'വെന്തു തനിന്തതു കാടിലെ സിംഗിള്‍ ഷോട്ട് ഫൈറ്റ്'; മേക്കിംഗ് വീഡിയോ

By Web TeamFirst Published Sep 20, 2022, 10:32 PM IST
Highlights

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

ചിലമ്പരശനെ നായകനാക്കി ഗൌതം മേനോന്‍ സംവിധാനം ചെയ്‍ത വെന്തു തനിന്തതു കാട് മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളില്‍ തുടരുകയാണ്. ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ സിരീസിലെ ആദ്യ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തിന്‍റെ അണിയറക്കാരും താരങ്ങളുമൊക്കെ നിര്‍മ്മാണ വേളയിലെ അനുഭവം അതില്‍ പങ്കുവെക്കുന്നുണ്ട്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളെക്കുറിച്ച് ആക്ഷന്‍ കൊറിയോഗ്രഫര്‍ ലീ വിറ്റാക്കറും എഡിറ്റര്‍ ആന്‍റണിയും സംസാരിക്കുന്നുണ്ട്. കഥാപാത്രത്തിന്‍റെ വളര്‍ച്ചയ്ക്കനുസരിച്ച് ആക്ഷന്‍ രംഗങ്ങളിലെ അയാളുടെ പ്രകടനവും സൂക്ഷ്മമായി മാറേണ്ടതുണ്ടെന്ന് ഗൌതം മേനോന്‍ പറഞ്ഞിരുന്നുവെന്ന് വിറ്റാക്കര്‍ പറയുന്നു. ചിത്രത്തിലെ ഇന്‍റര്‍വെല്‍ ബ്ലോക്ക് ആയി വരുന്ന ഫൈറ്റ് സീനിനെക്കുറിച്ചാണ് എഡിറ്റര്‍ ആന്‍റണിക്ക് പറയാനുള്ളത്. ഒരു എഡിറ്റര്‍ എന്ന നിലയില്‍ തനിക്ക് ആ രംഗത്തില്‍ ഒന്നും ചെയ്യാനിരുന്നില്ലെന്നും കാരണം അത് സിംഗിള്‍ ഷോട്ടില്‍ എടുത്തതാണെന്നും ആന്‍റണി പറയുന്നു. 

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മുത്തുവീരന്‍ എന്ന മുത്തുവിനെയാണ് ചിമ്പു അവതരിപ്പിക്കുന്നത്. ഗൌതം മേനോന്‍ തന്‍റെ സേഫ് സോണ്‍ വിട്ട് ചെയ്‍തിരിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം. ഭാരതിയാറുടെ 'അഗ്നികുഞ്ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളാല്‍ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്ന ഒരു സാധാരണ മനുഷ്യന്‍റെ കഥയാണ് ചിത്രം പറയുന്നത്. രണ്ട് ഭാഗങ്ങള്‍ ഉള്ള ഫ്രാഞ്ചൈസിയായിട്ടാണ് ഗൌതം മേനോന്‍ വെന്തു തനിന്തതു കാട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദ് കിന്‍ഡ്‍ലിംഗ് എന്നു പേരിട്ടിരിക്കുന്ന ആദ്യ ഭാഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 15 ന് ആയിരുന്നു റിലീസ്.

ALSO READ : 'അവിരാ ജോര്‍ജ് മകന്‍ സക്കറിയ'; 'ചട്ടമ്പി'യായി ശ്രീനാഥ് ഭാസി: ട്രെയ്‍ലര്‍

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. തമിഴ്, മലയാളം എഴുത്തുകാരന്‍ ജയമോഹന്‍റേതാണ് രചന. ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, നൃത്തസംവിധാനം ബൃന്ദ.

click me!