എങ്ങനെയുണ്ട് ആദ്യ പകുതിയില്‍ 'വാരിസ്'? പ്രീമിയര്‍ ഷോയില്‍ നിന്നുള്ള ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍

Published : Jan 10, 2023, 11:05 PM IST
എങ്ങനെയുണ്ട് ആദ്യ പകുതിയില്‍ 'വാരിസ്'? പ്രീമിയര്‍ ഷോയില്‍ നിന്നുള്ള ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍

Synopsis

ചിത്രത്തിന്‍റെ ആദ്യ പകുതി കളര്‍ഫുള്ളും വിനോദിപ്പിക്കുന്നതുമാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല

കോളിവുഡ് കാത്തിരുന്ന ദിനം, ജനുവരി 11. തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള രണ്ട് സൂപ്പര്‍താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുന്ന ദിവസം. വിജയ് നായകനാവുന്ന വാരിസും അജിത്ത് നായകനാവുന്ന തുനിവുമാണ് ആ ചിത്രങ്ങള്‍. ഇരു ചിത്രങ്ങളുടെയും ഫാന്‍സ് ഷോകള്‍ തമിഴ്നാട്ടില്‍ അര്‍ധരാത്രിയോടെ ആരംഭിക്കും. എന്നാല്‍ വാരിസിന്‍റെ വേള്‍ഡ് പ്രീമിയര്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ചെന്നൈ സത്യം സിനിമാസില്‍ വച്ച് രാത്രി 9 മണിക്കാണ് പ്രദര്‍ശനം തുടങ്ങിയത്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇപ്പോഴിതാ ആദ്യ പകുതി പൂര്‍ത്തിയായ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കാണികള്‍ ട്വീറ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്.

ചിത്രത്തിന്‍റെ ആദ്യ പകുതി കളര്‍ഫുള്ളും വിനോദിപ്പിക്കുന്നതുമാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്തു. അച്ഛന്‍- മകന്‍ തര്‍ക്കമാണ് ചിത്രത്തെ നയിക്കുന്നതെന്നും ചിത്രം ദളപതി ഷോ ആണെന്നും ബാല പറയുന്നു. അദ്ദേഹം ചെറുപ്പമായും പുതുമയോടെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നര്‍മ്മവും കൈകാര്യം ചെയ്തിട്ടുണ്ട്. യോഗി ബാബുവിന്‍റെ കോമഡിയും നന്നായി, എന്നാണ് രമേശ് ബാലയുടെ വാക്കുകള്‍. ഗംഭീരം എന്നാണ് മാധ്യമപ്രവര്‍ത്തകനായ രാജശേഖര്‍ ചിത്രത്തിന്‍റെ ആദ്യ പകുതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മാസ് നിമിഷങ്ങളുള്ള മനോഹരമായ ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ ആണ് ചിത്രമെന്നും തമന്‍ നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതം മികച്ചതാണെന്നും അദ്ദേഹം പറയുന്നു. രണ്ടാം ഭാഗം ഇതേ രീതിയില്‍ പോയാല്‍ ചിത്രം വന്‍ വിജയമാവുമെന്നാണ് രാജശേഖറിന്‍റെ പ്രവചനം. 

ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ALSO READ : 15 ദിവസം മുന്‍പേ വിദേശത്ത് റിസര്‍വേഷന്‍ ആരംഭിച്ച് 'പഠാന്‍'; ലക്ഷ്യം വന്‍ ഓപണിംഗ്

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ