മോഹന്‍ലാലിനൊപ്പം വീണ്ടും സ്ക്രീനിലെത്താന്‍ ഉണ്ണി മുകുന്ദന്‍; 'ബ്രോ ഡാഡി'യിലും '12ത്ത് മാനി'ലും

By Web TeamFirst Published Jul 24, 2021, 12:07 PM IST
Highlights

'ജനതാ ഗാരേജി'നു ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം

മലയാളത്തിലെ യുവനിരയിലെ ഏത് താരത്തിന്‍റെയും ആഗ്രഹങ്ങളില്‍ ഒന്നായിരിക്കും മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത്. ഉണ്ണി മുകുന്ദനെ സംബന്ധിച്ച് അത്തരമൊരു അവസരം ആദ്യമായി ലഭിച്ചത് അഞ്ച് വര്‍ഷം മുന്‍പാണ്. പക്ഷേ മലയാളത്തിലായിരുന്നില്ല അത്. കൊരട്ടല ശിവയുടെ സംവിധാനത്തില്‍ 2016ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം 'ജനതാ ഗാരേജി'ലാണ് ഉണ്ണി മോഹന്‍ലാലിനൊപ്പം എത്തിയത്, അതും ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകന്‍റെ വേഷത്തില്‍. ഇപ്പോഴിതാ മലയാളത്തിലും ഉണ്ണിക്ക് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ക്ഷണം ലഭിച്ചിരിക്കുകയാണ്, ഒന്നല്ല രണ്ട് ചിത്രങ്ങളില്‍.

'ലൂസിഫറി'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യിലും ജീത്തു ജോസഫ് ഒരുക്കുന്ന '12ത്ത് മാനി'ലുമാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. ഇതില്‍ ബ്രോ ഡാഡിയിലേത് അതിഥിവേഷമാണെങ്കില്‍ 12ത്ത് മാനിലേത് മുഴുനീള കഥാപാത്രമാണ്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഉണ്ണി.

 

ലൂസിഫര്‍ പൊളിറ്റിക്കല്‍ അണ്ടര്‍ടോണ്‍ ഉള്ള ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്.

അതേസമയം 'ദൃശ്യം 2'നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന '12ത്ത് മാനി'ന്‍റെ രചന കെ ആര്‍ കൃഷ്‍ണകുമാറിന്‍റേതാണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ഇരുചിത്രങ്ങളും നിര്‍മ്മിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!