അരങ്ങൊഴിഞ്ഞ് കഥാകാരന്റെ വീട്, ലോഹിതദാസിന്റെ ഓർമ്മയിൽ ‘അമരാവതി'

By Web TeamFirst Published Jun 28, 2021, 9:29 AM IST
Highlights

തന്റെ സ്വപ്‍നപദ്ധതിയായ ഭീഷ്മരെ കടഞ്ഞെടുക്കുന്നതിനിടയില്‍ ആയിരുന്നു കാലം ലോഹിയെ മടക്കിവിളിച്ചത്. 

ലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ലോഹിതദാസ് വിടപറഞ്ഞിട്ട് പന്ത്രണ്ട് വര്‍ഷമാകുന്നു.  44 തിരക്കഥകള്‍, സംവിധാനം ചെയ്‍തത് 12 ചിത്രങ്ങള്‍-  ഇത്രയുമായിരുന്നു 20 വര്‍ഷം നീണ്ട ചലച്ചിത്ര  ജീവിതത്തില്‍ ലോഹി മലയാളത്തിന് സമ്മാനിച്ചത്. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഓര്‍ക്കുന്നുണ്ട്. ഹിറ്റ് മേക്കർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഒരു വ്യാഴവട്ടം തികയുമ്പോൾ, ഒറ്റപ്പാലത്തെ അമരാവതിയെന്ന മേല്‍വിലാസത്തില്‍ ലോഹിതദാസിന്‍റെ ഓര്‍മ്മകളുമായി കഴിയുകയാണ് ഭാര്യ സിന്ധുവും മക്കളും.

കഥകളുടെ അരയന്നങ്ങള്‍ വിരുന്നു വന്നിരുന്ന ലോഹിതദാസിന്‍റെ അമരാവതിയില്‍ ഓര്‍മ്മകള്‍ ചാറുന്ന മുറ്റത്തേക്ക് നോക്കി ഭാര്യ സിന്ധു. ഒരു ലോഹിതദാസ് സിനിമയിലെ ഫ്രെയിം പോലെ ചെമ്മണ്ണു മണക്കുന്ന നാട്ടുവഴികളുമായി 
ഇന്നും അകലൂരെന്ന നാട് കഴിയുകയാണ്. പറഞ്ഞുതീരാതെ പോയ കഥയിലെ നായകന്‍ മടങ്ങിവരുമെന്ന് വെറുതെയെങ്കിലും പടിപ്പുരയിലേക്ക് കണ്ണയക്കുകയാണ് അവര്‍.

ഭൂതക്കണ്ണാടി ചിത്രീകരിക്കുന്ന കാലത്താണ് അമരാവതിയില്‍ ലോഹിതദാസ് കുടിയേറുന്നത്. പിന്നീടത് മേല്‍വിലാസമായി മാറി. ‘എനിക്ക് അമരാവതി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ലഹരിയാണ്. മത്ത് പിടിപ്പിക്കുന്നൊരു അവസ്ഥയാണ്‘, സിന്ധു പറയുന്നു.  

‘പുറത്തു നിന്നൊരാൾ ഇവിടെ വരുമ്പോൾ കിട്ടുന്ന ഒരു അനുഭവം ഉണ്ട്. അതിന് പ്രധാന കാരണം ഇവിടുത്തെ പച്ചപ്പ് തന്നെയാണ്. പിന്നെ അച്ഛൻ ഉണ്ടായിരുന്ന സ്ഥലം, അച്ഛൻ ഉറങ്ങുന്ന സ്ഥലം എന്ന് പറയുമ്പോൾ നമുക്ക് അതിന് പ്രധാന്യം ഏറെയാണ്‘, എന്ന് മകൻ പറയുന്നു. അതേസമയം, കൊവി‍ഡ‍് കാലമായതിനാല്‍ ഇക്കുറി അമരാവതിയില്‍ വലിയ ഒത്തുചേരലുകളൊന്നും ഇല്ല. പ്രിയപ്പെട്ടവർ ലോഹിയുടെ ഓർമ്മകൾ പങ്കുവയ്ക്കാൻ എത്തും. 

അരങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ ലോഹി

ചാലക്കുടിക്കടുത്ത് മുരിങ്ങൂരില്‍ 1955 മേയ് 10ന് ആണ് അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന എ കെ ലോഹിതദാസിന്റെ ജനനം. എറണാകുളം മഹാരാജാസില്‍ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയ ലോഹിതദാസ് കലാരംഗത്തേയ്ക്കു എത്തുന്നത് നാടകത്തിലൂടെയാണ്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. പിന്നീട് അങ്ങോട്ട് നാടകത്തില്‍ ജീവിതം. എഴുത്തുകാരനായും അഭിനേതാവായും.

അരങ്ങിന്റെ ഉള്‍ത്തുടിപ്പ് കൈവശമാക്കിയ ലോഹിയെ ചലച്ചിത്രലോകത്തേയ്ക്ക് ആനയിച്ചത് മഹാനടന്‍ തിലകനാണ്. 1987ല്‍ സിബി മലയിലിനു വേണ്ടി തനിയാവര്‍ത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് വെള്ളിത്തിരയില്‍ ഹരിശ്രീ കുറിച്ചു. നാടകീയതയുടെ കടുംപിടിത്തങ്ങളില്ലാതെ പച്ചയായ മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍ അതേ വൈകാരികത തീക്ഷണതയില്‍ ലോഹി എഴുതിയപ്പോള്‍ സിനിമാകൊട്ടകയ്ക്കുള്ളിലെ ഇരുട്ടില്‍ സേതുമാധവന്റേയും അച്ചൂട്ടിയുടേയും വിദ്യാധരന്റേയും നൊമ്പരങ്ങള്‍ മലയാളിയുടെ ഉള്ളുപൊള്ളിച്ചു. 

ജീവിതങ്ങളുടെ വേഷപകര്‍ച്ചകളാടാന്‍ മോഹന്‍ലാലും മമ്മൂട്ടിയടക്കമുള്ളവര്‍ക്ക് ലോഹിയുടെ എഴുത്ത് അവസരമൊരുക്കി. തനിയാവര്‍ത്തനം, അമരം, വാത്സല്യം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങള്‍ മമ്മൂട്ടിയിലെ അഭിനേതാവിന് മൂര്‍ച്ചകൂട്ടിയപ്പോള്‍ കിരീടം, ചെങ്കോല്‍, ഭരതം, കമലം, കന്‍മദം തുടങ്ങിയവ മോഹന്‍ലാലിന്റെ പകര്‍ന്നാട്ടങ്ങള്‍ക്ക് തിളക്കമേറ്റി.

1997ല്‍ ഭൂതക്കണ്ണാടിയിലൂടെയായിരുന്നു സംവിധാനത്തിലേക്ക് ലോഹി കടക്കുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയ  സംസ്ഥാന പുരസ്കാരങ്ങള്‍ നേടി സംവിധായകനെന്ന നിലയില്‍ ആദ്യചിത്രത്തിലൂടെ തന്നെ വരവറിയിക്കാന്‍ ലോഹിക്കാതദാസിനായി. പിന്നീട് ഒരുപിടി മികച്ച സിനിമകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 

അഭിനേതാവായും പ്രേക്ഷകര്‍ക്ക് മുന്നിൽ അദ്ദേഹം എത്തിയിരുന്നു. ആധാരത്തില്‍ ചീട്ടുകളിക്കാരനായി ആദ്യമായി ക്യാമറയില്‍ മുഖം കാട്ടിയ ലോഹി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്റ്റോപ്പ് വയലന്‍സ്, ദി ക്യാമ്പസ്, ഉദയനാണ് താരം എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

പുതുമുഖങ്ങളുടെ രാശിയുമായിരുന്നു ലോഹിതദാസിന്. അരയന്നങ്ങളുടെ വീടിലൂടെ ലക്ഷ്‍മി ഗോപാലസ്വാമിയും സൂത്രധാരനിലൂടെ മീരാ ജാസ്‍മിനും നിവേദ്യത്തിലൂടെ ഭാമയും വിനുവുമൊക്കെ ലോഹിയുടെ കയ്യുംപിടിച്ച് മലയാള സിനിമയിലേക്ക് എത്തി. 

തന്റെ സ്വപ്‍നപദ്ധതിയായ ഭീഷ്മരെ കടഞ്ഞെടുക്കുന്നതിനിടയില്‍ ആയിരുന്നു കാലം ലോഹിയെ മടക്കിവിളിച്ചത്. ഒരു മഴക്കാലത്ത്. 2009 ജൂണ്‍ 28ന് സുഹൃത്തുക്കളെയും ഉറ്റവരെയും തനിച്ചായി ലോഹി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. കാലമെത്ര കഴിഞ്ഞാലും ആത്മനൊമ്പരത്തിന്റെ നെരിപ്പോടുകളില്‍ നിന്ന് ഊതിക്കാച്ചിയെടുത്ത കഥകള്‍ പറഞ്ഞ ലോഹിതദാസ് മലയാളത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് മായില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!