വിജയ് നായകനായ 'ജനനായകന്‍' എന്ന ചിത്രത്തിന്‍റെ റിലീസ് സെന്‍സര്‍ അനുമതി ലഭിക്കാത്തതിനാല്‍ അനിശ്ചിതത്വത്തിലാണ്

കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിജയ് നായകനായ ജനനായകന്‍. സജീവരാഷ്ട്രീയത്തിലേക്ക് കടന്ന വിജയ്‍യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ചിത്രത്തിന് അതിനാല്‍ത്തന്നെ വന്‍ ഹൈപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം മുന്‍നിശ്ചയപ്രകാരം തിയറ്ററുകളില്‍ എത്തിക്കാന്‍ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് സാധിച്ചില്ല. സെന്‍സര്‍ അനുമതി കിട്ടാത്തതാണ് കാരണം. ആദ്യ റിലീസ് തീയതിയില്‍ നിന്ന് ഒരു മാസം പിന്നിടുമ്പോഴും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ആദ്യം സെന്‍സര്‍ ബോര്‍ഡുമായി നിയമയുദ്ധത്തിന് ഒരുങ്ങിയ നിര്‍മ്മാതാക്കള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തത് പിന്‍വാതില്‍ ധാരണയുടെ ഭാഗമാണെന്നാണ് സൂചന. ഇതോടെ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുമ്പോഴും ഏത് നിമിഷവും ഒരു റിലീസ് തീയതി പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകര്‍.

Add Asianetnews as a Preferred SourcegooglePreferred

നിലവിലെ സാഹചര്യം

ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത് കഴിഞ്ഞ മാസം 27 ന് ആയികുന്നു. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സന്‍റെ കത്ത് റദ്ദാക്കണമെന്ന ആവശ്യം കൂടി ഉള്‍പ്പെടുത്തി ഹര്‍ജി പരിഷ്കരിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍മ്മാതാക്കള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് വന്ന് ഒന്‍പത് ദിവസം പിന്നിട്ടിട്ടും കെവിഎന്‍ പ്രൊഡക്ഷന്‍സ് ഹര്‍ജി പുതുക്കി നല്‍കുകയോ സിംഗിള്‍ ബഞ്ചിന് മുന്നില്‍ വിഷയം പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനും നിര്‍മ്മാതാക്കള്‍ തയ്യാറാവാതിരുന്നതോടെയാണ് സെന്‍സര്‍ ബോര്‍ഡുമായി ഇവര്‍ ധാരണയില്‍ എത്തിയെന്ന സൂചന ശക്തമായത്. സെന്‍സര്‍ ബോര്‍‍ഡ് ചെയര്‍മാന്‍റെ നിര്‍ദേശത്തിന് വഴങ്ങി ചിത്രം റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാന്‍ നിര്‍മ്മാതാക്കള്‍ സമ്മതം അറിയിച്ചിട്ടുണ്ടാവുമെന്നാണ് വിലയിരുത്തല്‍. നിയമ പോരാട്ടത്തില്‍ അന്തിമ ഉത്തരവ് വൈകുമെന്നത് നിര്‍മ്മാതാക്കള്‍ കണക്കിലെടുത്തിട്ടുണ്ടാവും. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ ഹര്‍ജി പിന്‍വലിച്ച് റിലീസിലേക്ക് കടക്കാന്‍ സാധിക്കും.

എന്നാല്‍ റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടു എന്നതുകൊണ്ട് മാത്രം റിലീസ് ഉടന്‍ സാധ്യമാവുമെന്ന് ഉറപ്പിക്കാനാവില്ല. കാരണം റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനം സ്വീകാര്യമല്ലെങ്കില്‍ മറ്റൊരു റിവൈസിംഗ് കമ്മിറ്റിക്ക് ചിത്രം വിടാനുള്ള അധികാരം സിബിഎഫ്സി ചെയര്‍മാന് ഉണ്ട്. റിലീസ് കൂടുതല്‍ വൈകിക്കണമെന്ന രാഷ്ട്രീയ തീരുമാനം ഉണ്ടെങ്കില്‍ വീണ്ടും ഒരു പരിശോധനയിലേക്ക് ചിത്രം പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ചിത്രത്തിന്‍റെ റിലീസ് വീണ്ടും വൈകുകയും ചെയ്യും. ജനനായകന്‍ റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയില്‍ ആണോ എന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നടപടികളില്‍ രഹസ്യാത്മകത പുലര്‍ത്തണമെന്നാണ് ചട്ടമെന്നുമാണ് സിബിഎഫ്സി ചെന്നൈ റീജിയണല്‍ ഓഫീസര്‍ ഡി ബാലമുരളി പറഞ്ഞത്. പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ജനനായകന്‍ വൈകിയതോടെ 100 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming