
അഭിമുഖത്തിനിടയിലെ പരാമര്‍ശം വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെ ക്ഷമാപണവുമായി ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവില്‍ നിന്ന് കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഉര്‍വശി റൗട്ടേല നല്‍കിയ മറുപടിയാണ് വിമര്‍ശിക്കപ്പെട്ടത്. സെയ്ഫിന്‍റെ അനുഭവം ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ തന്‍റെ പുതിയ ചിത്രം ഡാകു മഹാരാജിന്‍റെ വിജയത്തെക്കുറിച്ചും അതിന് ലഭിച്ച സമ്മാനങ്ങളെക്കുറിച്ചുമൊക്കെ ഉര്‍വശി വാചാലയായി. അഭിമുഖത്തിന്‍റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെയാണ് ഉര്‍വശി റൗട്ടേല ക്ഷമാപണവുമായി എത്തിയത്.
എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ നേരിട്ട അപകടത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉര്‍വശി റൗട്ടേലയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു- "അത് വളരെ ദൗര്‍ഭാഗ്യകരമാണ്. ഇപ്പോള്‍ ഡാകു മഹാരാജ് ബോക്സ് ഓഫീസില്‍ 105 കോടി നേടിയിരിക്കുകയാണ്. ഈ വിജയത്തിന് അമ്മ എനിക്ക് വജ്രങ്ങള്‍ പതിച്ച ഈ (കൈ ഉയര്‍ത്തി കാട്ടിക്കൊണ്ട്) റോളക്സ് വാച്ച് സമ്മാനിച്ചു. അച്ഛന്‍ വിരലില്‍ ഇടാവുന്ന ഈ മിനി വാച്ചും നല്‍കി. പക്ഷേ പുറത്ത് ഇത് ആത്മവിശ്വാസത്തോടെ ധരിക്കാന്‍ നമുക്ക് സാധിക്കില്ല. ആരും നമ്മളെ ആക്രമിച്ചേക്കാമെന്ന അരക്ഷിതത്വമുണ്ട്. സംഭവിച്ചത് വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി", എന്നായിരുന്നു അഭിമുഖത്തില്‍ ഉര്‍വശിയുടെ വാക്കുകള്‍.
അഭിമുഖം വിവാദമായതിന് പിന്നാലെ നടത്തിയ ക്ഷമാപണത്തില്‍ സാഹചര്യത്തിന്‍റെ തീവ്രത തനിക്ക് അറിയുമായിരുന്നില്ലെന്ന് നടി പറയുന്നു- "പ്രിയ സെയ്ഫ് അലി ഖാന്‍ സര്‍, വലിയ കുറ്റബോധത്തോടെയാണ് ഈ ക്ഷമാപണം. നിങ്ങള്‍ എന്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് മനസിലാക്കാതെ എന്‍റെ സിനിമയുടെ വിജയം നല്‍കിയ ആവേശത്തില്‍ ആയിപ്പോയത് എന്നെ ലജ്ജിപ്പിക്കുന്നു. അറിവുകേടിന് ക്ഷമിക്കുക. എന്തെങ്കിലും സഹായത്തിനുള്ള അവസരം എനിക്ക് ഉണ്ടെങ്കില്‍ അത് അറിയിക്കാന്‍ മടിക്കരുത്", ഉര്‍വശി റൗട്ടേല വിശദീകരണ കുറിപ്പില്‍ പറയുന്നു.
ALSO READ : 'ലവ്ഡെയില്‍' ഫെബ്രുവരി 7 ന് തിയറ്ററുകളിലേക്ക്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ