'മാമാങ്ക'ത്തെ ഡീഗ്രേഡ് ചെയ്യുന്നവരോട്...'; ഉണ്ണി മുകുന്ദന് പറയാനുള്ളത്

By Web TeamFirst Published Dec 13, 2019, 9:18 PM IST
Highlights

"മലയാളസിനിമകള്‍ക്ക് വലിയ മുതല്‍മുടക്ക് കണ്ടെത്താന്‍ പ്രയാസമാണ്. പ്രേക്ഷകര്‍ക്ക് ഇവിടെ വലിയൊരു റോളുണ്ട്. കാരണം നിങ്ങളാണ് മലയാളത്തില്‍ എത്തരത്തിലുള്ള സിനിമകള്‍ വരണം എന്ന് തീരുമാനിക്കേണ്ടത്."

കാണുന്ന സിനിമകളെ വിമര്‍ശിക്കാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ടെങ്കിലും അത് വ്യക്തിഹത്യയുടെ നിലയിലേക്ക് പോയാല്‍ അംഗീകരിക്കാനാവില്ലെന്ന് ഉണ്ണി മുകുന്ദന്‍. കഴിഞ്ഞദിവസം തീയേറ്ററുകളിലെത്തിയ ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്ന ചില അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു ഉണ്ണിയുടെ പ്രതികരണം. മറ്റ് ഭാഷാ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ മാമാങ്കം പോലെയുള്ള സിനിമകള്‍ മലയാളത്തില്‍ ചെയ്യാനാവൂ. മാമാങ്കം വിജയകരമായി 100 ദിവസം തീയേറ്ററുകളില്‍ പൂര്‍ത്തിയാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

'മലയാളസിനിമകള്‍ക്ക് വലിയ മുതല്‍മുടക്ക് കണ്ടെത്താന്‍ പ്രയാസമാണ്. പ്രേക്ഷകര്‍ക്ക് ഇവിടെ വലിയൊരു റോളുണ്ട്. കാരണം നിങ്ങളാണ് മലയാളത്തില്‍ എത്തരത്തിലുള്ള സിനിമകള്‍ വരണം എന്ന് തീരുമാനിക്കേണ്ടത്. പല ഭാഷകളിലെ എല്ലാത്തരം സിനിമകളും നാമിന്ന് കാണുന്നുണ്ട്. സിനിമകള്‍ മാത്രമല്ല ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന വെബ് സിരീസുകളും നാം കാണുന്നുണ്ട്. സിനിമ കാണുക, വിമര്‍ശിക്കുക. അല്ലാതെ അതൊരു വ്യക്തിഹത്യയിലേക്ക് പോകരുത്. ഡിഗ്രേഡിംഗിന്റെ പേരില്‍ ഒരു സിനിമാവ്യവസായത്തെ ഡിസ്റ്റര്‍ബ് ചെയ്യരുത്. ഇതെന്റെ വിനീതമായ അപേക്ഷയാണ്. നിങ്ങളുടെ പിന്തുണയിലൂടെ ഈ സിനിമ വിജയിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മാമാങ്കം തീയേറ്ററുകളില്‍ 100 ദിവസം വിജയകരമായി പൂര്‍ത്തീകരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്', ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

മലയാളത്തില്‍ നിലവില്‍ ഏറ്റവുമധികം മുതല്‍മുടക്കില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയാണ് മാമാങ്കം. 50 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. 45 രാജ്യങ്ങളിലെ രണ്ടായിരത്തിലധികം തീയേറ്ററുകളിലായിരുന്നു വ്യാഴാഴ്ച റിലീസ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാ പതിപ്പുകളിലും ഒരേസമയം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍ 23.7 കോടിയാണെന്നാണ് നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന യോദ്ധാവിനെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെയും മാസ്റ്റര്‍ അച്യുതന്റെയും കഥാപാത്രങ്ങള്‍ക്കൊപ്പം പ്രാധാന്യമുണ്ട് മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ക്ക്. 

click me!