
തിരുവനന്തപുരം : ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലങ്ങുവെക്കുന്ന കേന്ദ്ര സർക്കാരിനെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും രൂക്ഷമായി വിമർശിച്ച് സംവിധായകൻ ടി വി ചന്ദ്രൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭരിക്കുന്ന രാജ്യത്തിലാണ് നാമുള്ളതെന്നും ഇവരെ ഭയന്ന് ജീവിക്കേണ്ട സ്ഥിതിയാണെന്നും ടിവി ചന്ദ്രൻ തുറന്നടിച്ചു. മുൻപ് ആരെയും ഭയക്കാതെ ഡോക്യുമെന്ററി ഫിലിം നിർമ്മിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സിനിമ നിർമ്മിക്കുന്നവർ ഇ ഡിയെ ഭയക്കേണ്ട സ്ഥിതിയാണ്. ഗുജറാത്ത് കലാപത്തെക്കുറിച്ച് രാകേഷ് ശർമ്മയ്ക്ക് ഡോക്യുമെന്ററി നിർമ്മിക്കാനായത് അന്ന് ഇ ഡി ഭരണം ഇല്ലാത്തത് കൊണ്ടായിരുന്നുവെന്നും ടിവി ചന്ദ്രൻ തുറന്നടിച്ചു. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ജെ.സി ഡാനിയേൽ പുരസ്കാരം ഇത്തവണ നേടിയ സംവിധായകനാണ് ടിവി ചന്ദ്രൻ. തിരുവനന്തപുരം കൈരളി തിയേറ്ററിൽ പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെസ്റ്റിവൽ, സാസ്കാരിക വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സിനിമ മേഖലയുടെ മൂല്യം ഉയർത്താൻ സിനിമ നയം സർക്കാർ രൂപീകരിക്കുകയാണെന്ന് സജി ചെറിയാൻ പറഞ്ഞു. കരട് ചർച്ച ചെയ്യാൻ 2 ദിവസത്തെ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
വിനയൻ ഉയർത്തിയ ചലചിത്ര അവാർഡ് നിർണയത്തിൽ സംവിധായകൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണം മന്ത്രി സജി ചെറിയാൻ തള്ളി. വിവാദം ഉണ്ടാക്കുന്നവർ അവാർഡ് പ്രഖ്യാപനത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവരാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തന്റെ സിനിമയെ രഞ്ജിത്ത് ഇകഴ്ത്തി സംസാരിച്ചെന്നതാണ് വിനയന്റെ പരാതി. മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ