ഇന്ദ്രൻസും ഉർവ്വശിയും 'ഒ.കെ' പറഞ്ഞതിന് ശേഷം എഴുതിയ തിരക്കഥ; ജലധാര പമ്പ് സെറ്റ് വരുന്നു

Published : Aug 03, 2023, 11:04 AM ISTUpdated : Aug 03, 2023, 12:05 PM IST
ഇന്ദ്രൻസും ഉർവ്വശിയും 'ഒ.കെ' പറഞ്ഞതിന് ശേഷം എഴുതിയ തിരക്കഥ; ജലധാര പമ്പ് സെറ്റ് വരുന്നു

Synopsis

കോമഡി-സറ്റയർ ചിത്രമായ 'ജലധാര പമ്പ് സെറ്റ് സിൻ് 1962'. ഉർവശിയും ഇന്ദ്രൻസും പ്രധാനകഥാപാത്രങ്ങൾ. നിർമ്മാതാവും നടനുമായ സാഗർ സംസാരിക്കുന്നു.

ചെറുതും വലുതുമായ വേഷങ്ങളിലൂടെ കഴിഞ്ഞ 15 വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് സാ​ഗർ. ദീർഘകാലം സംവിധായകൻ ലെനിൻ രാജേന്ദ്രനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച സാ​ഗർ, ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. ഉർവ്വശിയും  ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി-സറ്റയർ ചിത്രത്തിൽ സാ​ഗറും ഒരു പ്രധാനകഥാപാത്രമാകുന്നുണ്ട്. സാ​ഗർ സംസാരിക്കുന്നു, 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'-നെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും.

ജലധാര പമ്പ്സെറ്റ് അല്ല സാ​ഗറിന്റെ ആദ്യ സിനിമ. ഇതുവരെയുള്ള സിനിമാ ജീവിതത്തെക്കുറിച്ച് പറയാമോ?

ഞാൻ 15 വർഷമായി മലയാള സിനിമയിലുണ്ട്. മോഹൻലാൽ നായകനായ ഭ​ഗവാൻ എന്ന സിനിമയിലാണ് ആദ്യം മുഖം കാണിക്കുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അനിമേഷൻ പഠിച്ചതിന് ശേഷമാണ് സിനിമയിലേക്ക് വന്നത്. അതിന് ശേഷം ലെനിൻ രാജേന്ദ്രൻ സാറിന്റെ കൂടെ മകരമഞ്ഞ് എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് 'റേസ്' സിനിമയിലും അസി. ഡയറക്ടറായി പ്രവർത്തിച്ചു. പിന്നീടാണ് അഭിനയിക്കാൻ തുടങ്ങിയത്. പതിയെ ഓരോ സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടി. നായകനായും സഹനടനായുമെല്ലാം വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഉണ്ണി മുകന്ദന്റെ 'കെഎൽ പത്ത്', ടൊവിനോയുടെ 'എടക്കാട് ബറ്റാലിയൻ' ഒക്കെ അഭിനയിച്ച സിനിമകളാണ്. ഇടയ്ക്ക് അരം എന്ന ഷോർട്ട് സിനിമ ചെയ്തു. അത് യൂട്യൂബിൽ ഉണ്ട്. സിനിമയിൽ  അഭിനയിക്കുന്നതിന് ഒപ്പം ഞാൻ ലെനിൻ (രാജേന്ദ്രൻ) സാറിന്റെ കൂടെ അസി. ഡയറക്ടറായി പ്രവർത്തിക്കുന്നത് തുടർന്നിരുന്നു. ഭ​ഗവാനിൽ ഞാൻ അഭിനയിക്കാൻ കാരണമായത് സനു കെ ചന്ദ്രൻ ആണ്. അദ്ദേഹമാണ് ജലധാര പമ്പ്സെറ്റിനും കഥയെഴുതിയത്.

ജലധാര പമ്പ്സെറ്റിന്റെ കഥ എങ്ങനെയാണ് വികസിച്ചത്?

ഞാൻ 2019-ലാണ് ഈ സബ്ജക്റ്റ് ആദ്യം കേട്ടത്. ഒരു യഥാർത്ഥ സംഭവമാണ് സിനിമയുടെ കഥ. അന്ന് ഈ കഥ ഒരു ത്രെഡ് മാത്രമായിരുന്നു. പിന്നീട് ഞാനും സുഹൃത്തുക്കളും ഒരു പ്രൊഡക്ഷൻ പ്ലാൻ ചെയ്തപ്പോൾ ഈ കഥയിലേക്ക് എത്തുകയായിരുന്നു. സത്യത്തിൽ ഇന്ദ്രൻസ് ചേട്ടൻ, ഉർവശി ചേച്ചി എന്നിവരെ മനസ്സിൽ കണ്ടാണ് ഈ സ്ക്രിപ്റ്റ് എഴുതിയത്. അവരെ ആദ്യം കാണുകയും കഥ പറഞ്ഞ് ഡേറ്റ് വാങ്ങുകയും ചെയ്തതിന് ശേഷമാണ് സ്ക്രിപ്റ്റ് എഴുതിയത്. അവർ രണ്ടുപേരും ഉണ്ടെങ്കിലെ ഈ സിനിമ ചെയ്യൂ എന്ന് ഏകദേശ ധാരണയുണ്ടായിരുന്നു.

പ്രൊഡ്യൂസർ ആകാനുള്ള തീരുമാനം എങ്ങനെയാണ് വന്നത്?

അതൊരു തീരുമാനം അല്ല, സംഭവിച്ചുപോകുന്നതാണ്. ഇത്രനാളും സിനിമയിൽ പ്രവർത്തിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായത് സിനിമ സംഭവിക്കുന്നതാണെന്നാണ്. 'അരം' ചെയ്തപ്പോഴും യാദൃശ്ചികമായി പ്രൊഡക്ഷനിലേക്ക് വരികയായിരുന്നു. 'അര'ത്തിന് ശേഷം ബൈജു ചെല്ലമ്മ, സനിത ശശിധരൻ... ഇവരോട് രണ്ടുപേരോടും സംസാരിച്ചതിന് ശേഷമാണ് പ്രൊഡക്ഷൻ തുടങ്ങാൻ തീരുമാനിച്ചത്. നല്ല സിനിമകൾ ചെയ്യണം എന്നതായിരുന്നു ലക്ഷ്യം. ആ സമയത്താണ് ഈ കഥ വരുന്നത്.

 

ആദ്യമായി പ്രൊഡ്യൂസർ ആകുന്നു. ഇതുവരെ നടനായും ടെക്നീഷ്യനായും മാത്രം പ്രവർത്തിച്ച ഒരാൾ പുതിയ റോൾ ആണല്ലോ നിർമ്മാതാവ് ആകുക എന്നത്. എന്താണ് സാ​ഗർ പഠിച്ചത്?

നമ്മള് ഒരു പ്രൊ‍ഡ്യൂസർ ആകുമ്പോൾ... സിനിമയിൽ എല്ലാ ഓരോ സെക്ഷൻസ് ആണ്. അഭിനയിക്കുമ്പോൾ മറ്റൊന്നിലും നമ്മൾ ഇടപെടില്ല. പ്രൊഡ്യൂസർ ആകുമ്പോൾ എല്ലാം മാറും. പ്രൊഡക്ഷൻ മുഴുവൻ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്. അത് ഒരു വ്യത്യസ്തമായ എക്സ്പീരിയൻസ് ആണ്. സിനിമയിൽ സമയമാണ് എല്ലാം. ടൈം ഈസ് മണി. നമ്മുടെ ഷെഡ്യൂൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ നഷ്ടം വരാം. പ്രീ പ്രൊഡക്ഷൻ മുതൽ എല്ലായിടത്തും പ്രൊഡ്യൂസർ ചെല്ലണം. കഴിഞ്ഞ ഓ​ഗസ്റ്റിലാണ് ഞങ്ങൾ സിനിമ ഷൂട്ട് ചെയ്തത്. അന്ന് നല്ല മഴയായിരുന്നു. ഒറ്റ ഷെഡ്യൂളിൽ പടം തീർക്കുക എന്നത് ചല‍ഞ്ച് ആയിരുന്നു. പക്ഷേ, ബ്രേക് എടുക്കാതെ വർക്ക് ചെയ്യാൻ പറ്റി.

ഉർവശി, ഇന്ദ്രൻസ്, ജോണി ആന്റണി... ഈ സിനിമയിൽ വളരെ മുതിർന്ന ഒരുപാട് താരങ്ങളുണ്ട്. ഇതൊരു ചെറിയ സിനിമയാണ് വലിയ ഒരു നായകനും മറ്റു ചെറിയ...

അതേ, ഒരു പമ്പ് സെറ്റാണ് ഇതിൽ നായകൻ...

അതെ, ചെറിയ സിനിമ ആയതുകൊണ്ടു തന്നെ സീനിയർ താരങ്ങളോട് കൂടുതൽ അടുത്ത് ഇടപഴകാനും അഭിനയിക്കാനും കഴിഞ്ഞുകാണുമല്ലോ. എന്താണ് ആ അനുഭവത്തെക്കുറിച്ച് പറയാനുള്ളത്?

ഇന്ദ്രൻസ് ചേട്ടനും ഞാനും മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമുണ്ട്. അദ്ദേഹം വളരെ സപ്പോർട്ടീവ് ആണ്, വളരെ ഡൗൺ ടു എർത്ത് ആണ്. ഉർവ്വശി ചേച്ചിയോട് ഈ കഥ പറയുമ്പോഴാണ് ആദ്യം അടുക്കുന്നത്. പൊള്ളാച്ചിയിൽ ഒരു സിനിമ സെറ്റിൽ പോയി കണ്ടാണ് കഥ പറഞ്ഞത്. അന്ന് കാണിച്ച അതേ താൽപര്യം തന്നെയാണ് ഉർവശിച്ചേച്ചി ഇപ്പോഴും കാണിക്കുന്നത്. കരിയറിൽ ഒരു 700 സിനിമ ചെയ്തതിന് ശേഷമാണ് ഉർവ്വശിച്ചേച്ചി ഈ സിനിമ ചെയ്യുന്നത്. വളരെ ഫോക്കസ്ഡ് ആണ്. ഉർവ്വശിചേച്ചിയെ കണ്ടുപഠിക്കണം.

 

ലെനിൻ രാജേന്ദ്രനൊപ്പമാണ് സാ​ഗർ കൂടുതൽ കാലം സിനിമ ചെയ്തത്. സ്വന്തമായി സിനിമ ചെയ്തപ്പോൾ പക്ഷേ, കോമഡി സറ്റയർ സ്വഭാവമുള്ള സിനിമയാണ് തെരഞ്ഞെടുത്തത്. ലെനിൻ രാജേന്ദ്രനെപ്പോലെ ആർട്ട് സ്വഭാവമുള്ള സിനിമകൾ എന്തുകൊണ്ട് തെര‍ഞ്ഞെടുത്തില്ല?

ഞാനിത് എപ്പോഴും പലരോടും പറയുന്നതാണ്: കൊവിഡ് കഴിഞ്ഞതിന് ശേഷം നമ്മൾ എല്ലാവരും വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പ്രേക്ഷകർക്ക് ആസ്വദിക്കാൻ, ചിരിക്കാൻ പറ്റുന്ന സിനിമ ചെയ്യണം എന്നതാണ്. കൊമേഴ്സ്യൽ പടം ചെയ്യുമ്പോൾ അതാണ് ശ്രദ്ധ. പക്ഷേ, ഇപ്പോൾ ഒരു ആർട്ട് സിനിമ ചെയ്താൽ അത് നമ്മുടെ ഇഷ്ടത്തിന് ചെയ്യാം. കൊമേഴ്സ്യൽ സിനിമ പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കണം. അതേ സമയം പ്രേക്ഷകരോട് ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ പറയാനും പറ്റണം. ഞാൻ മുൻപ് പല സീരിയസ് വിഷയങ്ങളും സിനിമ ചെയ്യണം എന്ന് കരുതിയതാണ്. അതൊന്നും നടന്നിട്ടില്ല. അതാണ് ഞാൻ നേരത്തെ പറഞ്ഞത് എല്ലാം ഉണ്ടെങ്കിലും ചിലപ്പോൾ സിനിമ സംഭവിക്കില്ല. ഇതൊരു റെസിപ്പിയാണ്. കറി നന്നാകാൻ ഒരു ഭീകര റെസിപ്പി ആവശ്യമില്ല. അത് പക്ഷേ, അപൂർവ്വമായേ സംഭവിക്കൂ.

ജലധാര പമ്പ്സെറ്റിന്റെ ഒരു 'സ്നീക് പീക്' സീൻ വൈറലായല്ലോ...

അതെ ഉർവ്വശി ചേച്ചിയുടെയും ഇന്ദ്രൻസ് ചേട്ടന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള ചെറിയൊരു സംഭാഷണ രം​ഗമാണ് പുറത്തിറക്കിയത്. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല അത് ഇത്ര വലുതാകുമെന്ന്. യൂട്യൂബിൽ മാത്രമാണ് അത് ഇറക്കിയത്. പക്ഷേ, അതിപ്പോൾ സോഷ്യൽ മീഡിയയിൽ പല പ്ലാറ്റ്ഫോമുകളിൽ വൈറലായി. അത് കാണുമ്പോൾ വലിയ സന്തോഷം. അതിൽ പ്രേക്ഷകരെ ആകർഷിക്കാൻ ഒരു ഭീകര സാധനം ഒന്നുമില്ല. പക്ഷേ, ആളുകൾക്ക് ഇഷ്ടപ്പെട്ടു. എന്നെ ഒരുപാട് സുഹൃത്തുക്കൾ വിളിച്ചിട്ടു പറഞ്ഞു: എടാ ഇത് കൊള്ളാം, സിനിമ കാണാൻ തോന്നിക്കുന്നുണ്ടെന്ന്.

(അഭിമുഖത്തിന്റെ പ്രസക്തഭാ​ഗങ്ങൾ. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)
 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു