ആ വില്ലന്‍ ഇനി നായകന്‍! 30 കോടി ബജറ്റില്‍ ഉണ്ണി മുകുന്ദന്‍റെ മാര്‍കോ വരുന്നു

ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേത് തന്നെ


ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു നിവിന്‍ പോളി നായകനായെത്തിയ മിഖായേല്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം. ഉണ്ണി മുകുന്ദനിലെ താരത്തിന്‍റെ സ്വാഗും സ്റ്റൈലുമൊക്കെ നന്നായി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഇത്. ഉണ്ണി വ്യത്യസ്തമായാണ് ഈ കഥാപാത്രത്തെ കൈകാര്യം ചെയ്തതും. ഇപ്പോഴിതാ നാല് വര്‍ഷത്തിനിപ്പുറം ഈ കഥാപാത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. വില്ലനായല്ല, മറിച്ച് നായകനായി!

മിഖായേലിലെ പ്രതിനായകന്‍ മാര്‍കോയെ നായകനാക്കി ചിത്രം ഒരുക്കുന്നതും ഹനീഫ് അദേനി തന്നെയാണ്. ചിത്രത്തിന്‍റെ രചനയും സംവിധായകന്‍റേത് തന്നെയാണ്. 30 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ഒരു ചിത്രത്തിലെ വില്ലനെ നായകനാക്കി എത്തുന്ന ചിത്രം എന്നത് പുതുമയാണ്. മലയാളത്തിലെ ആക്ഷന്‍ സിനിമാ ജോണറിന്‍റെ അതിരുകള്‍ ലംഘിക്കുമെന്ന് അണിയറക്കാര്‍ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറെ വയലന്‍ഡ് ആയ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നും അണിയറക്കാര്‍ പറയുന്നു. 

Latest Videos

മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. തിയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു ഈ ചിത്രം. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഗന്ധര്‍വ്വ ജൂനിയര്‍, രഞ്ജിത്ത് ശങ്കറിന്‍റെ ജയ് ഗണേഷ്, ആര്‍ എസ് ദുരൈ സെന്തില്‍കുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തമിഴ് ചിത്രം കരുടന്‍ എന്നിവയാണ് ഉണ്ണി മുകുന്ദന്‍റെ മറ്റ് അപ്കമിംഗ് പ്രോജക്റ്റുകള്‍. അതേസമയം രാമചന്ദ്ര ബോസ് ആന്‍ഡ് കോ ആണ് ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ അവസാനമെത്തിയ ചിത്രം. നിവിന്‍ പോളി നായകനായ ഈ ചിത്രം ഓണം റിലീസ് ആയിരുന്നു.

ALSO READ : തമിഴില്‍ 'സംഗഗിരി സ്ക്വാഡ്' ആക്കില്ലല്ലോ? കണ്ണൂര്‍ സ്ക്വാഡ് ഗംഭീരമെന്ന് തമിഴ് നിര്‍മ്മാതാവ്, ആരാധകന്‍റെ ചോദ്യം

click me!