
മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍. എല്‍ ഫോര്‍ ലവ് എന്ന ക്യാപ്ഷനും അദ്ദേഹം ചിത്രത്തിന് നല്‍കിയിട്ടുണ്ട്. എംബ്രോയ്‍ഡറി ഉള്ള വൈറ്റ് ഷര്‍ട്ടുകള്‍ ആണ് ഫോട്ടോയില്‍ ഇരുവരും ധരിച്ചിരിക്കുന്നത്.
അതേസമയം മുന്‍ മാനേജരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി ഇന്നലെ തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് മുകുന്ദൻ പരാതി നൽകിയത്. അതേസമയം വലിയ വാര്‍ത്താപ്രാധാന്യം നേടിയ സംഭവത്തില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍ ഇന്നലെ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.
മുൻ മാനേജരായ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ച ഉണ്ണി മുകുന്ദന്‍ തന്നെക്കുറിച്ച് വിപിൻ മോശം കാര്യങ്ങള്‍ പറഞ്ഞുപരത്തിയെന്നും ആരോപിച്ചു. വാക്കുതര്‍ക്കത്തിനിടെ വിപിന്‍റെ കൂളിംഗ് ഗ്ലാസ് താന്‍ വലിച്ചെറിഞ്ഞുവെന്നും അല്ലാതെ വിപിനെ മര്‍ദിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. രണ്ടാഴ്ച മുൻപ് ഒരു അറിയാത്ത നമ്പറിൽ നിന്ന് ഒരു വനിത തന്നെ വിളിച്ചിരുന്നുവെന്നും അവർ വിപിനെക്കുറിച്ച് പല കാര്യങ്ങളും വ്യക്തമാക്കിയെന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. വളരെ മോശപ്പെട്ട കാര്യങ്ങൾ ആണ് പറഞ്ഞത്. അതെല്ലാം ഉൾകൊള്ളിച്ച് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഒന്നിലധികം നടിമാര്‍ വിപിനെതിരെ വിവിധ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ടോവിനോയെകുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പറയുകയുമില്ലെന്നും പറഞ്ഞ ഉണ്ണി മുകുന്ദന്‍ തങ്ങൾ ഏറ്റവും നല്ല സുഹൃത്തുക്കളാണെന്നും വ്യക്തമാക്കി.
അതേസമയം തുടരും സിനിമയുടെ വിജയാഹ്ലാദത്തിലാണ് മോഹന്‍ലാല്‍. തിയറ്ററില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ ഹിറ്റ് ആയി മാറിയ തുടരും കഴിഞ്ഞ ദിവസം ഒടിടിയില്‍ എത്തിയപ്പോഴും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 260 കോടിക്ക് മുകളില്‍ നേടിയിരുന്നു ചിത്രം. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ഗ്രോസും 50 കോടിയിലേറെ ഷെയറും നേടി ചിത്രം. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.