
സംവിധായകന്‍ വി എ ശ്രീകുമാര്‍ ബോളിവുഡിലേക്ക്. മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രത്തിന് 'മിഷന്‍ കൊങ്കണ്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍റേതാണ് രചന. ബോളിവുഡിന് പുറമെ മലയാളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചിത്രം ഒരുങ്ങും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാവും ചിത്രത്തില്‍ അണിനിരക്കുകയെന്നും താരനിര പിന്നീട് പ്രഖ്യാപിക്കുമെന്നും ശ്രീകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്‍ കൊങ്കണ്‍. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ദീര്‍ഘകാലം റെയില്‍വെയില്‍ ഉദ്യോഗസ്ഥനായിരുന്ന ടി ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മ്മാണം. "മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്‍റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്‍റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം", വാര്‍ത്താക്കുറിപ്പ് പറയുന്നു.
ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്‌നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കും. മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ ഒരുക്കിയ ഒടിയന്‍ എന്ന ചിത്രത്തിലൂടെയാണ് വി എ ശ്രീകുമാര്‍ സംവിധാനരംഗത്തേക്ക് എത്തുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ