'നമുക്കുവേണ്ടി സംസാരിക്കാന്‍ ആളുണ്ടായാലും ആ ലോബി തന്നെ വിജയിക്കും'; ദേശീയ അവാര്‍ഡില്‍ വിമര്‍ശനവുമായി ഉര്‍വശി

Published : Aug 01, 2025, 09:18 PM IST
urvashi criticises national film awards jury and shares her experience

Synopsis

ഉര്‍വശിക്കും വിജയരാഘവനും പുരസ്‍കാരങ്ങള്‍ ഉണ്ട്

ദേശീയ അവാര്‍ഡില്‍ മികച്ച സഹനടിയായി തെര‍ഞ്ഞെടുക്കപ്പെട്ടപ്പോഴും തനിക്കുള്ള വിമര്‍ശനം പങ്കുവച്ച് ഉര്‍വശി. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചത്. എന്നാല്‍ ചിത്രത്തിലേത് ഒരു സഹ കഥാപാത്രം അല്ലല്ലോയെന്നും മുഴുനീള കഥാപാത്രം അല്ലേയെന്നുമൊക്കെ പരിചയക്കാര്‍ തന്നോട് ചോദിക്കുമെന്ന് ഉര്‍വശി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അവാര്‍ഡ് നേട്ടത്തില്‍ പ്രിയപ്പെട്ടവരുടെ പ്രതികരണം എന്താണെന്ന ചോദ്യത്തിനായിരുന്നു ഉര്‍വശിയുടെ മറുപടി. അച്ചുവിന്‍റെ അമ്മയിലെ പ്രകടനം ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടപ്പോള്‍ ഒരു ജൂറി അംഗം നേരിട്ട് പറഞ്ഞ കാര്യവും ഉര്‍വശി പങ്കുവച്ചു.

“രണ്ട് മികച്ച നടിമാര്‍ക്ക് അവാര്‍ഡ് പങ്കുവെക്കാമെന്നിരിക്കെ എങ്ങനെ സഹനടിയാവും എന്നല്ലേ പ്രിയപ്പെട്ടവര്‍ ചോദിക്കൂ. മുഴുവന്‍ സിനിമയിലും പ്രധാന റോളിലല്ലേ അഭിനയിച്ചത്. സഹ കഥാപാത്രം അല്ലല്ലോ ചെയ്തത് എന്ന ചോദ്യങ്ങള്‍ വരും. അച്ചുവിന്‍റെ അമ്മയുടെ സമയത്ത് ജൂറിയില്‍ ഉണ്ടായിരുന്ന നടി സരോജാ ദേവി മികച്ച നടിക്കുള്ള അവാര്‍ഡിനായി എനിക്കുവേണ്ടി വാദിച്ചതാണ്. അത് സഹ കഥാപാത്രം അല്ലെന്നും അച്ചുവിന്‍റെ അമ്മ എന്ന ടൈറ്റില്‍ കഥാപാത്രമാണെന്നുമൊക്കെ വാദിച്ചതാണ്. പക്ഷേ അവരുടെ അഭിപ്രായം മേല്‍ക്കൈ നേടിയില്ല. അന്ന് മികച്ച സഹനടിക്കുള്ള അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ തന്‍റെ മുറിയിലേക്ക് വിളിപ്പിച്ച് അവര്‍ ഇക്കാര്യം എന്നോട് നേരിട്ട് പറഞ്ഞിരുന്നു. നമുക്കുവേണ്ടി സംസാരിക്കാന്‍ ആളുണ്ടായാലും അവിടുത്തെ ലോബി തന്നെ വിജയിക്കും എന്ന അവസ്ഥയാണ്. എന്നെ സംബന്ധിച്ച് ആരെയെങ്കിലും കാന്‍വാസ് ചെയ്യാനോ അവാര്‍ഡ് പ്രതീക്ഷിച്ച് അഭിനയിക്കാനോ ഒരു കാലത്തും ഞാന്‍ ശ്രമിച്ചിട്ടില്ല. എന്‍റെ സിനിമ ഓടണേ എന്ന് മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളൂ. എന്‍റെ ഈശ്വരന്‍ അത് കേട്ടിട്ടുണ്ട്. ഏറ്റവും വിജയിച്ച ചിത്രങ്ങളിലെ അഭിനയത്തിനാണ് എനിക്ക് പുരസ്കാരങ്ങള്‍ കിട്ടിയിട്ടുള്ളത്. അതാണ് എന്‍റെ ഏറ്റവും വലിയ സന്തോഷം”, ഉര്‍വശി പ്രതികരിച്ചു. ഉള്ളൊഴുക്കിന് പുരസ്കാരം പ്രതീക്ഷിച്ചിരുന്നുവെന്നും തനിക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉര്‍വശി പറഞ്ഞു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍