തീയേറ്ററുകളിലേക്ക് വീണ്ടും ആളെത്തുമോ? ജൂലൈ ഒന്നിന് അമേരിക്കയില്‍ 'റിലീസ് പരീക്ഷണം'

By Web TeamFirst Published May 16, 2020, 2:31 PM IST
Highlights

കൊവിഡ് ഭീതി ഇനിയും ഒഴിയാത്ത സാഹചര്യത്തില്‍ റിലീസ് പ്രഖ്യാപിച്ചു എന്നതു മാത്രമല്ല കൗതുകം. മറിച്ച് നേരത്തെ തീരുമാനിച്ചിരുന്നതില്‍ നിന്ന് റിലീസ് അവര്‍ രണ്ടുമാസം നേരത്തെയാക്കി എന്നതുകൂടിയാണ്.

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ലോകമെമ്പാടും ഭീമമായ നഷ്ടം നേരിടുന്ന മേഖലയാണ് സിനിമാവ്യവസായം. മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലേക്ക് പോയതോടെ ലോകമാകമാനമുള്ള തീയേറ്റര്‍ ശൃംഖലകള്‍ അടഞ്ഞുകിടക്കുകയാണ്. നഷ്ടം കുറയ്ക്കാനുള്ള ബദല്‍ മാര്‍ഗ്ഗമെന്ന നിലയില്‍ ഒടിടി (ഓവര്‍ ദി ടോപ്പ്) റിലീസുകളിലേക്ക് മാറുകയാണ് ഇന്ത്യയിലുള്‍പ്പെടെ പല നിര്‍മ്മാതാക്കളും. ലോകമാകെ ഇതാണ് സാഹചര്യമെന്നിരിക്കെ തങ്ങളുടെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ തീയേറ്റര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് ഹോളിവുഡ് സ്റ്റുഡിയോ ആയ സോള്‍സ്റ്റൈസ് സ്റ്റുഡിയോസ്. പ്രമുഖ താരം റസല്‍ ക്രോ നായകനാവുന്ന ചിത്രമായ അണ്‍ഹിന്‍ജ്‍ഡ് ജൂലൈ ഒന്നിന് തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. അമേരിക്കയിലെ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് തീയേറ്റേഴ്‍സുമായും പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളുമായും ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് തീരുമാനം. 

കൊവിഡ് ഭീതി ഇനിയും ഒഴിയാത്ത സാഹചര്യത്തില്‍ റിലീസ് പ്രഖ്യാപിച്ചു എന്നതു മാത്രമല്ല കൗതുകം. മറിച്ച് നേരത്തെ തീരുമാനിച്ചിരുന്നതില്‍ നിന്ന് റിലീസ് അവര്‍ രണ്ടുമാസം നേരത്തെയാക്കി എന്നതുകൂടിയാണ്. സെപ്റ്റംബര്‍ 4 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന റിലീസിംഗ് തീയ്യതി. പ്രധാന സിനിമകളടക്കം റിലീസ് നീട്ടിവച്ചിരിക്കുന്നതിനാല്‍ 2021 തീയേറ്ററുകളില്‍ 'ഇടുക്ക'മുള്ള വര്‍ഷമായിരിക്കുമെന്നും അതിനാലാണ് തങ്ങളുടെ ചിത്രം എത്രയും വേഗം റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നും സോള്‍സ്റ്റൈസ് ചെയര്‍മാന്‍ മാര്‍ക് ഗില്ലിനെ ഉദ്ധരിച്ച് ഡെഡ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കോ ഷിക്കാഗോയോ പോലെയുള്ള വലിയ നഗരങ്ങളിലെ തീയേറ്ററുകളില്‍ സാധിച്ചില്ലെങ്കിലും താരതമ്യേന തിരക്കു കുറഞ്ഞ നഗരങ്ങളില്‍ റിലീസ് സാധ്യമാണെന്നാണ് നിര്‍മ്മാതാക്കളുടെ കണ്ടെത്തല്‍. 

ആയിരം സിനിമാപ്രേമികള്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിട്ടുകൂടിയാണ് ജൂലൈ റിലീസിന് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. തീയേറ്റര്‍ ഹാളിനുള്ളിലും 'സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്' നടപ്പാക്കേണ്ടിവരുന്ന സാഹചര്യത്തില്‍ മറ്റു റിലീസുകളില്ലാത്ത ജൂലൈ മാസം അനുകൂലമാണെന്നും സോള്‍സ്റ്റൈസ് സ്റ്റുഡിയോസ് കണക്കു കൂട്ടുന്നു. അമേരിക്കയില്‍ ജൂലൈയില്‍ 40,000 തീയേറ്ററുകള്‍ ലഭ്യമാണെന്നും അതില്‍ 8000 തീയേറ്ററുകളെങ്കിലും തങ്ങള്‍ക്ക് റിലീസിനായി വേണ്ടിവരുമെന്നും  നിര്‍മ്മാതാക്കള്‍ കരുതുന്നു. രണ്ട് മാസങ്ങള്‍ക്കപ്പുറം തങ്ങളുടെ ഇന്‍റര്‍നാഷണല്‍ റിലീസിന് ഉതകുംവിധം വിദേശരാജ്യങ്ങളില്‍ പലതും തീയേറ്ററുകള്‍ തുറന്നേക്കുമെന്നും ഹോളിവുഡ് പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. 

ഡെറിക് ബോര്‍ട് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് അണ്‍ഹിന്‍ജ്‍ഡ്. റസല്‍ ക്രോയ്ക്കൊപ്പം ജിമ്മി സിംസണ്‍, ഗബ്രിയേല്‍ ബേറ്റ്മാന്‍, കാറെന്‍ പിസ്റ്റോറിയസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജൂലൈയില്‍ തീയേറ്ററുകളിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന ഒരു ഹോളിവുഡ് ചിത്രം ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ടെനറ്റ് ആണ്.

click me!