
ഹോളിവുഡ്: നടൻ ഡ്വെയ്ൻ ജോണ്‍സണും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു. നടനും ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കുമാണു കൊവിഡ് സ്ഥിരീകരിച്ചത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ഡ്വെയ്ൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ കൊവിഡ് മുക്തരായതായും താരം വ്യക്തമാക്കി.
ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെയാണു താനും കുടുംബവും കടന്നുപോയതെന്നു താരം പറഞ്ഞു. കുട്ടികൾക്കു കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നതായി ഡ്വെയ്ൻ വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണത്തിൽ കൃത്യമായ ജാഗ്രത ഉണ്ടായിരുന്നിട്ടും തനിക്കും കുടുംബത്തിനും വൈറസ് പിടിപെട്ടു, ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്നും വീഡിയോയിൽ ഡ്വെയ്ൻ പറഞ്ഞു. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊവിഡിനെതിരേ ജാഗരൂകരാകാൻ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു.