
കൊവിഡ് പശ്ചാത്തലത്തില്‍ പത്ത് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന അഭ്യര്‍ഥനയുമായി ഉണ്ണി മുകുന്ദന്‍. സിനിമയും ഒരു തൊഴില്‍ മേഖലയാണെന്നും ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാര്‍ഗ്ഗമാണ് വഴിമുട്ടിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തീയേറ്ററുകള്‍ തുറക്കണമെന്ന് മലയാളത്തില്‍ നിന്ന് ഒരു ചലച്ചിത്രതാരം ആദ്യമായാണ് ആവശ്യം ഉന്നയിക്കുന്നത്.
ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്
സിനിമയും ഒരു തൊഴിലാണ്!! കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി കടന്നു വന്ന് നമ്മുടെയെല്ലാം ജീവിതം തന്നെ താറുമാറാക്കിയിട്ട് ഒരു വർഷത്തോളമാകുന്നു. കോവിഡ്-19 എന്ന വൈറസ് കാരണം നമ്മുടെ ജീവിത ശൈലി തന്നെ മാറ്റിമറിക്കപ്പെട്ടു. എന്നാൽ നാമിന്ന് ഏറെക്കുറെ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നിരവധി വാക്സിൻ പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ കഴിയുന്നത്. എത്രയും വേഗം ഈ മഹാമാരിയ്ക്ക് ഒരു പര്യവസാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ സമയത്ത് പ്രസക്തമെന്ന് തോന്നിയ ഒരു വിഷയം പറയാൻ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ആണെങ്കിലും ഒട്ടുമിക്ക വ്യവസായങ്ങളും സേവന സ്ഥാപനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുമടക്കം പൂർവ്വ സ്ഥിതിയിലെത്തിയെങ്കിലും ഇന്നും പ്രതിസന്ധിയിൽ നിൽക്കുന്ന ഒരു വ്യവസായമാണ് സിനിമ. സിനിമ ചിത്രീകരണങ്ങൾ പരിമിതിയോടെ പുനരാംഭിച്ചുവെങ്കിലും തീയറ്ററുകൾ തുറക്കാൻ സാധിക്കാനാത്തതിനാൽ കൊറോണയ്ക്ക് മുൻപ് ചിത്രീകരണം ആരംഭിച്ചതുൾപ്പടെ 80 ലേറെ ചിത്രങ്ങളാണ് മലയാളത്തിൽ മാത്രം ഈ പ്രതിസന്ധി നേരിടുന്നത്.
സിനിമ മേഖലയിലെ ആർട്ടിസ്റ്റുകൾ, ടെക്നിഷ്യൻസ്, പ്രൊഡക്ഷൻ രംഗത്തെ തൊഴിലാളികൾ, തീയറ്റർ ഉടമകൾ, തൊഴിലാളികൾ, എന്നിങ്ങനെ ഈ വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ഇന്നും ജീവിതമാർഗ്ഗം വഴിമുട്ടി നിൽക്കുകയാണ്. തീയറ്ററുകൾ പൂർവ്വ സ്ഥിതിയിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിൽ മാത്രമേ ഈ വ്യവസായം മുന്നോട്ട് കൊണ്ട് പോകാനും ഇതിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളുടെ പട്ടിണി മാറ്റാനും സാധിക്കുകയുള്ളു. പൊതുഗതാഗത സംവിധാനങ്ങളും ബാറുകളും അടക്കം തുറന്ന് പ്രവർത്തിച്ചു തുടങ്ങിയ സ്ഥിതിയ്ക്ക് കോടിക്കണക്കിനു രൂപ സർക്കാരുകൾക്ക് ടാക്സ് ഇനത്തിൽ വർഷം തോറും നൽകുന്ന സിനിമ വ്യവസായത്തിന് കൂടി മുന്നോട്ട് പോകാനുള്ള ഇളവുകൾ അനുവദിച്ച് തീയറ്ററുകൾ തുറക്കാനുള്ള അനുമതി അധികാരപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുഭാവപൂർവ്വം ഉണ്ടാകണമെന്ന് പ്രത്യാശിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ