തന്‍റെ ഔദ്യോഗിക പേര് ജാഫർ എന്നല്ലെന്ന് ജാഫര്‍ ഇടുക്കി. അത് വന്ന വഴിയെക്കുറിച്ചും താരം

കോമഡിയും ക്യാരക്റ്റര്‍ റോളുകളും ഒരേ മികവോടെ ചെയ്യുന്ന അഭിനേതാവാണ് ജാഫര്‍ ഇടുക്കി. കൊച്ചിന്‍ കലാഭവന്‍റേത് അടക്കം മിമിക്രി വേദികളില്‍ തിളങ്ങിയതിന് ശേഷമാണ് ജാഫര്‍ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോള്‍ മലയാള സിനിമയ്ക്ക് ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് അദ്ദേഹം. അറിയപ്പെടുന്നത് ജാഫര്‍ ഇടുക്കി എന്നാണെങ്കിലും അദ്ദേഹത്തിന്‍റെ ഔദ്യോഗിക പേര് ജാഫര്‍ എന്നല്ല. ഇപ്പോഴിതാ അതിനെക്കുറിച്ചും തന്‍റെ ഒഫിഷ്യല്‍ പേര് വന്ന വഴിയെക്കുറിച്ചും പറയുകയാണ് ജാഫര്‍ ഇടുക്കി. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ ശരിക്കുമുള്ള പേര് പറഞ്ഞ് ജാഫര്‍ ഇടുക്കി

“വീട്ടിലും സിനിമയിലുമൊക്കെ ജാഫര്‍ ആണെങ്കിലും ഇതിനിടയില്‍ ഒരു ജബ്ബാര്‍ വന്നുകേറി. ഒരു കഥയാണ് അത്. ഞങ്ങള്‍ വനത്തിന് അടുത്താണ് അന്ന് താമസിക്കുന്നത്. എന്‍റെ കുഞ്ഞിലെ നഴ്സറിയൊന്നും ഇല്ല. എഴുത്ത് പഠിപ്പിക്കുന്നവരേ ഉള്ളൂ. അങ്കന്‍വാടിയും ഇല്ല. അപ്പോള്‍ എന്നെ മാത്രമല്ല, കൂലിപ്പണിക്കാരുടെ പിള്ളേരെയൊക്കെ ഒരു നാല് വയസ് ആവുമ്പോഴേ സ്കൂളില്‍ കൊണ്ടുപോവും. ഇത്തവണ ചേര്‍ക്കണം എന്ന് പറയും. ഇതിനൊന്നും പഠിക്കാറായിട്ടില്ല എന്ന് പറഞ്ഞ് തിരിച്ചയ്ക്കും. ആ സ്കൂളിന്‍റെ കോണില്‍ ഒരു ഞാറ മരമുണ്ടായിരുന്നു. അതിന്‍റെ അടുത്തായിട്ട് താമസിക്കുന്ന ഒരു ശാര്‍ങധരന്‍ സാര്‍ ഉണ്ടായിരുന്നു. കൊമ്പന്‍ മീശയൊക്കെയുള്ള ഒരാള്‍. ബെല്ലില്ലാത്ത പള്ളിക്കൂടമെന്നേ ഞാന്‍ പറയൂ. സാര്‍ ആ ഞാറയുടെ ചുവട്ടില്‍ നിന്ന് ഒന്ന് മുരടനക്കിയാല്‍ കുട്ടികളെല്ലാം ഓടി സ്കൂളില്‍ കയറും. അത്രയ്ക്ക് പേടി ആയിരുന്നു. ഈ സാറിനെ കാണുമ്പോള്‍ ഞാന്‍ നിക്കറില്‍ സാധിക്കും. അപ്പോള്‍ ആരെയെങ്കിലും കൂട്ടി വീട്ടിലേക്ക് വിടും. ഇത് പലകുറി ആവര്‍ത്തിച്ചു”, ജാഫര്‍ ഇടുക്കി പറയുന്നു.

“ഒരു ദിവസം ശാര്‍ങധരന്‍ സാര്‍ എന്‍റെ വാപ്പയോട് പറഞ്ഞു, കൊച്ചനെ ഇക്കൊല്ലം വിടണ്ട, അവന്‍ വരാനുള്ളത് ആയിട്ടില്ലെന്ന്. അങ്ങനെ ആ വര്‍ഷം അങ്ങ് പോയി. പക്ഷേ സ്കൂളില്‍ ജാഫര്‍ എന്ന പേരില്‍ ചേര്‍ത്തിരുന്നു. അടുത്ത വര്‍ഷം സ്കൂളില്‍ എത്തിയപ്പോള്‍ ക്ലര്‍ക്ക് മാറിയിട്ടില്ല. പേര് ചോദിച്ചപ്പോള്‍ വാപ്പ ജാഫര്‍ എന്ന് പറഞ്ഞു. അയ്യോ ജാഫര്‍ എന്ന് പറഞ്ഞ് ചേര്‍ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു. വേറൊരു പേര് ഇട്ടാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ ജബ്ബാര്‍ എന്ന് പേരിട്ടോളാന്‍ വാപ്പ പറഞ്ഞു. അങ്ങനെ ഒഫിഷ്യല്‍ നെയിം ജബ്ബാര്‍ എന്ന് ആയിപ്പോയി. ഇപ്പോഴും വീട്ടിലും നാട്ടിലും ജാഫര്‍ തന്നെയാണ്. ജബ്ബാര്‍ എ എം എന്നാണ് എന്‍റെ ഒഫിഷ്യല്‍ പേര്”, ജാഫര്‍ ഇടുക്കി പറഞ്ഞവസാനിപ്പിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming