ഹിന്ദി ഗാനം എഴുതി ഉണ്ണി മുകുന്ദന്‍, 'മരട് 357' ഒരുങ്ങുന്നു

By Web TeamFirst Published Apr 4, 2020, 8:26 AM IST
Highlights

2017ല്‍ അച്ചായന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നണി ഗാനരംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357' എന്ന ചിത്രത്തിനായി ഹിന്ദിയില്‍ പാട്ടെഴുതുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മലയാള സിനിമയ്ക്കായി ഹിന്ദി പാട്ടെഴുതുന്ന അപൂര്‍വം ചിലരില്‍ ഒരാളായിരിക്കുകയാണ് താരം. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തോട് ചേര്‍ന്ന് വരുന്ന പശ്ചാത്തല സംഗീതമായാണ് ഉണ്ണി മുകുന്ദന്‍ എഴുതിയ ഹിന്ദി ഗാനം വരുന്നത്. 2017ല്‍ അച്ചായന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നണി ഗാനരംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ചിത്രത്തില്‍ അനുരാഗം പുതുമഴ പോലെ എന്ന ഗാനം ആലപിക്കുകയും, രതീഷ് വേഗയ്‌ക്കൊപ്പം ചേര്‍ന്ന് ഗാനത്തിന് വരികളൊരുക്കുകയും ചെയ്തിരുന്നു. ചാണക്യ തന്ത്രം, ഒരു കുട്ടനാടന്‍ വ്‌ളോഗ്, ഷൈലോക്ക് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഉണ്ണി മുകുന്ദന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.  

അബ്രഹാം മാത്യുവും സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേർന്നാണ് 'മരട് 357' നിർമിക്കുന്നത്. മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. പട്ടാഭിരാമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രവി ചന്ദ്രനാണ്. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സെന്തില്‍ കൃഷ്ണ, സാജില്‍, സുധീഷ്, ഹരീഷ് കണാരന്‍, ശ്രീജിത്ത് രവി, നൂറിന്‍ ഷെരീഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

click me!