കുഞ്ഞു സ്വപ്‍നങ്ങളുമായി വന്ന 'ഷെഫീഖി'നെ ഏറ്റെടുത്ത് പ്രേക്ഷകര്‍

By Web TeamFirst Published Nov 28, 2022, 1:32 PM IST
Highlights

ഉണ്ണി മുകുന്ദൻ ചിത്രം 'ഷെഫീക്കിന്റെ സന്തോഷം' ഏറ്റെടുത്ത് പ്രേക്ഷകര്‍.

സ്നേഹവും ഒരുപാട് സ്വപ്‍നങ്ങളും ഉള്ള ഒരു പ്രവാസിയായ 'ഷഫീക്കാ'യി ഉണ്ണി മുകുന്ദൻ മാറിയപ്പോള്‍ തിയേറ്ററിൽ നിന്ന് ഇറങ്ങുന്നവരുടെ മനസ്സിൽ ഒരു ചിരി സമ്മാനിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു  എന്നതാണ് 'ഷഫീഖിന്റെ സന്തോഷ'ത്തെ വേറിട്ടു നിർത്തുന്ന പ്രധാന ഘടകം. മനോഹരമായ ഒരു കുടുംബ ചിത്രം എന്ന പേരെടുക്കാൻ ചിത്രത്തിന് കുറച്ചുദിവസങ്ങളില്‍ കൊണ്ടുതന്നെ സാധിച്ചിരിക്കുകയാണ്. ഒരു നടനെ നിലയിൽ ഉണ്ണി മുകുന്ദൻ പക്വതയാര്‍ജ്ജിച്ചു എന്നത് 'ഷെഫീഖ്' എന്ന കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ചതിൽ വ്യക്തമാണ്. അനൂപ് പന്തളം തന്റെ ആദ്യ ചിത്രത്തില്‍ തന്നെ സംവിധായകനായി വരവറിയിച്ചിരിക്കുന്നു.

മൂലക്കുരു രോഗവും അതുള്ള വ്യക്തിയുടെ മാനസികാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ പ്രേക്ഷകരിൽ ചിരിയും ചിന്തയും ഒരുപോലെ കൊണ്ടുവരാൻ സാധിക്കുന്നുണ്ട്. സിനിമയിൽ ബാലയുടെയും മനോജ് കെ ജയന്റെയും കഥാപാത്രങ്ങള്‍ പ്രേക്ഷകർ സ്വീകരിച്ചു എന്നത് തിയറ്ററിലെ കയ്യടിയിൽ നിന്ന് തന്നെ വ്യക്തമാണ്. വെറും ചിരി മാത്രമാകാതെ കാഴ്‍ചക്കാരുടെ കണ്ണ് ചെറുതായി നനയിക്കുന്ന നിമിഷങ്ങളും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ അവസാന രംഗങ്ങളിലുള്ള സ്വപ്‍നം കേള്‍ക്കുമ്പോള്‍ അത് നമ്മുടെ ഓരോരുത്തരുടേയും ആയി മാറുന്നു.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലാണ് ചിത്രം എത്തിയത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വിനോദ് മംഗലത്ത് ആണ്. 'ഷെഫീക്കിന്റെ സന്തോഷ'മെന്ന ചിത്രത്തിന്റെ ചിത്രസംയോജനം നൗഫൽ അബ്‍ദുള്ളയാണ്.

മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം. മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി  മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ എന്നിവരുമാണ്.

Read More: അനുപമ പരമേശ്വരൻ ചിത്രത്തിനായി പാടാൻ ചിമ്പു

click me!