
തിരുവനന്തപുരം: കേരളത്തിലെ സിനിമാ വ്യവസായത്തിന് വഴിത്തിരിവാകുന്ന ഏകീകൃത ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന സംവിധാനത്തിനായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കാനുള്ള കരാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനും (കെ.എസ്.എഫ്.ഡി.സി.) ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയും തമ്മിൽ ഒപ്പിട്ടത്.
സാംസ്‌കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലായിരുന്നു കരാർ കൈമാറ്റം. കെ.എസ്.എഫ്.ഡി.സി. മാനേജിംഗ് ഡയറക്‌ടർ പ്രിയദർശനൻ പി.എസ്., ഡിജിറ്റൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. എ. മുജീബ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സിനിമാ വ്യവസായത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഈ ഇ-ടിക്കറ്റിംഗ് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല കെ.എസ്.എഫ്.ഡി.സിക്കാണ്.
ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ എം. മുകേഷ് എം.എൽ.എ, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ കെ. മധു, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് സി. എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തിലെ എല്ലാ തീയേറ്ററുകളിലേക്കും വ്യാപിപ്പിക്കുന്ന ഈ ഇ-ടിക്കറ്റിംഗ് സംവിധാനം 2026 ഫെബ്രുവരി മാസത്തോടെ പൊതുജനങ്ങൾക്ക് പൂർണ്ണമായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സജ്ജമാകും. സിനിമാ വ്യവസായത്തിന്റെ സമഗ്രമായ വികസനത്തിന് ഈ പുതിയ സംവിധാനം മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ