എംടിയുടെ നായകനാവാന്‍ ഉണ്ണി മുകുന്ദന്‍; സംവിധാനം ജയരാജ്

By Web TeamFirst Published Aug 25, 2021, 6:58 PM IST
Highlights

ജയരാജിനെക്കൂടാതെ അഞ്ച് പ്രമുഖ സംവിധായകരാണ് ആന്തോളജിയിലെ മറ്റു ചിത്രങ്ങള്‍ ഒരുക്കുക

എം ടി വാസുദേവന്‍ നായരുടെ രചനയിലെ കേന്ദ്ര കഥാപാത്രമാവാന്‍ ഉണ്ണി മുകുന്ദന്‍. എംടിയുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിയ ആന്തോളജി ചിത്രത്തില്‍ ജയരാജ് സംവിധാനം ചെയ്യുന്ന ലഘുചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ നായകനാവുക. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിലൂടെയാവും ഈ ചലച്ചിത്ര സമുച്ചയം പ്രേക്ഷകരിലേക്ക് എത്തുക. 

ALSO READ: എംടിയുടെ രചനയില്‍ സിനിമയൊരുക്കാന്‍ പ്രിയദര്‍ശന്‍; ബിജു മേനോന്‍ നായകന്‍

ജയരാജിനെക്കൂടാതെ അഞ്ച് പ്രമുഖ സംവിധായകരാണ് ആന്തോളജിയിലെ മറ്റു ചിത്രങ്ങള്‍ ഒരുക്കുക. ഇതില്‍ പ്രിയദര്‍ശനും സന്തോഷ് ശിവനും സംവിധാനം ചെയ്യുന്ന ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. എംടിയുടെ 'ശിലാലിഖിതം' എന്ന കഥയാണ് പ്രിയദര്‍ശന്‍ സ്ക്രീനില്‍ എത്തിക്കുന്നത്. ബിജു മേനോന്‍ ആണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ALSO READ: നെറ്റ്ഫ്ളിക്സിനുവേണ്ടി എംടിയും സന്തോഷ് ശിവനും കൈകോര്‍ക്കുന്നു

എംടിയുടെ 'അഭയം തേടി' എന്ന രചനയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത്. സിദ്ദിഖ് ആണ് ചിത്രത്തിലെ നായകന്‍. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ഈ ചിത്രം. കഥ എന്നതിനേക്കാള്‍ അമൂര്‍ത്തമായ ഒരു ആശയത്തില്‍ നിന്നാണ് ഈ ചിത്രം സൃഷ്‍ടിച്ചെടുക്കേണ്ടതെന്നും അത് വെല്ലുവിളി സൃഷ്‍ടിക്കുന്ന ഒന്നാണെന്നും സന്തോഷ് ശിവന്‍ നേരത്തേ പറഞ്ഞിരുന്നു. 

അതേസമയം ആന്തോളജിയിലെ മറ്റ് മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് ആരൊക്കെയെന്നത് സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മധുപാല്‍, ശ്യാമപ്രസാദ്, അമല്‍ നീരദ്, രഞ്ജിത്ത് എന്നീ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഈ പ്രോജക്റ്റിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇനിയും എത്തിയിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!