
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപന സമയത്ത് വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ ഭീമസേനനെ അവതരിപ്പിക്കാനിരുന്ന രണ്ടാമൂഴം. എംടിയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യാനിരുന്നത് ഒടിയന്‍റെ സംവിധായകന്‍ വി എ ശ്രീകുമാര്‍ ആണ്. എന്നാല്‍ ആ പ്രോജക്റ്റ് നടക്കാതെപോയെന്ന് മാത്രമല്ല, എംടിക്കും ശ്രീകുമാറിനുമിടയില്‍ സംഭവിച്ച തര്‍ക്കം കോടതിയിലേക്കും നീണ്ടു. ഇപ്പോഴിതാ മോഹന്‍ലാലിലെ ഭീമസേനനെ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കാന്‍വാസിലാക്കിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ശ്രീകുമാര്‍. അന്തരിച്ച പ്രഗത്ഭ ചിത്രകാരന് ആദരാഞ്ജലി നേര്‍ന്നുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് വി എ ശ്രീകുമാര്‍ തന്‍റെ ഓഫീസ് മുറിയില്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രവും പങ്കുവച്ചിരിക്കുന്നത്.
വി എ ശ്രീകുമാറിന്‍റെ കുറിപ്പ്
നമ്പൂതിരിയുടെ ഭീമൻ ഇവിടെയുണ്ട്! അക്കാലം, രണ്ടാമൂഴവും ലാലേട്ടൻ ഭീമനാകുന്നതിനെ കുറിച്ചുള്ള ആകാംക്ഷകളുടേതുമായിരുന്നു. ഞങ്ങളെല്ലാവരും രണ്ടാമൂഴത്തെ കുറിച്ചുള്ള ചർച്ചകളിലായിരുന്നു. ലാലേട്ടൻ വേദിയിൽ ഇരിക്കെ, ആർട്ടിസ്റ്റ് നമ്പൂതിരി തത്സമയം ലാലേട്ടനിലെ ഭീമനെ വരച്ചു. ലാലേട്ടൻ ഭീമനായാൽ എങ്ങനെയെന്ന നമ്പൂതിരി സാറിന്റെ ഭാവന! പിന്നീട് രണ്ടാമൂഴത്തിനു വേണ്ടി ലാലേട്ടന്റെ ഭീമനെ പലരും പലതവണ വരച്ചിട്ടുണ്ട്. പക്ഷെ അതിലാദ്യത്തേത് നമ്പൂതിരി സാർ വരച്ചതാണ്. തത്സമയം വരയ്ക്കുന്നതിന് എനിക്കും സാക്ഷിയാകാനായി. ജീവിതത്തിലെ അപൂർവ്വ നിമിഷം. അന്നാണ് നമ്പൂതിരി സാറിനെ ആദ്യമായി കാണുന്നതും ഏറെ നേരം സംസാരിച്ചതും. രണ്ടാമൂഴം നോവലിന്റെ ചിത്രകാരനാണ്. രണ്ടാമൂഴം ആദ്യം ദൃശ്യത്തിലാക്കിയത് അദ്ദേഹമാണ്. രണ്ടാമൂഴത്തെ ദൃശ്യവൽക്കരിക്കാൻ ആഗ്രഹിക്കുന്ന ഞങ്ങളെ സംബന്ധിച്ച് അദ്ദേഹവുമായുള്ള സംസാരം ഹൃദ്യമായിരുന്നു. സുപ്രധാനമായിരുന്നു. നമ്പൂതിരി സാർ വിട പറഞ്ഞു എന്നറിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ദൈവവിരലുകളുടെ സ്പർശനമേറ്റ, അദ്ദേഹത്തിന്റെ ആത്മാവ് സ്പന്ദിക്കുന്ന ആ ഭീമൻ ഇതാ മുന്നിലുണ്ട്. നമ്പൂതിരി സാർ വരച്ച ആ ഭീമനെ എനിക്കു സമ്മാനിച്ചത് ലാലേട്ടനാണ്. അന്നു മുതൽ ആ ഭീമൻ എന്റെ ഓഫീസിലുണ്ട്. ജീവിതത്തിലെ ഏറ്റവും മൂല്യമേറിയ ഒന്നാണ് എനിക്കാ ഭീമൻ. അദ്ദേഹത്തെ ഏറ്റവും ആദരവോടെ നമിക്കുന്നു. ആദരാഞ്ജലികൾ…
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ