ജയലളിതയുടെ ആദ്യ നായകൻ, രജനികാന്തിന് വില്ലൻ, നടൻ ശ്രീകാന്തിന് തമിഴകത്തിന്റെ യാത്രാമൊഴി

By Web TeamFirst Published Oct 13, 2021, 10:32 AM IST
Highlights

തമിഴകത്തെ വേറിട്ട ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രിയം നേടിയ നടൻ ശ്രീകാന്ത് അന്തരിച്ചു.

തമിഴകത്തെ മുതിര്‍ന്ന നടൻ ശ്രീകാന്ത് (Srikanth) അന്തരിച്ചു. തമിഴകത്ത് നായകനായും സഹനടനായും വില്ലനായും ഒക്കെ മികവ് തെളിയിച്ച നടനാണ് ശ്രീകാന്ത്. അമേരിക്കൻ കോണ്‍സുലേറ്റിലെ ജോലി ഉപേക്ഷിച്ച ശേഷമായിരുന്നു ശ്രീകാന്ത് വെള്ളിത്തിരയിലേക്ക് എത്തിയത്. ജയലളിതയുടെ ആദ്യ നായകനായ ശ്രീകാന്തിന്റെ മരണത്തില്‍ നടൻ കമല്‍ഹാസൻ അടക്കമുള്ളവര്‍ അനുശോചിച്ചു.

വെണ്ണിറൈ ആടൈ എന്ന ചിത്രത്തില്‍ 1965ല്‍ സി വി ശ്രീധരിന്റെ സംവിധാനത്തില്‍ ജയലളിതയുടെ നായകനായിട്ടായിരുന്നു തുടക്കം. രജനികാന്ത് ആദ്യമായി നായകനായി അഭിനയിച്ച ഭൈരവി എന്ന ചിത്രത്തിലെ വില്ലനായത് ശ്രീകാന്താണ്.  കെ ബാലചന്ദറിന്റെ ഭാമവിജയം, പൂവ തലൈയ, എതിര്‍ നീച്ചല്‍, തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ ശ്രീകാന്ത് പ്രേക്ഷകപ്രീതി നേടി. നായകൻ, വില്ലൻ, കഥാപാത്ര കഥാപാത്രങ്ങൾ എന്നിങ്ങനെ നിറഞ്ഞുനിന്ന നടനായിരുന്നു ശ്രീകാന്ത് എന്ന് നടൻ കമല്‍ഹാസൻ അനുസ്‍മരിച്ചു.

ശിവാജി ഗണേശൻ, മുത്തുരാമൻ, ശിവകുമാര്‍, രജനികാന്ത്, കമല്‍ഹാസൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് ഒപ്പം ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊമഡി റോളിലും മികവ് കാട്ടിയ ശ്രീകാന്ത് ഇരുന്നോറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തങ്കപ്പതക്കം എന്ന തന്റെ ചിത്രത്തിലെ അഭിനയത്തിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രീകാന്ത് എന്ന് സംവിധായകനും നടനുമായി മഹേന്ദ്ര പറഞ്ഞു. 1940 മാര്‍ച്ചില്‍ ജനിച്ച ശ്രീകാന്ത്  വിവിധ തലമുറകളിലെ അഭിനേതാക്കള്‍ക്കൊപ്പം വേഷമിട്ടു. ഇമേജുകള്‍ നോക്കാതെ വേറിട്ട ചിത്രങ്ങള്‍ തെരഞ്ഞെടുത്ത നടനായിരുന്നു ശ്രീകാന്ത്.
 

click me!