തമിഴിലെ പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയനാണ് ചിത്രം തനിക്ക് ഏറെ ഇഷ്ടമായെന്ന് പറഞ്ഞ് എക്സില്‍ എത്തിയത്
മലയാള സിനിമയില്‍ എന്താണ് നടക്കുന്നതെന്ന് മറുഭാഷയില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ എക്കാലവും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഒടിടി അനന്തര കാലത്ത് ആ ശ്രദ്ധ കൂടുതലാണ്. ഇന്ന് ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവുമധികം റീമേക്ക് റൈറ്റ്സ് വിറ്റുപോകുന്നതും മലയാളത്തില്‍ നിന്നാണ്. ഇപ്പോഴിതാ, തിയറ്ററുകളില്‍ വിജയം നേടുന്ന മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ് ഗംഭീരമെന്ന് പറഞ്ഞ പ്രമുഖ തമിഴ് നിര്‍മ്മാതാവിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച ഒരു കമന്‍റും മറുപടിയും ശ്രദ്ധ നേടുകയാണ്.
തമിഴിലെ പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയനാണ് ചിത്രം തനിക്ക് ഏറെ ഇഷ്ടമായെന്ന് പറഞ്ഞ് സമൂഹമാധ്യമമായ എക്സില്‍ എത്തിയത്. കണ്ണൂര്‍ സ്ക്വാഡ് ഒരു ഗംഭീര സിനിമയാണ്. പിന്നില്‍ വലിയ ഗവേഷണവും കഠിനാധ്വാനവുമുള്ള ആവേശപൂര്‍വ്വം ചെയ്ത ഒരു ചിത്രം. തന്‍റെ സംഘാംഗങ്ങള്‍ക്കൊപ്പം കുറ്റവാളികള്‍ക്കായി അവസാനിക്കാത്ത അന്വേഷണം നടത്തുന്ന പൊലീസുകാരനായി ഇതിഹാസതാരം മമ്മൂട്ടി ഗംഭീരമായിട്ടുണ്ട്. ശ്രദ്ധേയ അരങ്ങേറ്റമാണ് സംവിധായകന്‍ റോബി വര്‍ഗീസ് രാജ് നടത്തിയിരിക്കുന്നത്. ടീം മമ്മൂട്ടി കമ്പനിക്ക് അഭിനന്ദനങ്ങള്‍. തീര്‍ച്ഛയായും തിയറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണിത്, എന്നായിരുന്നു ധനഞ്ജയന്‍റെ വാക്കുകള്‍. അതിന് താഴെയാണ് രസകരമായ കമന്‍റ് പ്രത്യക്ഷപ്പെട്ടത്.
ഇതിന്‍റെ റീമേക്ക് അവകാശം വാങ്ങി സംഗഗിരി സ്ക്വാഡ് എന്ന പേരില്‍ വിജയ് ആന്‍റണിയെ നായകനാക്കി തമിഴില്‍ നിര്‍മ്മിക്കരുത് എന്നായിരുന്നു കമന്റ്. തമാശ നിറഞ്ഞ കമന്‍റ് ആണെങ്കിലും ഗൌരവപൂര്‍വ്വമായിരുന്നു ധനഞ്ജയന്‍റെ പ്രതികരണം. ഒടിടി കാലത്ത് റീമേക്കുകള്‍ സാധ്യമല്ലെന്നും അത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം കുറിച്ചു.
വിജയ് ആന്‍റണി നായകനായ കോടിയില്‍ ഒരുവന്‍, കൊലൈ, രത്തം എന്നിവയുടെ സഹനിര്‍മ്മാതാവ് ആണ് ധനഞ്ജയന്‍. മുന്‍പ് അല്‍ഫോന്‍സ് പുത്രന്‍ ചിത്രം പ്രേമം തമിഴ്നാട്ടില്‍ തരംഗം തീര്‍ത്ത സമയത്ത് അതിന് തമിഴ് റീമേക്ക് വേണ്ടെന്ന് തമിഴ് സിനിമാപ്രേമികള്‍ വലിയ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ നടത്തിയിരുന്നു. അതേസമയം ബോക്സ് ഓഫീസില്‍ വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് കണ്ണൂര്‍ സ്ക്വാഡ്.
ALSO READ : ആ കോംബോ വീണ്ടും; ഞെട്ടിക്കാന്‍ ഫഹദും വടിവേലുവും, ഇക്കുറി കോമഡി
