സ്റ്റ് ലെവല്‍). ദില്ലുക്കു ദുഡ്ഡു ഫിലിം സിരീസിലെ നാലാമത്തെ ചിത്രവും 2023 ല്‍ പുറത്തിറങ്ങിയ ഡിഡി റിട്ടേണ്‍സിന്‍റെ സീക്വലുമാണ് ഈ ചിത്രം. നാളെയാണ് (16) ചിത്രത്തിന്‍റെ റിലീസ് തീയതി. എന്നാല്‍ റിലീസിന് തൊട്ടുമുന്‍പ് ഒരു വിവാദത്തില്‍ പെട്ടിരിക്കുകയാണ് ചിത്രം. ചിത്രത്തിലെ ഒരു റാപ്പ് ഗാനത്തിനിടെ ഉപയോഗിച്ചിരിക്കുന്ന ഭക്തിഗാന വരികള്‍ നീക്കണമെന്നും അല്ലാത്തപക്ഷം നിര്‍മ്മാതാക്കളില്‍ നിന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീര്‍ത്തി കേസ് കൊടുക്കുമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് തിരുപ്പതി തിരുമല ദേവസ്ഥാനം ബോര്‍ഡ് അംഗവും രാഷ്ട്രീയ നേതാവുമായ ഭാനുപ്രകാശ് റെഡ്ഡിയാണ്.
തിരുപ്പതി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശ്രീ വെങ്കടേശ്വരനെ പ്രകീര്‍ത്തിക്കുന്ന പ്രശസ്ത ഭക്തിഗാനം ശ്രീനിവാസ ഗോവിന്ദയിലെ വരികളാണ് ചിത്രത്തില്‍ ഒരു റാപ്പ് ഗാനത്തിനിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട് ഭാനുപ്രകാശ്. മറ്റ് മതങ്ങളിലെ ഭക്തിഗാനങ്ങള്‍ ഇത്തരത്തില്‍ റാപ്പ് ഗാനങ്ങള്‍ക്കിടയില്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് എപ്പോഴും ഹിന്ദുക്കളുടെ വികാരം മാത്രം വ്രണപ്പെടുന്നത്? ഭക്തിഗാന വരികള്‍ ചിത്രത്തില്‍ നിന്നും ഓണ്‍ലൈനില്‍ നിന്നും നീക്കാത്തപക്ഷം നിര്‍മ്മാതാക്കളില്‍ നിന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് പോകുമെന്നും ഭാനുപ്രകാശ് റെഡ്ഡി ന്യൂസ് 18 തെലുങ്കിനോട് പ്രതികരിച്ചു. നോട്ടീസിന്‍റെ ഒരു കോപ്പി സെന്‍സര്‍ ബോര്‍ഡിനും അയച്ചിട്ടുണ്ട്. സിനിമകള്‍ക്ക് അനുമതി കൊടുക്കുമ്പോള്‍ അവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇത് എങ്ങനെയാണ് അവരുടെ ശ്രദ്ധയില്‍ പെടാതെ പോയത്? ഭാനുപ്രകാശ് റെഡ്ഡി ചോദിക്കുന്നു.
അതേസമയം എസ് പ്രേം ആനന്ദ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ദി ഷോ പീപ്പിള്‍, നിഹാരിക എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ വെങ്കട് ബോയനപള്ളിയും ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രമായി സന്താനം എത്തുന്ന ചിത്രത്തില്‍ ഗീതിക തിവാരി, സെല്‍വരാഘവന്‍, ഗൗതം വസുദേവ് മേനോന്‍, നിഴല്‍കള്‍ രവി, കസ്തൂരി ശങ്കര്‍, റെഡിന്‍ കിംഗ്‍സ്‍ലി, യാഷിക ആനന്ദ്, രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഫ്റോ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ