'അഖണ്ഡ'യുടെ വിജയത്തിനു ശേഷം ബാലയ്യ; ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

Published : Oct 22, 2022, 07:31 PM IST
'അഖണ്ഡ'യുടെ വിജയത്തിനു ശേഷം ബാലയ്യ; ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു

Synopsis

2023 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളിലേക്ക് എത്തും

ആരാധകര്‍ ബാലയ്യ എന്ന് വിളിക്കുന്ന തെലുങ്ക് താരം നന്ദമുറി ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ അഖണ്ഡ. കഴിഞ്ഞ ഡിസംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രം ബാലകൃഷ്ണയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ബോക്സ് ഓഫീസ് ചിത്രം കൂടിയായിരുന്നു. അഖണ്ഡയുടെ വിജയത്തിനു പിന്നാലെ പ്രഖ്യാപിച്ച അടുത്ത ചിത്രത്തിന്‍റെ ടൈറ്റില്‍ അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് വീര സിംഹ റെഡ്ഡി എന്നാണ്. 

ഒരു മോഷന്‍ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. ഒരു ബാലയ്യ ചിത്രത്തില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം ചേര്‍ന്നതാവും ചിത്രമെന്ന് തോന്നിപ്പിക്കുന്നതാണ് പുറത്തെത്തിയ മോഷന്‍ പോസ്റ്റര്‍. കറുത്ത നിറത്തിലുള്ള ഷര്‍ട്ടും കാവി കൈലിയും ധരിച്ച് ഒരു സണ്‍ഗ്ലാസും വച്ച് ഒരു മൈല്‍ക്കുറ്റിയുടെ മേല്‍ കാല്‍ കയറ്റിവച്ച് നില്‍ക്കുന്ന ബാലയ്യ. പശ്ചാത്തലത്തില്‍ നിരനിരയായി വരുന്ന ഒരേ തരത്തിലുള്ള കാറുകള്‍. ചിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവായാണ് അദ്ദേഹം എത്തുന്നതെന്നാണ് സൂചന. കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ദുനിയ വിജയ്, വരലക്ഷ്മി ശരത്‍കുമാര്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ : 'ഗോള്‍ഡി'ന്‍റെ ഫുട്ടേജ് ഡിലീറ്റ് ആയിപ്പോയോ? പൊട്ടിച്ചിരിപ്പിച്ച് ലിസ്റ്റിന്‍റെ മറുപടി

തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം റിഷി പഞ്ചാബിയാണ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. നവീന്‍ നൂലി ആണ് എഡിറ്റര്‍. 2023 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളിലേക്ക് എത്തും. രവി തേജ നായകനായ ഡോണ്‍ സീനു എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ആളാണ് ഗോപിചന്ദ് മലിനേനി. 2010ലാണ് ഈ ചിത്രം എത്തിയത്. പന്ത്രണ്ട് വര്‍ഷത്തെ കരിയറില്‍ ആറ് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്‍ത് പുറത്തെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?