
മലയാള സിനിമാസ്വാദകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ലൂസിഫർ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ട്വിറ്ററിൽ നടക്കുന്നത്.
എമ്പുരാനായി ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻസും തെന്നിന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസും ഒന്നിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ നിർമ്മാണ കമ്പനിയാണ് ഹൊംബാളെ ഫിലിംസ്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ലൂസിഫറിന്റെ രണ്ടാം വരവ് വെറുതെ ആകില്ലെന്നാണ് സിനിമാസ്വാദകർ പറയുന്നത്. എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളില്‍ ഒന്നായിരുന്നു 2019ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'. അടുത്തിടെയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസ് ചെയ്തത്. ഗോഡ് ഫാദർ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിരഞ്ജീവി നായകനായി എത്തിയ ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തിയത്. സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു.
അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത്. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ജീത്തു ജോസഫിന്റെ റാം ഷൂട്ട് കഴിഞ്ഞ ശേഷം ആകും മോഹൻലാൽ എൽജെപി ചിത്രത്തിൽ ജോയിൻ ചെയ്യുക. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.
അത് അനുകരണമല്ല, ഒറിജിനൽ തന്നെ; വൈറല്‍ സുരേഷ് ഗോപി ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ