'രണ്ടു വര്‍ഷമായി സഖാവിനെക്കുറിച്ചുള്ള റിസര്‍ച്ചിലാണ്'; വീണ്ടും ബയോപിക് സൂചനയുമായി വി എ ശ്രീകുമാര്‍

By Web TeamFirst Published May 24, 2020, 1:21 PM IST
Highlights

"കൊമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവിലില്ല. ഞാനും എന്‍റെ ടീമും രണ്ടു വർഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസർച്ചിലാണ്.."

വി എ ശ്രീകുമാറിന്‍റെ സംവിധാനത്തില്‍ പിണറായി വിജയന്‍റെ ജീവചരിത്ര സിനിമ വരുമെന്ന തരത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. പിണറായി വിജയന്‍റെ രൂപസാദൃശ്യമുള്ള മേക്കോവറില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഒരു കണ്‍സെപ്റ്റ് പോസ്റ്ററാണ് അന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. 'ദി കൊമ്രേഡ്' എന്നായിരുന്നു പോസ്റ്ററില്‍ സിനിമയുടെ പേര്. എന്നാല്‍ ഇത് വളരെ മുന്‍പേ ആലോചിച്ച പ്രോജക്ട് ആണെന്നും കണ്‍സെപ്റ്റ് സ്കെച്ചുകള്‍ ആരോ പുറത്തുവിട്ടതാണെന്നുമായിരുന്നു ശ്രീകുമാറിന്‍റെ പ്രതികരണം. പിന്നീട് എകെജിയുടെ പിറന്നാള്‍ ദിനത്തില്‍ ഒരു സിനിമയ്ക്കുവേണ്ടി നടത്തുന്ന റിസര്‍ച്ചിനെക്കുറിച്ച് പറഞ്ഞ് അദ്ദേഹം ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പിണറായി വിജയനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ബയോപിക് എന്ന് പറഞ്ഞിരുന്നില്ല പ്രസ്തുത പോസ്റ്റില്‍. പക്ഷേ ആ തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ഇപ്പോഴിതാ പിണറായി വിജയന്‍റെ എഴുപത്തിയഞ്ചാം ജന്മദിനമായ ഇന്നും അത്തരത്തില്‍ സൂചനകള്‍ നല്‍കി ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വി എ ശ്രീകുമാര്‍.

വി എ ശ്രീകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കൊമ്രേഡ് പിണറായി വിജയന് എഴുതപ്പെട്ട ആത്മകഥയോ ജീവചരിത്രമോ നിലവിലില്ല. ഞാനും എന്‍റെ ടീമും രണ്ടു വർഷത്തിലേറെയായി സഖാവിനെക്കുറിച്ച് റിസർച്ചിലാണ്. പഠിക്കുന്തോറും അദ്ദേഹത്തോട് അടുപ്പം കൂടും. ആ രാഷ്ട്രീയ ശരികളുടെ അനുഭതലത്തിൽ ആവേശഭരിതരാകും. ബാലറ്റ് രാഷ്ട്രീയത്തിലെ ഇത്തിരി നേട്ടത്തിനായി ശത്രുതാപരമായി സഖാവിനെതിരെ പ്രചരിപ്പിക്കപ്പെട്ട ഒത്തിരി കഥകൾ ഒരു ദിവസം തിരുത്തപ്പെടുക തന്നെ ചെയ്യും. അഥവാ, തിരുത്തപ്പെടേണ്ടതുണ്ട്.

പിണറായി ഗ്രാമത്തിലെ ഒരമ്മയും മകനും കരുത്തോടെ വെച്ച ചുവടുവെയ്പ്പാണ് സഖാവ് പിണറായി വിജയൻ. ജീവിതത്തിൽ അദ്ദേഹം അനുഭവിച്ചത്രയും പീഡനങ്ങളും ക്രൂരതകളും കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നേതാവും നേരിട്ടിട്ടുണ്ടാവില്ല. അതിനെയെല്ലാം നിശ്ചയ ദാർഢ്യത്തോടെ മറികടക്കുന്നതാണ് സഖാവിന്‍റെ ശൈലി. അമ്മയോട് നന്ദി. മകനെ ഈ നാടിന് വിട്ടു തന്നതിന്... പിറന്നാൾ സലാം #കോമ്രേഡ്
 

click me!