'കഴിഞ്ഞയാഴ്ച പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ'; വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് ട്വിങ്കിള്‍ ഖന്ന

By Web TeamFirst Published Dec 18, 2019, 10:49 PM IST
Highlights

അതേസമയം ട്വിങ്കിള്‍ ഖന്നയുടെ ഭര്‍ത്താവും ബോളിവുഡ് സൂപ്പര്‍താരവുമായ അക്ഷയ്കുമാര്‍ ജാമില മിലിയയിലെ പൊലീസ് നടപടിയെ പ്രശംസിച്ചുള്ള ഒരു ട്വീറ്റ് ലൈക്ക് ചെയ്തതിന് വിവാദത്തില്‍ പെട്ടിരുന്നു. എന്നാല്‍ പിന്നാലെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി.
 

പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് രാജ്യമൊട്ടാകെ സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന. വംശത്തിന്റെയും നിറത്തിന്റെയും ജാതിമതങ്ങളുടെയും പേരിലുള്ള വേര്‍തിരിവ് മനുഷ്യാവസ്ഥയുടെ ധാര്‍മ്മികമായ ആര്‍ജ്ജവത്തിന് എതിരാണെന്ന് കഴിഞ്ഞയാഴ്ച ട്വിങ്കിള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഈ ദിവസങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ച്, ഇന്‍സ്റ്റഗ്രാമിലെ അവരുടെ പുതിയ പോസ്റ്റ്.

'അത് (അഭിപ്രായം) കഴിഞ്ഞയാഴ്ച കുറിച്ചതാണ്. നമ്മുടെ വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഹിംസയിലൂടെ അടിച്ചമര്‍ത്തി നമ്മള്‍ കുറേക്കൂടി മുന്നോട്ട്, ഒരു ഇരുണ്ട തുരങ്കത്തിലേക്ക് പോയിരിക്കുന്നു. സമാധാനപരമായ വിയോജിപ്പ് ഒരു ഭരണഘടനാപരമായ അവകാശമായ, മതേതരവും ജനാധിപത്യപരവുമായ ഇന്ത്യയ്ക്കുവേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്', ട്വിങ്കില്‍ ഖന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം ട്വിങ്കിള്‍ ഖന്നയുടെ ഭര്‍ത്താവും ബോളിവുഡ് സൂപ്പര്‍താരവുമായ അക്ഷയ്കുമാര്‍ ജാമില മിലിയയിലെ പൊലീസ് നടപടിയെ പ്രശംസിച്ചുള്ള ഒരു ട്വീറ്റ് ലൈക്ക് ചെയ്തതിന് വിവാദത്തില്‍ പെട്ടിരുന്നു. എന്നാല്‍ പിന്നാലെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി. സ്‌ക്രോള്‍ ചെയ്യവെ അബദ്ധത്തില്‍ സംഭവിച്ചതാണ് ആ ലൈക്കെന്നും അത്തരം നടപടികളെ ഒരു തരത്തിലും താന്‍ പിന്തുണയ്ക്കുന്നില്ലെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ അക്ഷയ് കുമാറിന്റെ വിശദീകരണം. 

click me!