
26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കായി (IFFK) കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. മാര്‍ച്ച് 18നാണ് മേള തുടങ്ങുന്നത്. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഉദ്ധരണി. നവാഗതനായ വിഘ്‌നേശ് പി ശശിധരൻ സംവിധാനം ചെയ്ത ഈ സ്വതന്ത്ര സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ
ആണ് ചിത്രീകരിച്ചിരിക്കുന്നത്.
ഒരു ഫിക്ഷണലായ ഭൂമികയിൽ അരങ്ങേറുന്ന ഈ ചിത്രത്തിന്റെ ദൈർഘ്യം രണ്ടു മണിക്കൂർ പത്തു മിനിറ്റാണ്. ഒരു നഗരം യുദ്ധത്തെ അഭിമുഖീകരിക്കാൻ ഒരുങ്ങുമ്പോൾ കുറച്ചു മാറി ശാന്തതയിൽ നിലകൊള്ളുന്ന ഒരു ഉദ്യാനവും ആ ഉദ്യാനത്തിന്റെ കവാടത്തിനു കാവൽ നിൽക്കുന്ന കാവൽക്കാരന്റെയും കഥയാണ് ചിത്രം സംവദിക്കുന്നത്. ആ ഉദ്യാനത്തെ പറ്റി പരക്കെ പല കഥകളും പ്രചരിക്കുന്നു. അവയിൽ പലതും മിത്തുകൾ കണക്കെ ജനങ്ങളിൽ നിലനിന്നു. ചുരുക്കം ചിലയാളുകൾക്ക് മാത്രമേ ഉദ്ധ്യാനത്തിലേക്കു പ്രവേശിക്കാനുള്ള ടിക്കറ്റ് ലഭിച്ചിരുന്നുള്ളു. കാവൽക്കാരൻ ടിക്കറ്റ് പരിശോധിച്ച് ആ സന്ദർശകരെ ഉദ്യാനത്തിലേക്ക് കടത്തിവിട്ടു . ദിവസവും ഇതു തന്നെ ആവർത്തിച്ചുപോന്നു.
Read Also: 26th IFFK : ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ 26 മുതൽ, മേള മാര്‍ച്ച് 18ന്
എന്നാൽ ഒരു ദിവസം ടിക്കറ്റില്ലാതെ ഒരു വൃദ്ധൻ ഉദ്യാനത്തിലേക്കു പ്രവേശിക്കാനായെത്തുന്നതും, അതനനുവദിച്ചു കൊടുക്കാൻ നിവർത്തിയില്ലാതെ കാവൽക്കാരനും വൃദ്ധനും തമ്മിലുണ്ടാവുന്ന സംഘർഷങ്ങളാണ് ചിത്രം പ്രതിപാദിക്കുന്നത്. സർറിയൽ ഫാന്റസി ജോണറിൽ സംസാരിക്കുന്ന ചിത്രം സ്ഥലത്തിന്റെയും കാലത്തിന്റെയും നേർവരമ്പുകൾ തകർക്കുന്നുണ്ട്. ഏഴ് അദ്ധ്യായങ്ങളിലായി സഞ്ചരിക്കുന്ന ഈ ചലച്ചിത്രം മനുഷ്യന്റെ ഉല്പത്തിയെ പറ്റിയും അവന്റെ അസ്തിത്വത്തെ പറ്റിയും ചർച്ച ചെയുന്നു. ജീവിതത്തെ ബൗദ്ധതലത്തിൽ നിന്നുള്ള ഒരു നോക്കിക്കാണൽ കൂടിയാണ് ഉദ്ധരണി.
ഏറെക്കുറെ പൂർണമായും പുതുമുഖങ്ങളാണ് ഈ ചിത്രത്തിന് പിന്നിൽ. സിനിമ -സീരിയൽ രംഗത്ത് സജീവമായിട്ടുള്ള കൃഷ്ണൻ പോറ്റി, സൗണ്ട് ഡിസൈൻ മേഖലയിൽ നിരവധി സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ഷെഫിൻ മായൻ എന്നിവരെ ഒഴിച്ചുനിർത്തിയാൽ അഭിനേതാക്കളും ടെക്‌നീഷ്യൻസും പൂർണ്ണമായും പുതുമുഖങ്ങളാണ്. സംവിധായൻ വിഘ്‌നേശ് പി ശശിധരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നതും. വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ജിനു സേവ്യർ.
അരുൺ കുമാർ, വിഷ്ണു ഷാജി, കൃഷ്ണൻ പോറ്റി, ഗായത്രി, ലക്ഷ്മി മനോജ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം -പാർത്ഥൻ സുരേഷ്, സംഗീതം - അക്ഷയ് ബാബു, കലാസംവിധാനം - സഫ്‌വാൻ എം. എം, ശബ്ദ സംവിധാനം -ഷെഫിൻ മായൻ, സ്റ്റിൽ ഫോട്ടോഗ്രാഫി - അരവിന്ദ് ഹരിദാസ്. മാർച്ച് പതിനെട്ടു മുതൽ ഇരുപത്തിയഞ്ചു വരെ തിരുവനന്തപുരത്തുവെച്ചു നടക്കുന്ന ഇരുപത്തിയാറാമതു അന്താരാഷ്ട ചലച്ചിത്രമേളയിലാണ് ഉദ്ധരണി വേൾഡ് പ്രീമിയറിനൊരുങ്ങുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ