കൊവിഡിന് ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാളചിത്രം; 'വെള്ളം' നാളെ മുതല്‍

By Web TeamFirst Published Jan 21, 2021, 2:33 PM IST
Highlights

കഴിഞ്ഞ വര്‍ഷം വിഷു റിലീസ് ആയി തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു

പത്ത് മാസത്തെ സുദീര്‍ഘമായ ഇടവേളയ്ക്കുശേഷം തിയറ്ററുകളിലേക്ക് ഒരു പുതിയ മലയാളചിത്രം എത്തുന്നു. പ്രജേഷ് സെന്നിന്‍റെ സംവിധാനത്തില്‍ ജയസൂര്യ നായകനാവുന്ന 'വെള്ളം' വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. 'ക്യാപ്റ്റനു'ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ പ്രോജക്ട് ആണിത്.

പേര് സൂചിപ്പിക്കുന്നതുപോലെ മദ്യാസക്തിയുള്ള ഒരു മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്. മുരളി നമ്പ്യാര്‍ എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 'ക്യാപ്റ്റനി'ലേതുപോലെ ജയസൂര്യയുടെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രമായിരിക്കും 'വെള്ളം' എന്ന തോന്നലുളവാക്കുന്നതായിരുന്നു ചിത്രത്തിന്‍റെ ട്രെയ്‍ലര്‍. കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമെന്നും ഏറെ സംതൃപ്തി നല്‍കിയ കഥാപാത്രമെന്നുമാണ് ജയസൂര്യ പറഞ്ഞിരിക്കുന്നത്. ലൈവ് സൗണ്ട് ഉപയോഗപ്പെടുത്തിയായിരുന്നു സിനിമയുടെ ചിത്രീകരണം.

കഴിഞ്ഞ വര്‍ഷം വിഷു റിലീസ് ആയി തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവരികയായിരുന്നു. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുൻ, ബാല ശങ്കർ, സിനിൽ സൈനുദ്ദീൻ, അധീഷ് ദാമോദർ, സതീഷ് കുമാർ, ശിവദാസ് മട്ടന്നൂർ എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലും എത്തുന്നു. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിനു വേണ്ടി ജോസ്‍കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ്. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് ബിജിത്ത് ബാല. സെൻട്രൽ പിക്ചേഴ്സ് തീയറ്ററുകളിൽ എത്തിക്കുന്നു. 

കേരളത്തിലെ തിയറ്ററുകള്‍ തുറന്നപ്പോഴത്തെ ആദ്യ റിലീസ് തമിഴ് ചിത്രം 'മാസ്റ്റര്‍' ആയിരുന്നു. 50 ശതമാനം പ്രവേശനം എന്ന കൊവിഡ് മാനദണ്ഡം നിലനില്‍ക്കുന്ന സാഹചര്യത്തിലും മികച്ച കളക്ഷനാണ് കേരളത്തില്‍ മാസ്റ്ററിന് ലഭിച്ചത്. ദീര്‍ഘകാലത്തിനുശേഷം തിയറ്ററിലെത്തുന്ന മലയാളചിത്രം എന്ന നിലയില്‍ 'വെള്ള'ത്തിന് ലഭിക്കുന്ന തിയറ്റര്‍ പ്രതികരണത്തിലേക്ക് ഉറ്റുനോക്കുകയാണ് മലയാളസിനിമ. 

click me!