കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും 'മരക്കാറി'ന് മൂന്നാഴ്ചത്തെ 'ഫ്രീ റണ്‍'

Published : Jul 24, 2021, 10:58 AM ISTUpdated : Jul 24, 2021, 10:59 AM IST
കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും 'മരക്കാറി'ന് മൂന്നാഴ്ചത്തെ 'ഫ്രീ റണ്‍'

Synopsis

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റേണ്ടിവന്ന ബിഗ് റിലീസുകളില്‍ പ്രധാനമാണ് പ്രിയദര്‍ശന്‍റെ 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. പലകുറി റിലീസ് തീയതികള്‍ മാറ്റേണ്ടിവന്ന ചിത്രം ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന് തിയറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ് നിര്‍മ്മാതാവിന്‍റെ ധാരണ. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ 'മരക്കാര്‍' പോലൊരു ചിത്രം വന്നാല്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ വീണ്ടുമെത്തുമെന്ന് തിയറ്റര്‍ ഉടമകള്‍ കരുതുന്നു. കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മറ്റു റിലീസുകള്‍ ഒഴിവാക്കിക്കൊണ്ട് മൂന്നാഴ്ചത്തെ 'ഫ്രീ-റണ്‍' ചിത്രത്തിന് നല്‍കുമെന്ന് തിയറ്റര്‍ ഉടമകളും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും മരക്കാറിന് ഈ ആനുകൂല്യം ലഭിക്കുമെന്നാണ് പുതിയ വിവരം.

ALSO READ: റിലീസിംഗില്‍ റെക്കോര്‍ഡ് ഇടാന്‍ 'മരക്കാര്‍'; കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ്, മൂന്നാഴ്ച 'ഫ്രീ-റണ്‍'

പ്രിയദര്‍ശന്‍ തന്നെയാണ് ഒരു അഭിമുഖത്തിനിടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തിയറ്റര്‍ ഉടമകള്‍ ചിത്രത്തിനൊപ്പം നില്‍ക്കുകയാണെന്ന് പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രിയന്‍ പറഞ്ഞു. "ഒന്നര വര്‍ഷമായി ഞങ്ങള്‍  മരക്കാര്‍ റിലീസിനായുള്ള കാത്തിരിപ്പിലാണ്. ഓഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി. കേരളത്തിനൊപ്പം തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകളും ചിത്രത്തിന് പിന്തുണ വാഗ്‍ദാനം ചെയ്‍തിട്ടുണ്ട്. ബോക്സ് ഓഫീസില്‍ ചിത്രം മികച്ച നേട്ടം കൈവരിക്കുമെന്നാണ് വിശ്വാസം. 21 ദിവസത്തേക്ക് മറ്റു ചിത്രങ്ങളൊന്നും റിലീസ് ചെയ്യില്ലെന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും തിയറ്റര്‍ ഉടമകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കാരണം പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെയെത്തിക്കാന്‍ കഴിയുന്ന ചിത്രമാണ് മരക്കാറെന്ന് അവര്‍ക്ക് ബോധ്യമുണ്ട്", പ്രിയദര്‍ശന്‍ പറയുന്നു.

 

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. മൂന്ന് ദേശീയ പുരസ്‍കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനൊപ്പം വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള ദേശീയ പുരസ്‍കാരങ്ങളും ചിത്രം നേടി. മരക്കാറിന്‍റെ സ്പെഷല്‍ എഫക്റ്റ്സ് മേല്‍നോട്ടം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രിയദര്‍ശന്‍റെ മകന്‍ സിദ്ധാര്‍ഥ് ആണ്.

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍