'രാജ രാജ ചോളനെ ഹിന്ദു രാജാവ് ആക്കിമാറ്റുന്നു'; അസ്‍തിത്വം അപഹരിക്കപ്പെടുകയാണെന്ന് വെട്രിമാരന്‍

Published : Oct 04, 2022, 12:02 PM IST
'രാജ രാജ ചോളനെ ഹിന്ദു രാജാവ് ആക്കിമാറ്റുന്നു'; അസ്‍തിത്വം അപഹരിക്കപ്പെടുകയാണെന്ന് വെട്രിമാരന്‍

Synopsis

വിടുതലൈ ചിരുതൈകള്‍ കക്ഷി എംപി തോല്‍ തിരുമണവാളന്‍റെ 60-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍

നമ്മുടെ അസ്തിത്വം വളരെ വേഗത്തില്‍ അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തമിഴ് ചലച്ചിത്ര സംവിധായകന്‍ വെട്രിമാരന്‍. തിരുവള്ളുവരുടെ ചിത്രത്തില്‍ കാവി പുതപ്പിക്കുമ്പോഴും രാജ രാജ ചോളനെ ഒരു ഹിന്ദു രാജാവാക്കുമ്പോഴും ഇത് സംഭവിക്കുകയാണെന്നും വെട്രിമാരന്‍ പറഞ്ഞു. വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) എംപി തോല്‍ തിരുമണവാളന്‍റെ 60-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. രാജ രാജ ചോളന്‍ ഒന്നാമന്‍റെ കഥ പറയുന്ന മണി രത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ തിയറ്ററുകളിലെത്തിയതിന് ദിവസങ്ങള്‍ക്കിപ്പുറമാണ് വെട്രിമാരന്‍റെ അഭിപ്രായപ്രകടനമെന്നത് ശ്രദ്ധേയമാണ്.

ആഘോഷങ്ങളോടനുബന്ധിച്ച് ഉണരൂ, ഒത്തുചേരൂ എന്ന പേരില്‍ വിസികെ ഒരു ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്‍ററി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. സിനിമയില്‍ രാഷ്ട്രീയം ഉണ്ടാവേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച വെട്രിമാരന്‍ നിരവധി അസ്തിത്വങ്ങള്‍ സിനിമകളില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവയെ നമുക്ക് സംരക്ഷിച്ചേ തീരൂവെന്നും പറഞ്ഞു. തിരുമണവാളന്‍ തന്നിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും വെട്രിമാരന്‍ പറഞ്ഞു. "സമൂഹത്തെ ഒറ്റയ്ക്ക് മാറ്റിമറിക്കുന്ന നായകരുടെ കഥകള്‍ ഒഴിവാക്കൂ എന്ന് അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാ സംവിധായകരും ഒരേ തെറ്റ് ആവര്‍ത്തിക്കുകയാണ്. നേരെമറിച്ച് ഒരു പ്രസ്ഥാനത്തിന്‍റെ ശ്രമഫലമായി സമൂഹത്തില്‍ മാറ്റം ഉണ്ടാവുന്നുവെന്നാണ് കാണിക്കേണ്ടത്. അതാണ് കൂടുതല്‍ നല്ലത്", തിരുമണവാളന്‍ പറഞ്ഞതിനെക്കുറിച്ച് വെട്രിമാരന്‍ പറഞ്ഞു.

ALSO READ : 'മുംബൈ പൊലീസ്' തെലുങ്കില്‍; 'ഹണ്ട്' ടീസര്‍

കല എന്നത് ഉള്ളാലേ രാഷ്ട്രീയത്തെ വഹിക്കുന്നുണ്ട്. പക്ഷേ തിരുമണവാളന്‍ ഒരു പടി കൂടി കടന്നുള്ള ചിന്ത ഒരിക്കല്‍ എന്നോട് പങ്കുവച്ചു. "നമ്മുടെ അസ്തിത്വം തന്നെ രാഷ്ട്രീയപരമാണ് എന്നായിരുന്നു അത്. അറിഞ്ഞോ അറിയാതെയോ നാം ഒരു രാഷ്ട്രീയത്തെ വഹിക്കുന്നുണ്ട്. ഒരാളുടെ വസ്ത്രധാരണത്തിന്‍റെയും സംസാരത്തിന്‍റെയുമൊക്കെ രീതികള്‍ അവരുടെ ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന രാഷ്ട്രീയത്തിന്‍റെ ബഹിര്‍സ്ഫുരണമാണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് തിരുമണവാളനാണ്", വെട്രിമാരന്‍ പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ