'മേപ്പടിയാന്‍ ഉണ്ണിയുടെ ആത്മവിശ്വാസം'; ഉണ്ണി മുകുന്ദന്‍ ഗോഡ്‍ഫാദറില്ലാതെ പൊരുതി ജയിച്ച നടനെന്ന് സിബി മലയില്‍

Published : Jul 27, 2023, 09:55 AM IST
'മേപ്പടിയാന്‍ ഉണ്ണിയുടെ ആത്മവിശ്വാസം'; ഉണ്ണി മുകുന്ദന്‍ ഗോഡ്‍ഫാദറില്ലാതെ പൊരുതി ജയിച്ച നടനെന്ന് സിബി മലയില്‍

Synopsis

"അന്ന് മരണവീട്ടിലെ സന്ധ്യയില്‍ ഒരാള്‍ എന്‍റെ അടുത്തേക്ക് വന്നു- സാര്‍ ഞാനാണ് ഉണ്ണി മുകുന്ദന്‍. ലോഹി സാറിന്‍റെ സിനിമയില്‍ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞു"

സിനിമാ ജീവിതത്തില്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ പരിശ്രമങ്ങളെ പ്രശംസിച്ച് സിബി മലയില്‍. ലോഹിതദാസിന്‍റെ സിനിമയിലൂടെ അരങ്ങേറേണ്ടിയിരുന്ന ഉണ്ണി മുകുന്ദന്‍ ലോഹിയുടെ വിടവാങ്ങലിലും തളരാതെ മുന്നോട്ട് പോവുകയായിരുന്നെന്ന് സിബി പറഞ്ഞു. ഗോഡ്‍ഫാദര്‍മാരുടെ പിന്‍ബലമില്ലാതെയാണ് അദ്ദേഹം വളര്‍ന്നതെന്നും. കൊച്ചിയിലെ നിയോ ഫിലിം സ്കൂളിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍. ഉണ്ണി മുകുന്ദന്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

സിബി മലയിലിന്‍റെ വാക്കുകള്‍

ലോഹിതദാസ് മരിക്കുന്നത് മൂന്നാഴ്ച മുന്‍പ്, വലിയ ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ പോകുന്ന ഒരു സിനിമയുടെ ചര്‍ച്ചകളുമായി ലോഹിയുടെ ലക്കിടിയിലെ വീട്ടില്‍ ഒരു പകല്‍ മുഴുവന്‍ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു. താന്‍ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാന്‍ പോവുകയാണെന്നും ലോഹി അന്ന് എന്നോട് പറഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് ലോഹി അത് പറഞ്ഞത്. ചെറിയ റോളുകളിലൊന്നും വരണ്ട, മറിച്ച് തന്‍റെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ 
അയാള്‍ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ മൂന്നാഴ്ച കഴിഞ്ഞ് നമ്മെയൊക്കെ വേദനിപ്പിച്ചുകൊണ്ട് അദ്ദേഹം പോയി. അന്ന് മരണവീട്ടിലെ സന്ധ്യയില്‍ ഒരാള്‍ എന്‍റെ അടുത്തേക്ക് വന്നു- സാര്‍ ഞാനാണ് ഉണ്ണി മുകുന്ദന്‍. ലോഹി സാറിന്‍റെ സിനിമയില്‍ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകള്‍ ഇല്ലാതെയായെന്നും. അങ്ങനെയാണ് ഞാന്‍ ഉണ്ണി മുകുന്ദനെ ആദ്യം കാണുന്നത്. ഒരു മനുഷ്യനെ ഏറ്റവും നിരാശപ്പെടുത്തുന്ന, സങ്കടപ്പെടുത്തുന്ന നിമിഷത്തിലാണ് ഉണ്ണിയെ ഞാന്‍ ആദ്യം കണ്ടുമുട്ടിയത്. പക്ഷേ അവിടെ തോറ്റ് പിന്മാറാന്‍ ഉണ്ണി തയ്യാറായില്ല. ഉണ്ണി ഒരു ഫൈറ്റര്‍ ആണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രതികൂലങ്ങളെയും മറികടന്നുകൊണ്ട് ഒരു ഗോഡ്‍ഫാദറിന്‍റെയും പിന്‍ബലമില്ലാതെ സ്വയം പൊരുതി ജയിച്ച ആളാണ് ഉണ്ണി മുകുന്ദന്‍. 

ഉണ്ണി മുകുന്ദന്‍റെ സമീപകാല ചിത്രങ്ങളെക്കുറിച്ച് സിബി മലയില്‍- മേപ്പടിയാന്‍ എന്ന സിനിമ ഞാന്‍ ഒടിടിയിലാണ് കാണുന്നത്. അത്തരമൊരു സിനിമ നിര്‍മ്മിക്കാനും അതില്‍ അഭിനയിക്കാനും ഉണ്ണി കാണിച്ച ഒരു കോണ്‍ഫിഡന്‍സ് ഉണ്ട്. അത് ആ കഥയോടുള്ള വിശ്വാസമാണ്. അത് കണ്ട ഓരോരുത്തരുടെയും ഉള്ളത്തെ ഉലയ്ക്കുന്ന രീതിയിലുള്ള കഥയാണ് ആ സിനിമയുടേത്. അത് ഏറ്റവും നന്നായി ചെയ്യാന്‍ ഉണ്ണിക്ക് കഴിഞ്ഞു. ആക്ഷന്‍ ഹീറോ ഇമേജില്‍ നിന്ന് മാറി കിട്ടിയ ഒരു അവസരത്തെ നന്നായി ഉപയോഗിക്കാന്‍ ഉണ്ണിക്ക് കഴിഞ്ഞു. പിന്നീട് ഏറ്റവുമൊടുവില്‍ മാളികപ്പുറം. ഒരു താരത്തിന്‍റെ വളര്‍ച്ചയിലെ ഏറ്റവും പ്രധാന ഘട്ടത്തിലൂടെയാണ് ഉണ്ണി കടന്നുപോകുന്നത്. ആ യാത്ര ഏറ്റവും പെട്ടെന്ന് സാധിക്കട്ടെയെന്ന് ആശംസിക്കുകയാണ്. 

ALSO READ : എന്തുകൊണ്ട് എപ്പോഴും ഈ ചിരി? ചിത്ര ഏറ്റവും കൂടുതല്‍ കേട്ട ചോദ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും