
ദുബായ്: പ്രശസ്ത എമിറാത്തി ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിയും നടി സുനൈനയും വേർപിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് നടി സുനൈന യെല്ലയുമായി പ്രണയത്തിലാണെന്ന് ഖാലിദ് അൽ അമേരി സ്ഥിരീകരിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഖാലിദ് ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഖാലിദ് അൽ അമേരിയുടെ പിറന്നാള്‍ ദിനത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ സുനൈന ഒരുക്കിയ സർപ്രൈസ് പാര്‍ട്ടിയുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചാണ് ഖാലിദ് പ്രണയം വെളിപ്പെടുത്തിയത്.
ഇൻസ്റ്റഗ്രാമിൽ 32 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഖാലിദും നടി സുനൈനയും പരസ്പരം സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതും ഒരുമിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതുമാണ് പുതിയ ബ്രേക്കപ്പ് ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ വഴിവെച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹ വാർത്തയ്ക്കായി ആരാധകർ കാത്തിരിക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത നീക്കം. ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാക്കിയത് കഴിഞ്ഞ ഡിസംബറിലായിരുന്നു. ഖാലിദ് തന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പർപ്പിൾ സാരി ധരിച്ച സുനൈനയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും "ഒരുമിച്ച് ഓർക്കാൻ മനോഹരമായ ഒരു രാത്രി, അൽഹംദുലില്ലാഹ്" എന്ന് കുറിക്കുകയും ചെയ്തിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ ഖാലിദിന്റെ പ്രൊഫൈലിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ, ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് പരസ്പരം ടാഗ് ചെയ്ത പോസ്റ്റുകളും ഒരുമിച്ചുള്ള മറ്റെല്ലാ ചിത്രങ്ങളും പൂർണ്ണമായി ഡിലീറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ഇരുവരും പരസ്പരം ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതുമില്ല. ഇതോടെയാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
2024 മുതൽക്കാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവരാൻ തുടങ്ങിയത്. ദുബായിലെ ഒരേ കഫേ സന്ദർശിച്ചതിന്റെ ചിത്രങ്ങളും ഒരേ തരം ഭക്ഷണ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചതോടെയാണ് ആരാധകർക്ക് സംശയം തോന്നി തുടങ്ങിയത്. തുടർന്ന് 2024 ജൂണിൽ തനിക്ക് നിശ്ചയം കഴിഞ്ഞതായി സുനൈന മോതിരം ധരിച്ച കൈകളുടെ ചിത്രം പങ്കുവെച്ച് വ്യക്തമാക്കിയിരുന്നു. പിന്നാലെ ഖാലിദും സമാനമായ ചിത്രം പങ്കുവെച്ചതോടെയാണ് വരൻ ഖാലിദ് അൽ അമേരി തന്നെയാണെന്ന് ആരാധകർ ഉറപ്പിച്ചത്.
യുഎഇയിലെ ഏറ്റവും ജനപ്രിയനായ കണ്ടന്‍റ് ക്രിയേറ്റർമാരിൽ ഒരാളാണ് ഖാലിദ്. ഹൃദ്യമായി അവതരണ രീതിയിലൂടെ ആഗോളതലത്തിൽ പ്രശസ്തനായ ഇദ്ദേഹത്തിന് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും വലിയ ആരാധകരുണ്ട്. പ്രമുഖ ഇൻഫ്ലുവൻസറായ സലാമ മുഹമ്മദായിരുന്നു ആദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്. 2024 ഫെബ്രുവരിയിലാണ് ഇവർ വിവാഹമോചിതരായത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ സജീവമായ നടിയാണ് ഹൈദരാബാദ് സ്വദേശിയായ സുനൈന. തമിഴ് ചിത്രം 'കാതലിൽ വിഴുന്തേൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. 'നീർപറവൈ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ നാമനിർദ്ദേശം ലഭിച്ചു. വിജയ് നായകനായ 'തേരി', 'സില്ലുക്കരുപ്പട്ടി' തുടങ്ങിയ ചിത്രങ്ങളിലും ആമസോൺ പ്രൈമിന്റെ 'ഇൻസ്‌പെക്ടർ ഋഷി' എന്ന വെബ് സീരീസിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും വേർപിരിയൽ വാർത്തകളോട് ഖാലിദോ സുനൈനയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ