'ഗെയിം ഓഫ് ത്രോണ്‍സി'ലെ ഒലെന്ന ടൈറല്‍; പ്രശസ്‍ത നടി ഡയാന റിഗ് അന്തരിച്ചു

By Web TeamFirst Published Sep 10, 2020, 9:31 PM IST
Highlights

പഴയ തലമുറ ആസ്വാദകര്‍ക്ക് 1969 ജെയിംസ് ബോണ്ട് ചിത്രം 'ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രട്ട് സര്‍വ്വീസി'ലെ നായികയായിട്ടാവും ഡയാന റിഗ്ഗിനെ പരിചയമെങ്കില്‍ പുതുതലമുറയ്ക്ക് അവര്‍ 'ഗെയിം ഓഫ് ത്രോണ്‍സി'ലെ 'ഒലെന്ന ടൈറല്‍' എന്ന കഥാപാത്രമായാവും പരിചയം

സിനിമകളിലൂടെയും ടെലിവിഷന്‍ സിരീസുകളിലൂടെയും നാടകങ്ങളിലൂടെയും അഭിനയത്തില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇംഗ്ലീഷ് നടി ഡയാന റിഗ് (82) അന്തരിച്ചു. പഴയ തലമുറ ആസ്വാദകര്‍ക്ക് 1969 ജെയിംസ് ബോണ്ട് ചിത്രം 'ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രട്ട് സര്‍വ്വീസി'ലെ നായികയായിട്ടാവും ഡയാന റിഗ്ഗിനെ പരിചയമെങ്കില്‍ പുതുതലമുറയ്ക്ക് അവര്‍ 'ഗെയിം ഓഫ് ത്രോണ്‍സി'ലെ 'ഒലെന്ന ടൈറല്‍' എന്ന കഥാപാത്രമായാവും പരിചയം. ജയിംസ് ബോണ്ട് നായികമാരില്‍ നായകനെ വിവാഹം കഴിച്ച ഒരേയൊരു കഥാപാത്രവും റിഗ് അവതരിപ്പിച്ച കൗണ്ടസ് ട്രേസി ഡി വിസെന്‍സോ ആയിരുന്നു.

1938 ജൂണ്‍ 20ന് ഇംഗ്ലണ്ട് സൗത്ത് യോര്‍ക്‍ഷെയറിലെ ഡോണ്‍കാസ്റ്ററിലാണ് ജനനം. സ്‍കൂള്‍ പഠനകാലത്തുതന്നെ നാടകാഭിനയത്തോട് താല്‍പര്യം പുലര്‍ത്തിയിരുന്ന റിഗ് പിന്നീട് റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ പരിശീലനം നേടി. ബെര്‍ടോള്‍ട് ബ്രെഹ്‍തിന്‍റെ 'ദി കോക്കേഷ്യന്‍ ചോക്ക് സര്‍ക്കിളി'ലെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 1957ലാണ് നാടക അരങ്ങേറ്റം. പിന്നീട് റോയല്‍ ഷേക്സ്പിയര്‍ കമ്പനിയില്‍ അനേകം കഥാപാത്രങ്ങളെയും അഭിനന്ദനാര്‍ഹമാംവിധം അവതരിപ്പിച്ചു. 

'അവഞ്ചേഴ്‍സ്' ടെലിവിഷന്‍ സിരീസിലേക്ക് 1965ല്‍ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടത് അഭിനയജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. എമ്മ പീല്‍ എന്ന കഥാപാത്രം വലിയ പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് ജെയിംസ് ബോണ്ട് ചിത്രത്തിലേക്ക് വിളി വരുന്നത്. അഭിനയ ജീവിതത്തിന്‍റെ ഏറിയകൂറും സിരീസുകളിലും നാടകങ്ങളിലും അഭിനയിച്ച റിഗ് പതിനെട്ട് സിനിമകളിലാണ് അഭിനയിച്ചത്. പല കാലങ്ങളിലായി ബാഫ്റ്റ ടിവി അവാര്‍ഡ്, ബ്രോഡ്‍കാസ്റ്റിംഗ് പ്രസ് ഗില്‍ഡ് അവാര്‍ഡ്, ടോണി അവാര്‍ഡ്, എമ്മി അവാര്‍ഡ് എന്നിവ നേടി. ബ്ലാക്ക് നാര്‍സിസസ് എന്ന മിനി സിരീസിലും പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ലാസ്റ്റ് നൈറ്റ് ഇന്‍ സോഹോ എന്ന സിനിമയിലുമാണ് അവസാനമായി അഭിനയിച്ചത്. 

ഒരു ഇന്ത്യന്‍ ബന്ധവും കൂടിയുണ്ട് ഡയാന റിഗ്ഗിന്. അവരുടെ അച്ഛന്‍ ബികാനീര്‍ മഹാരാജാവിന്‍റെ റെയില്‍വേ എഞ്ചിനീയര്‍ ആയിരുന്നു. കുട്ടിയായിരുന്നപ്പോള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട് ഡയാന റിഗ്. ഹിന്ദി ഭാഷ സംസാരിക്കുകയും ചെയ്യുമായിരുന്നു.

click me!